Tuesday, 26 February, 2008

ഖിലാഫത്തിന്റെ സ്മരണയില്‍ ...

മൂസാക്കാക്ക് ഏകദേശം എണ്‍പത് വയസ്സിനടുത്ത പ്രായമുണ്ടായിരുന്നു ..അദ്ദേഹത്തിന് തന്റെ യഥാര്‍ത്ഥ വയസ്സൊന്നും അറിയില്ലായിരുന്നു ..പണ്ട് ഖിലാഫത്തിന്റെ സമയത്ത്‌ അദ്ദേഹത്തെയും ഒക്കത്തേറ്റി ഉമ്മ ഒളിച്ചു താമസിച്ച കഥ എന്നോട് പറഞ്ഞിരുന്നു ..അതില്‍ നിന്നായിരിക്കാം മൂസാക്കയുടെ വയസ്സ് അറ്റന്‍ഡര്‍ കുറിപ്പടിയില്‍ എഴുതിയത് ..

മൂസാക്കാക്ക് കാര്യമായ അസുഖങ്ങളൊന്നും അത് വരെ ഉണ്ടായിരുന്നില്ല ..വായയിലെ മിക്ക പല്ലുകളും അധികം കേടു കൂടാതെ ശേഷിച്ചിരുന്നു ..ചുണ്ടിലും പല്ലിലും ബീഡിയുടെ കറകള്‍ അടിഞ്ഞു കൂടിയിരുന്നുവേന്കിലും ..

ഒരു വൈകുന്നേരമാണ് അദ്ദേഹം എന്റെ ഓ.പി യില്‍ വന്നത്........കണ്ട പാടെ തന്നെ , പണ്ടെന്നോ പരിചയമുള്ളത് പോലെ സംസാരിക്കാന്‍ തുടങ്ങി ..യാതൊരു അപരിചിതത്തവും തോന്നിയിരുന്നില്ല ..

ന്റെ മാനേ ..കൊരചീസായി ഇച്ച് ഭയന്കര സീനോം കേതപ്പും ..സാസോം കിട്നില്ല ..ഇജോന്ന്‍ നോക്കിയെന്നെ ..

തനി മലപ്പുറം ശൈലിയില്‍ അദ്ദേഹമെന്നോട് സംസാരിക്കാന്‍ തുടങ്ങി ..ആദ്യം ഞാന്‍ കരുതി ,അസുഖം പ്രായത്തിന്റെ അവശതയായിരിക്കുമെന്നു ..പക്ഷെ കൂടുതല്‍ പരോശോധിച്ചപ്പോള്‍ എനിക്കൊരു സംശയം ..ഹൃദയ താളങ്ങള്‍ ക്രമം തെറ്റുന്നുവോ ..സ്റെതസ്കൊപിലൂടെ താള ക്രമത്തിന്റെ ആദ്യ സൂചനകള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു ..നാഡി മിടിപ്പില്‍ രക്താതിസമ്മര്‍ദത്തിനെറ സൂചനകളുണ്ടായിരുന്നു ..ഹൃദയ രക്ത ധമനികളില്‍ ഏതെങ്കിലും ഒന്നില്‍ രക്തം കട്ട പിടിച്ചതാവാം ..അത് രക്തത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നില്കുന്നുവോ ???

കൂടുതല്‍ വിശദമായ പരിശോധനക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തെ അഡ്മിട്ട് ചെയ്തു ..വൈകുന്നേരം വാര്‍ഡിലെ റൌണ്ട്സിനു ചെല്ലുമ്പോള്‍ എന്റെ കയ്യില്‍ വിശദമായ ലാബ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു ..ആ റിപ്പോര്‍ട്ട് എന്റെ സംശയങ്ങളെ അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ..രക്ത ധമനിയില്‍ തടസ്സം ..ആ സമയം അയാളുടെ കൂടെ അദ്ദേഹത്തിന്റെ മകന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ ..ഹൃദയം പതിയെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാത്തിരിക്കുകയാണ് ..

ഈ മനുഷ്യനോട് ഞാനതെങ്ങനെ പറയും ..ജീവിതത്തിന്റെ സായം സന്ധൃയില്‍ ,എല്ലാ ഭാരങ്ങളും ചുമലില്‍ നിന്ന്‍ ഇറക്കി വെക്കേണ്ട ഈ സമയത്ത് , ഈ ഭാരവും കൂടി ..എനിക്കെന്തോ വല്ലായ്മ തോന്നി ..ചിലപ്പോ ഞാനത് പറയുന്ന ഷോക്കില്‍ തന്നെ ജീവിതം തീര്‍ന്നെക്കാം ..

ഞാന്‍ അദ്ദേഹത്തിന്റെ ബെഡിന്നരികില്‍ ഇരുന്നു ..അപ്പോഴും ആ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..ജീവിതത്തിലെ വിജയ പരാജയങ്ങള്‍ അറിഞ്ഞ ആ മനസ്സ് ..സ്നേഹത്തിന്റെ പ്രതീകങ്ങളായി മക്കളെയും പേരമക്കളെയും അവരുടെ മക്കളെയും താലോലിച്ച കൈകള്‍ ..

ലാകട്ടരെ ങ്ങക്ക് ഖിലാഫത് അറിയ്യോ ???

മൂസാക്ക ജീവിതത്തിന്റെ കെട്ടഴിക്കാന്‍ തുടങ്ങുകയായിരുന്നു ..വാര്‍ഡിലെ അവസാന പേഷൃന്‍റ് ആയത് കൊണ്ടും ,വലിയ തിരക്കൊന്നുമില്ലാതത് കൊണ്ടും ഞാന്‍ ആ ജീവിതത്തിന് വേണ്ടി കാതോര്‍ത്തു ..അദ്ദേഹം പറയാന്‍ തുടങ്ങി ..ഖിലാഫത് സമരത്തെ കുറിച്ച് ..സ്വാതന്ത്രത്തിനു വേണ്ടി പട പൊരുതിയതിനെ കുറിച്ച് ..

ഖിലാഫത്ത് സമരം നടക്കുമ്പോള്‍ മൂസാക്ക ഒരു കൈകുഞ്ഞായിരുന്നു ..അദ്ദേഹത്തിന്റെ പിതാവ് ഒരു നാട്ടു പ്രമാണിയും ബ്രിട്ടീഷ് വിരോധിയുമായിരുന്നു ..അന്ന് ,പിതാവിനെ ബ്രിട്ടീഷുകാര്‍ പിടിച്ച് കൊണ്ട് പോയി ജയിലിലടച്ചപ്പോള്‍ ,മൂസാക്കാന്റെ ഉമ്മാക്ക് വേറെ വഴിയുണ്ടായിരുന്നില്ല ..വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ ബ്രിട്ടീഷ് പട്ടാളം അനുവദിച്ചില്ല ..കുന്നും മലകളും മറയാക്കി അവര്‍ തന്റെയും തന്റെ കുഞ്ഞിന്റെയും ജീവിതം രക്ഷപ്പെടുത്തി ..

കൌമരത്തിലേക്ക് കടന്നപ്പോള്‍ തന്നെ ഉമ്മയും തന്നെ വിട്ടുപോയെന്നു പറയുമ്പോള്‍ ആ കണ്ണുകളില്‍ നിന്നു ഒരു തുള്ളി കണ്ണ് നീര്‍ അടര്‍ന്നു വീണു ..എങ്കിലും ജീവിതത്തോട് തോല്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല ..തന്റെ പിതാവിന്റെ ജീവനെടുത്ത ബ്രിട്ടീഷ് പട്ടളത്തോട് അടക്കാനാവാത്ത പ്രതികാരം ജ്വലിച്ചു കൊണ്ടിരുന്നു ..

ജന്മിയുടെ കൃഷിയിടങ്ങളില്‍ ചോര നീരാക്കി പണിയെടുത്ത് ജീവിതം മുന്നോട്ട് പോകുമ്പോഴാണ് സ്വാതന്ത്ര സമരത്തിന്റെ തീ ചൂളയിലേക്ക് നടന്നടുത്തത് ..മഹാത്മാ ഗാന്ധിയെ തന്റെ കണ്ണുകള്‍ കൊണ്ട് കണ്ടത് വിവരിക്കുമ്പോള്‍ എനിക്കും ഒരുല്കിടിലമുണ്ടായി ..രാജ്യത്തിന് വേണ്ടി സമരം ചെയ്ത ധീര യോദ്ധാക്കളുടെ ജീവിതം ആ മനുഷ്യന്‍ പറയുമ്പോള്‍ ,തന്റെ അസുഖത്തിന്റെ യാതൊരു ലക്ഷണവും ഞാനയാളില്‍ കണ്ടില്ല ..എങ്കിലും, ഒരുപാട് സംസാരിച്ചത് കൊണ്ടാവാം ,അയാള്‍ ചുമക്കാന്‍ തുടങ്ങിയിരുന്നു ..എന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു മുന്നില്‍ ,കഥകള്‍ പിന്നീട് പറയാമെന്നു അയാള്‍ സമ്മതിച്ചു ..

വാര്‍ഡ് വിട്ട പോകാന്‍ നേരം ഞാന്‍ അദ്ദേഹത്തിന്റെ മകനെ റൂമിലേക്ക് വിളിപ്പിച്ചു ..യഥാര്‍ത്ഥ അവസ്ഥയും ചികിത്സാ രീതികളെ കുറിച്ചും ഞാനയാളെ പറഞ്ഞ് മനസ്സിലാക്കി ..പക്ഷെ ഈ വാര്‍ധക്യത്തിന്റെ അവശതയില്‍ ചികിത്സയുടെ പുരോഗതിയെ കുറിച്ച് എനിക്ക് ആശന്കയുണ്ടായിരുന്നു ..ഒന്നും പറയാതെ അയാള്‍ എന്റെ മുന്നില്‍ നിന്നു എണീറ്റു പുറത്തേക്ക് പോയി ..കാരണം എനിക്ക് ഊഹിക്കാനാകുമായിരുന്നു ..സാമ്പത്തിക ഞെരുക്കം കാരണം പല രോഗികളുടെ ബന്ധുക്കളും ഇങ്ങനെ ഇറങ്ങി പോകുന്നത് ഞാന്‍ നോക്കി നില്കേണ്ടി വന്നിട്ടുണ്ട് ..അല്ലെങ്കിലും മെഡിക്കല്‍ കോളേജിലെ ഭൂരിഭാഗം രോഗികളും പാവപ്പെട്ടവരാണല്ലോ ..

പിറ്റേന്നു ഞാന്‍ റൌണ്ട്സിനു ചെല്ലുമ്പോള്‍ മൂസാക്ക ബെഡില്‍ ഇരിക്കുകയായിരുന്നു ..രോഗം കുറച്ച് ഭേദപ്പെട്ടത് പോലെ ..

മാനേ ..ന്റെര്ത് ബല്യ പൈസോന്നും ഇട്ക്കാനില്ല ..ബല്യ കൊനക്കൊടൊക്കെ ആണേല്‍ മ്മക്ക് പിന്നെത്തെം കാട്ടാം ..പ്പം മ്മല്‍ പെരെക്കോട്ടേ ...

ഡിസ്ചാര്‍ജ് ചെയ്യാന്‍ വേണ്ടി അയാള്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു ..ആ മകന്‍ എല്ലാം അയാളോട് തുറന്ന പറഞ്ഞിട്ടുണ്ടാവുമെന്നു ഞാന്‍ ഊഹുച്ചു ..അല്ലെങ്കിലും ഒന്നും മറച്ചു വെക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് എനിക്കും തോന്നി ..ഞാന്‍ ഡിസ്ചാര്‍ജ് ഷീറ്റ് എഴുതി കൊടുത്തു ..

മൂന്നു നാല്‌ ദിവസങ്ങള്‍ കഴിഞ്ഞു കാണും ..ഏകദേശം രാത്രി രണ്ടു മണിക്ക് ,ഫോണിന്റെ ശബ്ദം കേട്ടാണ്‌ ഞാനുനര്‍ന്നത് ..

സാര്‍ .,ഹോസ്പിറ്റലീന്നാ ..എത്രെയും പെട്ടെന്ന് ഇവിടെ വരെ ഒന്നു വരണം ..ഒരു രോഗിയെ കൊണ്ടു വന്നിട്ടുണ്ട് ..സാറിനെ തന്നെ കാണണമെന്നു പറയുന്നു ..ഒരു മൂസ ..

ഹോസ്പിറ്റലില്‍ നിന്ന ഡ്യൂട്ടി നഴ്സിന്റെ വിളിയാണ് ..

എന്റെ മനസ്സില്‍ പെട്ടെന്ന് തന്നെ ആ മുഖം തെളിഞ്ഞു ..ഞാന്‍ വേഗം തന്നെ ഹോസ്പിററലിലെത്തി ...പക്ഷെ അപ്പോഴേക്കും ആ ജീവന്റെ അവസാന ശ്വാസവും കഴിഞ്ഞിരിന്നു ..

എന്നെ അവസാനമായി കാണാന്‍ ആഗ്രഹിച്ച ആ മനുഷ്യന്റെ അടഞ്ഞ കണ്ണുകള്‍ ..പറഞ്ഞു തീരാതെ പോയ പഴയ കാലത്തിന്റെ ഓര്‍മകള്‍ ..ഗാന്ധിയുടെയും നെഹ്രുവിന്റെയും ധീരോജ്ജലമായ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ ..പറയാതെ ,തീര്‍ത്ത് പറയാതെ മൂസാക്ക ജീവിതത്തോട് വിട പറഞ്ഞു ..എന്റെ കയ്യില്‍ നിന്നു എന്തോ ഊര്‍ന്നിറങ്ങിയത് പോലെ ..

Sunday, 24 February, 2008

ഗീതയുടെ കണ്ണുനീര്‍ ..

കണ്ണീരോട് കൂടിയാണ് ഗീത എന്ന ആ വീട്ടമ്മ എന്നെ കാണാനെത്തിയത് ..എന്റെ കണ്സള്‍ട്ടിങ് റൂമിലേക്ക് പ്രവേശിച്ചത് മുതല്‍ അവര്‍ കരഞ്ഞു കൊണ്ടേയിരുന്നു ..ഏകദേശം നാല്‍പത് വയസ്സിനടുത്ത പ്രായം ..ആഡ്യത്തം തുളുമ്പുന്ന മുഖം ..പക്ഷെ അവളുടുത്ത കോട്ടണ്‍ സാരിയില്‍ ദാരിദ്രത്തിന്റെ നിഴല്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ടായിരുന്നു ..

അടുത്തുള്ള ഒരു ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതാണ് ..ഇടത്തെ സ്തനത്തില്‍ അവിചാരിതമായി കണ്ട ഒരു മുഴ ..അത് മാത്രമേ അവര്‍ക്ക് പ്രശ്നമുണ്ടായിരുന്നുളളൂ ..രണ്ടു മാസങ്ങള്‍ക്ക് മുമ്പെ ശ്രദ്ധിച്ചിരിരുന്നെന്കിലും വേദനയോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തത് കാരണം ഗീത ഒരു ഡോക്ടറെയും കാണിച്ചിരുന്നില്ല ..സ്വന്തം വീട്ടുകാരോടു പോലും പറഞ്ഞതുമില്ല ..

പക്ഷെ ദിവസം കഴിയുംതോറും മുഴയുടെ വലിപ്പം കൂടുന്നുണ്ടോ എന്നൊരു സംശയം ..അവള്‍ അത് തന്റെ ഭര്‍ത്താവിനോട് പറഞ്ഞു ..ഇത്രയും കാലം ഒളിപ്പിച്ചു വെച്ചതിനു അയാള്‍ ശകാരിച്ചുവേന്കിലും പിറ്റേന്നു തന്നെ ഒരു ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചു ..മുഴ കണ്ടപ്പോള്‍ തന്നെ അര്‍ബുദമാണോ എന്ന് സംശയം തോന്നിയത് കൊണ്ടാവാം ആ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് ..ഞാന്‍ ഗീതയെ വിശദമായി പരിശോധിച്ചു ..ഇടത്തെ സ്തനത്തില്‍ ഏകദേശം എട്ടു സെ . മീ വലിപ്പം വരുന്ന ഒരു മുഴ ..പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു ..ഇത്ര വലുതായിട്ടും അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെക്കൊന്നും വ്യാപിച്ചിരുന്നില്ല ..സാധാരണ സ്തനാര്‍ബുദം പെട്ടെന്ന് തന്നെ കക്ഷത്തിലേക്കും അവിടെ നിന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാറാണ് പതിവ് ..

സ്തനാര്‍ബുദം പെട്ടെന്ന് തന്നെ ലിംഫ് ഗ്രന്ധി വഴി കക്ഷത്തിലെ ലിംഫ് നോഡുകളിലെക്കു വ്യാപിക്കും ..അവിടെ നിന്നു ശരീരത്തിന്റെ ഏത് ഭാഗത്തേക്കും പ്രത്യേകിച്ച് ശ്വാസകോശം, കരള്‍ എന്നിവയെ അര്‍ബുദത്തിന്റെ കോശങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങും ..അത് കൊണ്ട് തന്നെ രോഗം കൃത്യമായി കണ്ടെത്തി ചികിത്സിക്കുന്നതിലാണ് ഒരു ഡോക്ടറുടെ വിജയം ..

പരിശോധന പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ ഗീത തന്റെ ജീവിതത്തെ പറ്റി പറയാന്‍ തുടങ്ങിയിരുന്നു ..ഒരു ദരിദ്ര കുടുംബത്തിലെ മൂത്ത മകളായിരുന്നു ഗീത ..അത് കൊണ്ട് തന്നെ ചെറുപ്പം തൊട്ടേ ആ വീടിന്റെ ഭാരം അവളുടെ ചുമലിലുണ്ടായിരുന്നു ..അനിയന്മാരെയും അനിയത്തിമാരെയും ജീവിതത്തിന്റെ ഒരു കരക്ക്‌ അടുപിച്ചപ്പോഴേക്കും വിവാഹ പ്രായമെല്ലാം കഴിഞ്ഞിരുന്നു ..

വളരെ വൈകിയാണെന്കിലും ഗീതയുടെ ജീവിതത്തിലേക്കും ഒരു പുരുഷന്‍ കടന്നു വന്നു ..സോമന്‍ ..സോമന്റെ ആദ്യ ഭാര്യ പ്രസവാനന്തരം അമിത രക്ത സ്രാവം മൂലം മരണമടയുകയായിരുന്നു ...തന്റെ ചോരകുഞ്ഞിനെ നോക്കാന്‍ സോമനു വേറെ വിവാഹം കഴിക്കുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല ..

വളര പ്രതീക്ഷകളോട് കൂടിയാണ് ഗീത സോമന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ..സോമനും നല്ലവനായിരുന്നു ..അവരുടെ ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് കാന്‍സറിന്റെ നിഴല്‍ അവരുടെ ജീവിതത്തിലേക്ക് പതിയുന്നത് ..

സാര്‍ എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ ??? ചെറുപ്പം തൊട്ടേ ഞാനെന്നും
പ്രശ്നങ്ങള്‍ക്ക് നടുവിലായിരുന്നു ..


വാചകം പൂര്‍്ത്തിയാക്കാന്‍ കഴിഞ്ഞില്ല ഗീതക്ക് ..കണ്ണീര്‍ കവിള്‍്തടത്തിലൂടെ ഒഴുകുന്നുണ്ടായിരുന്നു ..അവളുടെ ഏങ്ങലടികള്‍ എന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ..
ഞാന്‍ ഗീതയെ ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെക്ക് റഫര്‍ ചെയ്തു ..എന്റെ മുന്നിലെ കസേരയില്‍ നിന്ന്‍ ആ സ്ത്രീ എണീക്കുമ്പോള്‍ തോരാതെ പെയ്യുന്ന കണ്ണൂനീര്‍ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു ..

വൈകീട്ട് റൌണ്ട്സ് കഴിഞ്ഞ ശേഷം ഞാന്‍ ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെക്ക് ചെന്നു ..ഗീതയുടെ കേസ് ഹിസ്ടരി വെറുതേ മറിച്ച് നോക്കി ..രോഗം സ്തനാര്‍ബുദമാണന്നു സ്ഥിരീകരികുന്ന റിപ്പോര്‍ട്ടും അതിലുണ്ടായിരുന്നു ..പക്ഷെ ക്ലിനിക്കല്‍ പരിശോധനയില്‍ തെളിയാത്തത് ലിംഫ് നോട് ബയോപ്സിയില്‍ കാണാനുണ്ടായിരുന്നു ...അര്‍ബുദം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു ...

ദൈവമേ പ്രശ്നങ്ങളൊന്നും ഉണ്ടാവരുതേ എന്ന് ഞാന്‍ ഗീതക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു ..
എല്ലാ ഡോക്ടര്‍മാരും തിരിച്ചറിയുന്നു ...ദൈവമാണ് മഹാ വൈദ്യന്‍ ..പ്രതീക്ഷകളില്ലാത്ത പല കേസുകളും സുഖപ്പെട്ടു സന്തോഷത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് പോകുന്നത് നോക്കി നില്കേണ്ടി വന്നിട്ടുണ്ട് ... നേര്‍ വിപരീതമായി ചെറിയ പനിയുമായി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് കൂപ്പു കുത്തുന്ന ദാരുണമായ കാഴ്ചയും കാണേണ്ടി വന്നിട്ടുണ്ട്...

അടിയന്തിരമായി ഗീതക്ക് സര്‍ജറി നിര്‍ദേശിച്ചു ..അപ്പോഴേക്കും അവളുടെ ഭര്‍ത്താവും അവിടെയെത്തിയിരുന്നു ...

സാര്‍ ഇവളെയെങ്കിലും എനിക്ക് തിരിച്ച് തരണം ..എനിക്ക് ഇനി വയ്യ ഡോക്ടര്‍ ..ഒരു മധ്യ വയസ്കന്റെ യാതൊരു പക്വതയും ആ സമയത്ത് അയാളില്‍ കാണാന്‍ കഴിഞ്ഞില്ല ..

രണ്ടു മൂന്നു ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി ..രോഗികളുടെ തിരക്ക് കാരണം ആ ദിവസങ്ങളിലൊന്നും എനിക്ക് ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെക്ക് പോകാന്‍ കഴിഞ്ഞില്ല ..
വീണ്ടും ഞാന്‍ വാര്‍ഡിലെത്തുമ്പോള്‍, ഗീത എന്നെ നോക്കി പുന്‍ചിരിക്കുന്നുണ്ടായിരുന്നു ..
സാര്‍ ....അവളെന്തോ എന്നോട് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു ..പിന്നീടെന്തോ , ഒന്നും വേണ്ടാ എന്ന തോന്നലില്‍ അവള്‍ തന്റെ വാക്കുകള്‍ തിരിച്ചെടുത്തു ..

അവളുടെ ഇടത്തെ സ്തനം പൂര്‍ണമായും എടുത്തു മാറ്റിയിരുന്നു ..അര്‍ബുദത്തിന്റെ കോശങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാന്‍ ..വില കൂടിയ മരുന്നുകള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല ..ഞാനും എനിക്ക് കഴിയുന്ന രീതിയില്‍ അവരെ സഹായിക്കുന്നുണ്ടായിരുന്നു ..അവരൊന്നും ആവശ്യപെട്ടില്ലെന്കില്‍ പോലും ...

ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ നേരം അവരെന്നെ കാണാന്‍ വന്നു ..സോമന്റെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം കാണാന്‍ കഴിയുന്നുണ്ടായിരുന്നു ..ആശുപത്രികള്‍ ഒരു പേടി സ്വപ്നമായ അയാള്‍ക്ക് ഇത്തിരിയെന്കിലും ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവല്ലോ ... എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ..ഗീതയുട കണ്ണീര്‍ കലരാത്ത ഭംഗിയുള്ള കണ്ണുകള്‍ ആദ്യമായി ഞാനന്ന് കണ്ടു ..ആ കണ്ണുകളില്‍ നന്ദിയുടെ നൂറു നൂറു വാക്കുകളുണ്ടായിരുന്നു ..ആ മുഖത്ത് ദൈവത്തിനോട് പറയാന്‍ ഒരായിരം കാര്യങ്ങളുണ്ടായിരുന്നു ..ആ നിമിഷം ദൈവം അവരെ അനുഗ്രഹിക്കുന്നുണ്ടായിരിക്കാം ....

Wednesday, 20 February, 2008

വിജയം ...

എന്റെ പ്രിയ സുഹൃത്ത് ഡോ :അബ്ദുള്‍ ജലീല്‍ എഴുതിയ ഒരു ചെറിയ കവിത നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പികുന്നു .....

വിജയം ...

വിജയത്തിന്റെ പതിവു രീതിയിലുള്ള പ്രയാണത്തില്‍

പരാജയം ഒരു ശത്രുവിനെ പോലെ കടിഞ്ഞാണിട്ടു ..

സ്തംഭനം കേട്ട മാതിരി ഹൃദയം നടുങ്ങിയോ ..

തലകുള്ളില്‍ ഇരുട്ട ഇരച്ചു കയറിയോ ..

രക്തയോട്ടം ഒരു നിമിഷം നിലച്ചുവോ ..

എന്റെ അവയവങ്ങള്‍ തളര്‍ന്നുവോ ..

അശ്രുകണങ്ങള്‍ ധാരയായി ഒഴുകി ..

പരാജയത്തിന്റെ മാധുര്യം മനസ്സിനെ തഴുകി ..

മറ്റുള്ളവരുടെ മുന്നില്‍ പരിഹാസപാത്രമാകാതെ ..

ഒരു സത്യം മറക്കാന്‍ ഒരുപാട് കളവുകള്‍ ..

നിശ്ചയം തളരില്ല .തളരാന്‍ എനിക്കാവില്ല ..

ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്ത്തെഴുനെട്ടു ..

മനസ്സു സ്വമേധയാ എന്നെ നിയന്ത്രിച്ചു ..

മാതാവിന്റെ വാക്കുകള്‍ മുന്നോട്ട് നയിച്ചു ..

വീണ്ടും ചരിത്രം കുറിക്കാന്‍ പട നയിച്ചു ..

വിജയം അതെനിക്ക് പതിവുള്ളതല്ലേ !

Tuesday, 19 February, 2008

ഭര്‍ത്താവിനു വേണ്ടി ...

ഞാന്‍ അന്ന് ഗൈനക്കൊളജി വാര്‍ഡിലായിരുന്നു .. പൊതുവ്വെ അവിടെ പുരുഷ ഡോക്ടര്‍മാര്‍ക്ക്‌ അധികം ജോലിയൊന്നും ഉണ്ടാവില്ല...ഒടു മിക്ക സ്ത്രീകളും തങ്ങളുടെ സ്വകാര്യത ഒരു പുരുഷ ഡോക്ടറുടെ മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹികില്ല ..അത് കൊണ്ടു തന്നെ അബോധാവസ്തയിലോ എവിടെ നിന്നെങ്കിലും റഫര്‍ ചെയ്തതോ ആയ കേസുകളാണ് പലപ്പോഴും അറ്റന്‍ഡ് ചെയ്യേണ്ടി വരിക ...

ഞാന്‍ ഇന്നും വ്യക്തമായി ഓര്‍കുന്നു ..അന്നൊരു തിന്കളാഴ്ച ആയിരുന്നു ...തലേന്നത്തെ ഒഴിവ് ദിനത്തിന്റെ ആലസ്യം വിട്ടു മാറിയിട്ടുനടായിരുന്നില്ല ..പക്ഷെ സത്യത്തില്‍ ഒരു ഡോക്ടര്‍ക്ക് അങ്ങനെ പറയത്തക്ക അവധി ദിവസങ്ങളൊന്നും ഉണ്ടാവില്ല ..സീരിയസായ പല കേസുകളുമാവും മിക്കപ്പോഴും നമ്മെ തേടിയെത്തുന്നത് ...പ്രത്യേകിച്ചും ഒരു മെഡിക്കല്‍ കോളേജില്‍ ...

മെഡിക്കല്‍ കോളേജുകള്‍ എന്നും പാവപെട്ടവരുടെ അവസാന ആശ്രയമാണ് ...അവര്‍ക്കു കൂണ് പോലെ മുളച്ച് പൊങ്ങുന്ന ഫൈവ് സ്റ്റാര്‍ സ്വകാര്യ ഹോസ്പിട്ടലുകളുടെ ബില്ലുകള്‍ താങ്ങാന്‍ കഴിയില്ലലോ ..
ആ ദിവസം ഉച്ച കഴിഞ്ഞ നേരം ..ഓ . പിയില്‍ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല ...അപ്പോഴാണ് ആ ദബതികള് എന്റെ കണ്സള്‍ട്ടിങ് റൂമിലേക്ക് വന്നത് ...ഏകദേശം മുപ്പതിനോട് അടുത്ത പ്രായം ..പക്ഷെ അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു നിരാശാബോധമുണ്ടായിരുന്നു ..

ഞാനവരോട് ഇരിക്കാന്‍ പറഞ്ഞു ..പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കിയ ശേഷം അവര്‍ എന്റെ മുന്നിലുള്ള കസേരയില്‍ ഇരുന്നു ..

എന്തെങ്കിലും സംസാരികുന്നതിനു മുമ്പു തന്നെ അവര്‍ കയ്യിലുള്ള ഫയല്‍ എന്റെ മുന്നിലേക്ക് നീട്ടിയിരുന്നു ..സംസാരിക്കാന്‍ താല്പര്യമില്ലാത്തത് പോലെ ..പ്രശസ്തമായ ഒരു വന്ധ്യത ക്ലിനിക്കില്‍ നിന്നുള്ള ഫയലാണ്‌ ..രാമനും ലളിതയും ..(യഥാര്ത്ഥ പേരല്ല ) ..വിവാഹം കഴിഞ്ഞിട്ടു പത്ത് വര്ഷമായി ..ഇതു വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല ..ഫയലില്‍ എല്ലാം രേഖപ്പെടുത്തിയിരുന്നു ..ഇനിയൊരു ടെസ്റ്റും ചെയ്യാന്‍ ബാക്കിയില്ല ..സ്ഥിരമായ വന്ദ്യതയാണ് ..ചികിത്സിച്ച് മാറ്റുവാന്‍ കഴിയില്ല ..

കുഴപ്പം രാമനായിരുന്നു ..ഒരു സാധാരണ കൂലിത്തൊഴിലാളി ആയിരുന്നു അയാള്‍ ..പക്ഷെ ഭാര്യയെ സ്വന്തം ജീവനെക്കാളുമധികം അയാള്‍ സ്നേഹിച്ചു ..രാമന്റെ ബീജത്തിന്റെ അളവ് കുറവായിരുന്നു ..ഒരു കുഞ്ഞു ഉണ്ടാവാനുള്ള ചാന്‍സ് ഒരു ശതമാനം പോലും ഉണ്ടായിരുന്നില്ല ..

ഞാന്‍ എല്ലാം അവരോട് തുറന്നു പറഞ്ഞു ..എന്റെ മുന്നില്‍ ആ മനുഷ്യന്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു ..പക്ഷെ എന്റെ വാക്കുകളെ ഞാന്‍ സൂക്ഷികുന്നുണ്ടായിരുന്നു ..കാരണം പല കേസുകളിലും അവരുടെ അവസാന ആശൃയം ആത്മഹത്ത്യകളിലെക്ക് നയിക്കാറുന്ദു ..
ഇനി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും ഞാന്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തു ..മാതാവും പിതാവും ആകുന്നത് ഒരു കുഞ്ഞിനെ പ്രസവിച്ചത്‌ കൊണ്ടു മാത്രമല്ലല്ലോ ..അവനെ വളര്‍ത്തുന്നതിലും കൂടിയാണ് ..നിങ്ങള്‍ക്ക് രണ്ടാമത്തെ ഓപ്ഷന്‍ എടുക്കാം ..ഒരു കുഞ്ഞിനെ ദത്തെടു ............

എന്റെ വാക്കുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പെ ലളിത പറയാന്‍ തുടങ്ങി ..വേണ്ട ഡോക്ടര്‍ ..ഡോക്ടര്‍ ഒന്നു കൂടി ശ്രമിക്കണം ..എനിക്കുറപ്പുണ്ട് ഡോക്ടര്‍ ...അവളുടെ കണ്ണുനീര്‍ കവിള്‍തടത്തിലൂടെ ഒഴുകുന്നുണ്ടായിരുന്നു ..പക്ഷെ അപ്പോഴും ആ മനുഷ്യന്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു ..കുറ്ബോധത്തൊടെ ..എല്ലാം തന്റെ തെറ്റ്ന്ന മനസ്സോടെ ..

കൂടുതലൊന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ വിറ്റാമിന്‍ ഗുളികകള്‍ക്ക് കുറിച്ചു കൊടുത്തു ..കണ്ണീരോടെ എന്റെ മുന്നില്‍ നിന്നു എണീറ്റു പോകുന്ന ലളിതയേയും ഒന്നും പറയാതെ നിന്ന ആ മനുഷ്യനെയും ഞാന്‍ ദുഃഖത്തോടെ നോക്കിയിരുന്നു ...

ദിവസങ്ങള്‍ കഴിഞ്ഞിരുന്നു ..പതുക്ക ആ സംഭവം ഞാന്‍ പോലും മറക്കാന്‍ തുടങ്ങിയിരുന്നു ..ഏകദേശം മൂന്നു മാസം കഴിഞ്ഞു കാണും ..ലളിത വീണ്ടും എന്നെ കാണാന്‍ വന്നു ..വന്നപാടെ അവര്‍ പറഞ്ഞു .. ഡോക്ടര്‍ ഭയങ്ങര ഛര്‍ദിയും ക്ഷീണവും രണ്ടു മാസമായി ആര്‍ത്തവും ഉണ്ടാകുന്നില്ല ..

അവള്‍ പ്രതീക്ഷികുന്നത് എന്താണെന്ന് എനിക്കറിയാമായിരുന്നു ..പക്ഷെ എനിക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു ..എങ്കിലും ഞാന്‍ പ്രഗ്നന്സി ടെസ്റ്റ് കുറിച്ചു കൊടുത്തു .. റിസള്‍ട്ട് പെട്ടെന്ന് തന്നെ കിട്ടി ..പക്ഷെ അത് തുറന്നു നോക്കിയ ഞാന്‍ അത്ഭുതപെട്ടു പോയി ..അവളുടെ .. ഭര്‍ത്താവും കൂടെ ഉണ്ടായിരുന്നുവേന്കില്‍...പക്ഷെ ഞാന്‍ കണ്ട മുഖം സന്തോഷ്ട്ത്തിന്റെത് ആയിരുന്നില്ല ...

ഡോക്ടര്‍ എന്നോട് ക്ഷമിക്കണം ..അദ്ദേഹത്തിനു കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു ..അത് കൊണ്ടു തന്നെ കുട്ടികളുണ്ടാവില്ല എന്നറിഞ്ഞപ്പോള്‍ അദ്ദേഹം ശരിക്കും തളര്‍ന്നു പോയി ..എന്റെ വയറ്റിലെ കുഞ്ഞിന്റെ പിതാവ് ആ മനുഷ്യനല്ല ഡോക്ടര്‍ ..ഒരു നിമിഷം അദ്ദേഹത്തിന്റെ സങ്കടം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല ..ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു..

എനിക്ക് എല്ലാം മനസ്സിലായി ...തന്റെ ഭര്‍ത്താവിനെ തിരികെ കിട്ടാന്‍ ..ആ സ്ത്രീ ഒരു ഉപായം കണ്ടു പിടിച്ചു ...പക്ഷെ ഞാന്‍ ..

ഡോക്ടര്‍ ,ദയവു ചെയ്തു ഈ രഹസ്യം അദ്ദേഹത്തോട് പറയരുത് ...എന്നെ സഹായിക്കണം ...എനിക്ക് ഒന്നും പരയാനുണ്ടായരുന്നില്ല ..എന്റെ മൗനം സമ്മതമെന്നു കരുതി ആ സ്ത്രീ പതിയെ റൂമിനു പുറത്തേക്ക് പോയി ...

എല്ലാ മാസവും അവര്‍ രണ്ടു പേരും കൂടി ചെക്കപ്പിനു വന്നു ...ഒരിക്കല്‍ പോലും മുടങ്ങാതെ ..ആ മനുഷ്യന്റെ സന്തോഷം എനിക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു ..

പ്രസവ സമയമെടുത്തു ...പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ ലളിത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കി ..ആ മനുഷ്യന്‍ മധുര വിതരണം നടത്തുന്നുണ്ടായിരുന്നു ..അതുമായി എന്റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ എന്ത് പറയണമെന്നറിയാതെ നിസ്സഹായനായി ..

ഡോക്ടര്‍ ഒരുപാടു നന്ദി ..ഡോക്ടറുടെ ചികിത്സ ഇല്ലായിരുന്നുവേന്കില്‍ ...

ഞാന്‍ ഒന്നും സംസാരിക്കാതെ ആ മധുര പലഹാരം വായിലേക്കിട്ടു ...അയാള്‍ ബാക്കി വിതരണത്തിനായി എന്റെ മുന്നില്‍ നിന്നു മറഞ്ഞു ..

ഞാന്‍ വാര്‍ഡിലേക്ക് ചെല്ലുമ്പോള്‍ ലളിത കുഞ്ഞിനു പാല് കൊടുക്കുകയായിരുന്നു ..അരികിലയാളും ...അവള്‍ എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു ..ഞാനും ..

ഈ ലോകത്ത് ഏതൊരു സ്ത്രീയും വിലമാതിക്കുന്നത് തന്റെ ഭര്‍ത്താവിനെ ആണെന്ന് എനിക്ക് ബോധ്യം വന്ന നിമിഷങ്ങള്‍ ..സ്വന്തം മാത്രുതം പോലും അയാള്‍ക്ക് വേണ്ടി ഹോമിക്കാന്‍ അവള്‍ തയ്യാറാവുന്നു ...

Thursday, 14 February, 2008

വീണ്ടുമൊരു പ്രണയദിനം ....

പ്രണയത്തിനു ജാതിയും മതവും മാത്രമല്ല പ്രായവും ഒരു തടസ്സമല്ല എന്ന് എനിക്ക് തോന്നിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ...

ഞാന്‍ മംഗലാപുരതത് ഫസ്റ്റ് ഇയര്‍ എം .ബി .ബി .എസ് നു പഠിക്കുന്ന സമയം ..നിറ്ബന്ധം ഇല്ലെങ്കിലും വാര്‍ഡുകളില്‍ ചുറ്റി തിരിയുക എന്നത് ഒരു ആനന്ദം ആയിരുന്നു ..ദീന രോദനങ്ങള്‍ക്ക് ഇടയില്‍ ..മരണത്തിന്റെ ഗന്ധമുളള തീവ്ര പരിചരണ യൂനിട്ടുകളില്‍ ..മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് എവിടെയും സധൈര്യം കയറിയിറങ്ങാമായിരുന്നു ...

അന്നുമൊരു ഫെബ്രുവരി പതിനാല് ആയിരുന്നു ..ക്യാമ്പസ്സില്‍ പ്രണയത്തിന്റെ കുഞ്ഞു മാലാഖമാര്‍ പുതിയ പ്രണയിനിയെ കാത്തിരിക്കുന്ന സമയം..

വാര്‍ഡില്‍ തീ പൊളളലേററ് കിടക്കുന്ന വൃദ്ധരായ ആ ദമ്പതികളെ കുറിച്ച് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ..

ഒരു ഉന്നത കുടുംബത്തില്‍ പിറന്ന വാസപ്പയും ഭാര്യ ചദ്രമതിയും ..രണ്ടു പേര്‍ക്കും അറുപതു വയസ്സിനു മുകളില്‍ പ്രായമുണ്ടാകും .. കൃഷി മുഖ്യ തൊഴിലായി സ്വീകരിച്ച് ജീവിച്ച അവര്‍ക്ക് രണ്ടു മക്കലുണ്ടായിരുന്നു ..ഒരു ആണും ഒരു പെണ്ണും ...

മാം പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന പറയുന്നത് ,എത്ര സത്യമാണെന്ന്‌ എനിക്ക് ബോധ്യം വന്ന നിമിഷങ്ങള്‍ ...

വസപ്പയും ചന്ദ്രമതിയും മക്കളെ പൊന്നു പോലെ വളര്‍ത്തി ....തങ്ങള്‍ക്ക് വിദ്യാഭ്യാസം കിട്ടിയില്ല എണ്ണ സങ്കടം മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ആ ദമ്പതികള്‍ മക്കളെ കഷ്ടപ്പെട്ട് പഠിക്കാന്‍ അയച്ചു ..തനിക്ക് ചുറ്റുമുള്ള ഗ്രാമീണര്‍ വസപ്പയെ പരിഹസികുന്നുണ്ടായിരുന്നു ..പക്ഷെ അതൊന്നും ആ മനുഷ്യന്റെ തീരുമാനത്തെ മാറ്റിയില്ല ...

മകന് ഇരുപത്തിയൊന്നു വയസ്സായപ്പോള്‍ , ബിരുദത്തിനു ശേഷം അമേരിക്കയില്‍ പോകാനുള്ള അവസരം ഒത്തു വന്നു ..വാസപ്പ സ്വന്തം കൃഷി ഇടം വിട്ടു മകനെ വിദേശത്ത് അയച്ചു ..

ഡോക്ടര്‍ ....... ഞാന്‍ ഒരു പാട് പ്രതീക്ഷയോടെയാണ് അവനെ അയച്ചത് ...പക്ഷെ ...

കന്നട കലരുന്ന മലയാളത്തില്‍ ആ മനുഷ്യന്‍ എന്റെ മുന്നില്‍ നിന്നു വിങ്ങുമ്പോള്‍ എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല...

മകന്‍ അമേരിക്കയില്‍ താമസം ആക്കിയെന്നും അവിടെ തന്നെ കല്യാണം കഴിച്ച് ജീവിക്കുന്നു എന്നും ആ വൃദ്ധ പിതാവ് പറയുമ്പോള്‍ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു ..

അമ്മയും അച്ഛനും മകളും കിടപ്പാടം പോലും നഷ്ടപെട്ട ഒരു കുടിലില്‍ താമസിക്കുംപോഴാനു ദുരന്തം വീണ്ടും തീയുടെ രൂപത്തില്‍ അവര്‍ക്ക് ഇടയിലേക്ക് വരുന്നത് ....

അവര്‍ രണ്ടു പേരും എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു അവരുടെ ചോദ്യങ്ങള്‍ ..

ഡോക്ടര്‍ ,ശരിക്കും ദൈവം എന്ന്ന അദൃശ്യ ശക്തിയുണ്ടോ ?? ആര്ക്കും ഒരു ഉപദ്രവും ചെയ്യാത്ത ഞങ്ങളെ ദൈവം എന്തിന് ഇങ്ങനെ ശിക്ഷികുന്നു ?????

എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല ...എങ്കിലും ഞാന്‍ പറഞ്ഞു ... ദൈവം അവന് ഇഷ്ട പെട്ടവരെ കൂടുതല്‍ പരീക്ഷിക്കുക തന്നെ ചെയ്യും ..നിങ്ങള്‍ക്ക് ദൈവത്തിലുള്ള വിശ്വാസം തിരിച്ചരിയപ്പെടാന്‍ വേണ്ടി ...

വാര്‍ഡിന്റെ അങ്ങേ അറ്റത്താണ് തീവ്ര പരിച്ചരണ മുറി ...മുഴുവനായും എയര്‍ കണ്ടീഷന്‍ ചെയ്ത രോഗാനുവിമുക്തമാക്കിയ വാര്‍ഡ്‌ ..ബന്ധുക്കല്ക് പോലും പ്രവേശനം അനുവദിക്കാത്തയിടം ..അല്ലെങ്കിലും ആ ദമ്പതികള്‍ക്ക് ആരും ഉണ്ടായിരുന്നില്ലല്ലോ ...ആ മകളോഴികെ ...

ഞാന്‍ തീവ്ര പരിച്ചരണ മുറിയുടെ മുന്നിലെത്തുമ്പോള്‍ അവള്‍ മാത്രം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു ...അവളുട കണ്ണുകളിലെ ആ വികാരം എന്തായിരുന്നു എന്ന ഇന്ന എനിക്ക് മനസ്സിലാക്കന്‍ കഴിയും ....

പ്രത്യേകം തയ്യാറാക്കിയ രോഗാണ് വിമുക്ടമായ കോട്ടും ഗ്ലൌസും മാസ്കും ധരിച്ച് ഞാന്‍ അകത്ത് ചെല്ലുമ്പോള്‍ അവര്‍ രണ്ടു പേരും അടുത്തടുത്ത കട്ടിലില്‍ മുഖത്തോട്‌ മുഖം നോക്കി കിടക്കുകയായിരുന്നു ...ഒരു പക്ഷെ അതായിരിക്കും പ്രണയത്തിന്റെ ഏറ്റവും സുഖമുള്ള ആസ്വാദനം ...എങ്കിലും ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ സങ്ങടതോടെ നോക്കി ഇരുന്നു ...

ആ പെണ്‍കുട്ടിയെ അനാധമാക്കി വീണ്ടുമൊരു ഫെബ്രുവരി പതിനാലിനു കാത്തു നില്‍കാതെ ദൈവം തന്റെ പ്രിയപെട്ട ആ ഭക്തരെ തിരിച്ച് എടുത്തിരുന്നു ...

വീണ്ടുമൊരു ഫെബ്രുവരി പതിനാലില്‍ ലോകം ആഘോഷത്തിന്റെ തിരക്കുകളില്‍ അലിയുമ്പോള്‍ .ഞാന്‍ അറിയുന്നു അന്ന് വാര്‍ഡില്‍ പരസ്പരം മുഖത്തോട്‌ മുഖം നോക്കി ഇരുന്ന അവരുടെ പ്രണയം ...ആ സ്നേഹത്തിന്റെ ശക്തി ഇന്നത്തെ തലമുറക്ക് തിരിച്ച് അറിയാന്‍ കഴിഞ്ഞിരുന്നുവേന്കില്‍ ...

Wednesday, 13 February, 2008

കുട്ടികഥകള്‍

അങ്ങനെ ഞാനും മലയാളം എഴുതാന്‍ തുടങ്ങി......
പ്രീയപെട്ടവരെ അനുഗ്രഹികൂ......നിങ്ങളുടെ കമന്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട് .........