Thursday, 2 July, 2009

സംഗീതസാന്ദ്രമായി..

ഒരു കൂട്ടം ആളുകളാണ് ആ യുവാവിനെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നത്.. പളപളാ മിന്നുന്ന വസ്ത്രം ധരിച്ച അയാളെ കണ്ടപ്പോള്‍ നര്‍ത്തകനാണോ എന്ന് തോന്നി ആദ്യം.. പക്ഷെ വായയിലൂടെ ചോര ഒലിക്കുന്ന അവസ്ഥയിലാണ് അയാളെ എന്‍റെ മുന്നിലേക്ക് കൊണ്ടു വന്നത്..

തികച്ചും ക്ഷീണിതനായിരുന്ന അയാളുടെ ചുണ്ടുകളില്‍ രക്തത്തിന്റെ പാടുകളുണ്ടായിരുന്നു.. .. ഏതോ ഒരു സ്റ്റേജില്‍ ‍ നിന്ന്‍ വസ്ത്രം പോലും മാറാതെ , ഗായകനായ അയാളെ ഹോസ്പിറ്റലിലെക്ക് കൊണ്ടു വരികയായിരുന്നു... സംസാരിക്കാന്‍ വയ്യാത്ത വിധം അവശനായിരുന്നത് കൊണ്ടും, കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാന്‍ അയാളെ പറ്റി കൂടെ വന്നവരോട് അന്വേഷിച്ചു..

അവര്‍ക്കും അയാളെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.. ഒരു ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു അയാള്‍.. പേരു ശ്രീകാന്ത്..അവന്റെ ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ സംഘാടകരായിരുന്നു അവര്‍..
ഗാനാലാപനത്തിനിടെ പെട്ടെന്ന്‍ ക്ഷീണം വരികയും ചര്‍ദിക്കുകയും ചെയ്തത്‌ കൊണ്ടായിരുന്നു എന്റെ അടുത്തെക്ക്‌ കൊണ്ട് വന്നത്...
ഞാന്‍ ശ്രീകാന്തിനെ അഡ്മിറ്റ് ‌‌ചെയ്തു..കൂടുതലൊന്നും രക്തം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു...അപ്പോഴും അയാളൊന്നും സംസാരിക്കാതെ വിദൂരതയിലേക്ക്‌ വെറുതെ നോക്കിയിരിക്കുകയായിരുന്നു...വീട്ടിലേക്ക്‌ വിളിച്ചറിയിക്കാന്‍ പറഞ്ഞിട്ട് ഞാനയാളുടെ അരികില്‍ നിന്നു പുറത്തെക്ക്‌ പോയി...അപ്പോഴും അയാള്‍ എന്നിലേക്ക്‌ ശ്രദ്ധിക്കുകയോ അതെയെന്നോ ഇല്ലെന്നോ മറുപടി പറയാതെയിരിക്കുകയായിരുന്നു...ഒന്നിനോടും താല്പര്യമില്ലാത്തത് പോലെ..അപ്പോഴും അയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ തിളക്കം എന്റെ കണ്ണുകളെ അതിശയിപ്പിക്കുന്നുണ്ടായിരുന്നു... സന്തോഷം തുടിക്കേണ്ട ആ വസ്ത്രം അയാള്‍ക്ക്‌ തീരെ ഇണങ്ങാത്തത് പോലെ..

പിറ്റേന്ന് ഞാന്‍ വാര്‍ഡില്‍ രൌണ്ട്സിനെത്ത്മ്പോള്‍ ശ്രീകാന്തിന്റെ മുഖം തലേന്നെത്തെക്കാലും സന്തോഷ ഭരിതമായിരുന്നു..എനിക്കാശ്വാസം തോന്നി, ഇയാള്‍ക്ക്‌ ചിരിക്കാനറിയാമല്ലോ....ആ സമയം അയാളുടെ കൂടെ പന്ത്രണ്ട് വയസ്സ്‌ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു...

ഡോക്ടര്‍ സോറി ഇന്നലെ ഞാന്‍ വല്ലാത്തൊരു മൂഡിലായിരുന്നു...എനിക്ക് സ്വയം ഒരു വിശ്വാസം ഇല്ലാത്തത്‌ പോലെ... അയാള്‍ ആദ്യമായി എന്നോട്‌ സംസാരിക്കുന്നത് അപ്പോഴായിരുന്നു...

അയാളുടെ ആര്‍ജവത്തില്‍ നിന്ന് തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു അയാളുടെ ക്ഷീണമെല്ലാം ഭേദപ്പെട്ടിരിക്കുന്നുവെന്നു...

സാര്‍ ഞാനിന്നു വീട്ടില്‍ പോയ്കോട്ടേ...

ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലെങ്കിലും കൂടുതല്‍ നിരീക്ഷണത്തിനായി രണ്ടു ദിവസം കൂടി ഹോസ്പിറ്റലില്‍ വിശ്രമിക്കാന്‍ ഉപദേശിച്ചു...എന്തോ, അതയാള്‍ക്ക്‌ ഇഷ്ടപ്പെടാത്തത്‌ പോലെ തോന്നി...
വാര്‍ഡിലെ മറ്റു രോഗികളെയെല്ലാം നോക്കി ഞാന്‍ പുറത്തെത്തുമ്പോള്‍ എന്നെയും കാത്ത്‌ ആ പെണ്‍കുട്ടി നില്പുണ്ടായിരുന്നു...

സാര്‍ ഏട്ടനെ ഡിസ്ചാര്‍ജ്‌ ചെയ്യരുതേ...ഏട്ടന് അസുഖം മാറീട്ടൊന്നുല്യ .....വെറും അഭിനയമാ...അവളുടെ കുഞ്ഞു നാവില്‍ നിന്ന് വലിയ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കത്ഭുതം തോന്നി...

എന്തിനാ ഏട്ടന്‍ അഭിനയിക്കണേ....അവളുടെ കൊതിയോതുക്കാത്ത മുടിയില്‍ തലോടി ഞാന്‍ ചോദിച്ചു..

അത്.....അത്...ഒരു ചെറു വിമ്മിട്ടതോടെയാണെങ്കിലും അവള്‍ പറയാന്‍ തുടങ്ങി...അവളും ചേട്ടനും അമ്മയും മാത്രമടങ്ങുന്ന ഒരു ചെറു കുടുംബമാണ് അവരുടേത്‌...പക്ഷെ അവിടെ ദാരിദ്ര്യത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല....അവള്‍ക്ക്‌ രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്...ചെറുപ്പം തൊട്ടേ ശ്രീകാന്തിന് പലവിധ അസുഖങ്ങളും ഉണ്ടായിരുന്നു....അത് കൊണ്ട തന്നെ കഠിനമായ ജോലികളൊന്നും ചെയ്യാന്‍ അയാള്‍ക്കാകുമായിരുന്നില്ല...

ഒരു ദുഃഖം നല്‍കുമ്പോള്‍ ദൈവം മറ്റൊരു സന്തോഷം നല്‍കുന്നത്‌ പോലെ, ശ്രീകാന്തിന് സംഗീതത്തോട് അതിയായ അഭിനിവേശമായിരുന്നു...ചെറുപ്പം തൊട്ടേ നാട്ടിലെ കലാ സമിതികളില്‍ പാട്ട് പാടിയും മറ്റും അയാള്‍ ഉപജീവനത്തിനുള്ള വഴി കണ്ടെത്തി..

അങ്ങനെയാണ് ശ്രീകാന്ത്‌ തരക്കേടില്ലാത്ത ആ ഗാനമേള ട്രൂപ്പിലെത്തുന്നത് ..അവിടെ പാട്ടിനനുസരിച്ചാണ് പണം നല്‍കിയിരുന്നത്‌...ഒരു പാട്ടിനു ഇത്ര എന്ന കണക്കില്‍...അത് കൊണ്ട തന്നെ തന്റെ പൂര്‍വകാല അസുഖങ്ങള്‍ മറച്ചു വെച്ച് അയാള്‍ പണത്തിനു വേണ്ടി കൂടുതല്‍ പാട്ടുകള്‍ പാടി....കേള്‍വിക്കാര്‍ക്കും അവന്റെ പാട്ടുകളോടായിരുന്നു പ്രിയം....

ഇതിനിടയില്‍ ശ്രീകാന്ത്‌ ഡിഗ്രീ വരെ പഠിച്ചു....ഈ കാലത്ത്‌ ഒരു ഡിഗ്രീക്കാരന് എന്ത് ജോലി ലഭിക്കാന്‍....അത് കൊണ്ട തന്നെ അവന്‍ തന്റെ മുഴുവന്‍ ശ്രദ്ധയും സംഗീതത്തിലേക്ക് തിരിച്ചു വിട്ടു..

ഡോക്ടര്ക്കറിയോ കഴിഞ്ഞ വര്‍ഷവും ഏട്ടന് ഇങ്ങനത്തെ അസുഖമുണ്ടായിരുന്നു....കുറച്ചു കാലത്തേക്ക് പാടരുതെന്ന് ഡോക്ടര്‍ പറഞ്ഞതായിരുന്നു..പക്ഷെ ഡിസ്ചാര്‍ജ്‌ ചെയ്ത പിറ്റേന്ന് തന്നെ ഏട്ടന്‍‍ പാടാന്‍ പോയി....

എന്തെ മോള് മാത്രം ആശുപത്രീല്‍ വന്നു...അമ്മയെവിടെ? ഞാന്‍ ചോദിച്ചു.
അമ്മക്ക്‌ അങ്ങനെ അധികം പുറത്തേക്ക് പോകാനൊന്നും പറ്റില്ല...അമ്മയ്ക്കും കുറെ വയ്യായ്കയുണ്ട്..
‌ ‌
ഈ കുരുന്നു പ്രായത്തില്‍ തന്നെ ആ ഇളം മനസ്സ്‌ ജീവിതത്തെ എത്ര തീവ്രമായി കാണുന്നു...എല്ലാറ്റിനും അവള്‍ക്ക്‌ മറുപടികളുണ്ടായിരുന്നു...
എന്താ മോളുടെ പേര് ഞാന്‍ ചോദിച്ചു..

ആതിര പക്ഷെ എല്ലാരും എന്നെ അമ്മു‌ന്നാ വിളിക്ക്യാ..

ഡോക്ടറെ അതോണ്ട് ഏട്ടനെ പെട്ടെന്നൊന്നും ഡിസ്ചാര്‍ജ്‌ ചെയ്യരുതേ..അവളുടെ അപേക്ഷാ സ്വരം എന്നെ വല്ലാതെ സ്പര്‍ശിച്ചു..പിറ്റേന്ന് ഞാന്‍ കാണുമ്പോള്‍ ശ്രീകാന്ത്‌ തികച്ചും അസ്വസ്ഥനായിരുന്നു...

ഡോക്ടറെ എന്നെ ഡിസ്ചാര്‍ജ്‌ ചെയ്യ്‌..എനിക്കിപ്പോ അസുഖമൊന്നും ഇല്ലാലോ..എനിക്ക് വീട്ടില്‍ പോണം...ഇവിടെ കുറെ ദിവസം കിടത്തി കൂടുതല്‍ കാശ്‌ വാങ്ങിക്കാനാല്ലെ? അതങ്ങ മനസ്സില്‍ വെച്ചാ മതി....

രണ്ടു ദിവസവും കൂടി നിര്‍ബന്ധമായും ഇവിടെ കിടന്നെ പറ്റൂ ‌ എന്നെ എന്റെ താക്കീതിനു മുന്നില്‍ അയാളൊന്നു അടങ്ങിയത്‌ പോലെ...അമ്മുവിന്റെ കണ്ണുകളില്‍ അപ്പോഴും ആ അപേക്ഷാ സ്വരം നിറഞ്ഞ നില്‍കുന്നുണ്ടായിരുന്നു...

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും ഡ്യൂട്ടി നേഴ്സ്‌ വന്നാണ് എന്നോട്‌ ആ വിവരം പറഞ്ഞത്...ശ്രീകാന്ത്‌ തന്റെ സഹോദരിയെയും കൂട്ടി ആശുപത്രീന്ന് ഇറങ്ങിപ്പോയി... വാര്‍ഡിലെ അറ്റണ്ടര്‍മാരും മറ്റും തടയാന്‍ ശ്രമിച്ചെങ്കിലും , അവരുടെ വാക്കുകള്‍ക്കൊന്നും വില കൊടുക്കാതെ ശ്രീകാന്ത്‌ പുറത്തെക്ക്‌ പോയി...

എനിക്ക് വല്ലാത്ത സങ്കടം തോന്നി...കാരണം അവന്റെ മനസ്സിലുള്ളത്‌ എന്താണെന്ന് എനിക്കറിയാമായിരുന്നല്ലോ...അവനൊന്നും സംഭവിക്കരുതെയെന്നു ഞാന്‍ ദൈവത്തോട് അപേക്ഷിച്ചു ...

ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു...ഒരു ദിവസം രാവിലെ ന്യൂസ്‌ പേപ്പര്‍ വായിക്കുമ്പോഴാണ് ആ വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടത്‌ ‌..
ഗാനമേളക്കിടെ ഗായകന്‍ കുഴഞ്ഞു വീണു മരിച്ചു...ശ്രീകാന്ത്‌ മുപ്പതു വയസ്സ്‌... കൂടെ അവന്റെ ഫോട്ടോയുമുണ്ടായിരുന്നു...

എനിക്ക് വല്ലാത്ത നിരാശ തോന്നി...കൈപിടിയിലൊതുക്കാമായിരുന്ന ഒരു ജീവിതം കൈ വിട്ടത്‌ പോലെ...അവനു ശേഷം ആ അമ്മയ്ക്കും പെണ്‍കുട്ടിക്കും തുണയായി ആരാണുണ്ടാവുക...ഇനി അവര്‍ എങ്ങനെ ജീവിക്കും...

ഒരിക്കല്‍ പോലും കേട്ടിട്ടില്ലെങ്കിലും അവന്റെ പാട്ടിന്റെ മാധുര്യം എനിക്ക് അനുഭവിക്കാന്‍ കഴിയുന്നത് പോലെ...കാരണം അവനതൊരിക്കലും ഒരു വിനോദമായിരുന്നില്ല...ജീവിതത്തിന്റെ വികൃതിത്തരങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവനു സംഗീതം മാത്രമായിരുന്നു കൂട്ട്.. പാട്ടിന്‍റെ താളത്തില്‍, ജീവിതത്തിന്റെ സംഗീതം പാതി വഴിയില്‍ ഉപേക്ഷിച്ച് അവന്‍ ശുദ്ധ സംഗീതം തേടി യാത്രയായി...