Thursday 1 November, 2018

കേരളപ്പിറവി ഒരു ഓർമ

കാലം തൊണ്ണൂറുകളുടെ അവസാനം. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കും യു.പി സ്‌കൂളിൽ നിന്നും ഹൈ സ്‌കൂളിലേക്കും ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും പറിച്ചു നടുന്ന കാലം. പുതിയ നൂറ്റാണ്ടിൽ പുതിയ ഭൂമി പുതിയ കടൽ പുതിയ ആകാശം ആണെന്നും അതല്ല ലോകാവസാനം ആണെന്നും വാർത്ത പരക്കണ കാലം. ഇതിനിടയിൽ ഒരു നവംബർ ഒന്ന്. കേരളാ പിറവി ദിനം. ന്ന് വെച്ചാ, നുമ്മടെ പരശു രാമൻജി അറബിക്കടലീന്ന് മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളത്തിന്റെ രണ്ടാം പിറവി. ബേസിക്കലി ഇത് എന്നെ ബാധിക്കേണ്ട കാര്യമേ അല്ല. പക്ഷേ ഹൈ സ്‌കൂളിൽ പാന്റിട്ട് നടക്കണ കുട്ട്യോളോട് കൊലച്ചതിയെന്നോണം ഹെഡ് മാസ്റ്റർ ഒരു മെമ്മോ ഇട്ടു. നവംബർ ഒന്നിന് ആങ്കുട്ട്യോളെല്ലാം മുണ്ടുടുക്കണം അഥവാ വെള്ള തുണി ഉടുക്കണം..ഞങ്ങള് മലപ്പൊറത്തുകാർക്ക് മുണ്ട് എന്ന് പറഞ്ഞാ തോർത്ത് മുണ്ട് ആണ്..വെള്ള മുണ്ട് എന്ന് പറഞ്ഞാ വെള്ള തുണി..അത് കൊണ്ട് ഇവിടുന്നങ്ങോട്ട് തുണി എന്ന് പറഞ്ഞാ മുണ്ടായിരിക്കും എന്ന് ഊഹിക്കുക..കസവിൻ കരയുള്ള മുണ്ടുടുക്കാച്ചാ അഥവാ തുണി ഉടുക്കാച്ചാ ബഹു കേമം. ഹെഡ് മാസ്റ്റർക്ക് അത് പറയാം. ദിവസം തുണിയുടുക്കണ മൂപ്പർക്ക് അത് ഒരു നിസാര കാര്യം ആവും. പച്ചേങ്കില് കള്ളിത്തുണി ഉടുത്ത് ഉറങ്ങാൻ കിടന്നാൽ , ഉണരുന്പോ പിറന്ന പടിയിൽ നില്ക്കണ എന്റെ കാര്യം എനിക്കല്ലേ അറിയൂ പടച്ചോനെ.. ഈ സാധനം എങ്ങനെ ഭംഗിക്ക് ഉടുക്കും എന്ന് സെർച്ചാൻ ഗൂഗ്‌ൾ പോയിട്ട് നെറ്റ് പോലും ഇല്ലാത്ത കാലം. കൂട്ടുകാരോട് ചോദിച്ചാ പിന്നെ അത് മതി ഒരു കൊല്ലത്തേക്കുള്ള സദ്യ വിളമ്പാൻ.. എന്തായാലും ഉമ്മാനെ സോപ്പിട്ട് ഉപ്പാന്റെ നല്ലൊരു വെള്ള തുണി അടിച്ചു മാറ്റി. കസവ് കര ഞമ്മന്റെ കൗമ് അധികം ഉടുക്കാത്തോണ്ട് അത് കിട്ടീല്ല. ഉള്ളത് കൊണ്ട് ഓണം പോലെ.. ട്രയൽ റിപ്പീറ്റഡ് , എഗൈൻ റിപ്പീറ്റഡ്.. റിപ്പീറ്റോഡ് റിപ്പീറ്റ്.. മേലെ റെഡിയായി വരുന്പോ, താഴെ ഏങ്കോണിച്ച് നിൽക്കും. താഴെ റെഡിയാക്കുന്പോ മുകളിൽ കരഭാഗം വെള്ളത്തിലേക്ക് ചെരിയും. ഇതെന്നെ കൊണ്ട് നടക്കൂല്ല പടച്ചോനേ.. നവംബർ ഒന്ന്.. നേരം പുലർന്നു. ഒന്നൂടെ നോക്കാം, തോറ്റ് പിന്മാറുന്നതിന്റെ മുന്നെ അവസാന അങ്കം. ആഹാ, ഒരു വിധം ഓക്കേ.. അതിന്റെ മേലെ വീതിക്ക് ഒരു ബെൽറ്റും. ഡബിൾ ഓക്കേ .. ഇനിയുള്ള കടന്പ സ്‌കൂളിലേക്ക് പോക്കാണ്. ലൈൻ ബസിൽ തൂങ്ങി പോകണം. ഡ്രൈവർക്ക് ഒരു കൊനുഷ്ട് സ്വഭാവം ഉണ്ട്, സ്റ്റോപ്പിൽ നിന്നും കുറച്ചങ്ങട് നീക്കിയേ നിർത്തൂ.. അല്ലേൽ മൂപ്പർക്ക് ഒരു മനസുഖം ഉണ്ടാവൂല്ല. എന്നിട്ട് നമ്മള് ഓടിക്കയറണം.. ഈ തുണിയും ഉടുത്ത് വല്ല വിധേനെയും കേറി കൂടി.. ദാ വരുന്നു കണ്ടക്റ്റർ .. ഫുഡ് ബോൾ കളിക്കാനുള്ള സ്ഥലം ബസിൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ. പൈസ വാങ്ങാൻ വേണ്ടി ബസിന്റെ കന്പിയിൽ ബാലൻസ് ചെയ്‌ത്‌ ഇരിക്കണ മൂപ്പര് ചവിട്ടി പിടിച്ചിരിക്കണത് നുമ്മടെ തുണിയിലാണ്.. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തവിടു പൊടി. ജീവൻ വെച്ചുള്ള കളിയാണ്. അവസാനം വല്യ പരിക്കില്ലാതെ തുണി വലിച്ചെടുത്തു. ബസിൽ തിരക്ക് കൂടി കൂടി വരുന്നു. അരയിൽ ഒരു കോൺഫിഡൻസ് ഇല്ല. ലൂസ് ആവ്ണുണ്ടോന്ന് സംശയം. ഒരു കൈ ബാഗിലും മറ്റേ കൈ കന്പിയിലും പിടിച്ച് കാൽ അടുത്ത് പിടിച്ച് ഒരു നിൽപ്. ഇനി ഒരു ഇഞ്ചങ്ങോട്ട് മാറിയാൽ മാനം പോവും .. ബസ് സ്‌കൂളിന്റെ മുന്നിലെത്തിയപ്പോഴാ ശ്വാസം നേരെ വീണത്. ഹാവൂ..ആദ്യ കടന്പ കടന്നു. ഇനി സ്‌കൂളിൽ.. ബെല്ലടിച്ചു.. അസംബ്ലിയാണ്.. നവംബർ ഒന്നായത് കൊണ്ട് എല്ലാരും തനി കേരള സ്റ്റൈലിൽ. ഇവരൊക്കെ എങ്ങനെയുടുക്കുന്നു ഈ സാധനം. അസംബ്ലി നീണ്ടു നീണ്ട് പോകുന്നു. അതിനിടയിൽ പിറ്റി മാഷിന്റെ ചൊറിച്ചിൽ.. ഇടക്കിടക്ക് മൂപ്പരുടെ വക അറ്റെൻഷൻ ആൻഡ് സ്റ്റാൻഡ്റ്റിസ്.. സ്റ്റാൻഡ് ഈസി.. മുള്ളിന്മേൽ നിൽക്കുന്ന നുമ്മ എവിടെ ഈസ്‌ ആവാൻ .. അസംബ്ലി നിർത്താൻ തല കറങ്ങി വീഴണത് ഒന്ന് അഭിനയിച്ചാലോ.. അല്ലേൽ വേണ്ട... വീഴുന്ന സമയത്ത് തുണി എങ്ങാൻ സ്ഥാനം തെറ്റിയാൽ തീർന്നു, പെങ്കുട്ട്യോളൊക്കെ ഉള്ള സ്ഥലാണ് .. പിന്നെ ജീവിച്ചിട്ട് കാര്യമില്ല.. എന്തായാലും എന്റെ ഐഡിയ മുന്നിലൊരുത്തൻ നടപ്പാക്കി.. നിന്റെ ഐഡിയ അല്ലടാ എന്റെ ഐഡിയ ആണെന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതിരുന്നു..അസംബ്ലി വിട്ടു, എല്ലാരും ക്ലാസ്സിലേക്ക്.. ഇതിനിടയിൽ ഒരു അക്കിടി പറ്റി.. രാത്രീല് തുണീന്റെ ട്രയൽ റൺ നടത്തണെന്റെ ഇടയിൽ പിറ്റേന്നത്തെ ഹോം വർക്ക് വിട്ടു പോയി.. ചന്തിയില് ചൂരൽ പ്രയോഗം നടത്തണ മാഷ്‌ക്ക് ഈ ഗുൽമാലിന്റെ ഗുട്ടൻസ് പറഞ്ഞാ മനസ്സിലാവോ.. കിട്ടി, നല്ല ഭേഷായി കിട്ടി. അങ്ങനെ ഉപ്പാന്റെ തുണിക്ക് ജീവിതത്തിൽ ആദ്യായി ഒരു സമ്മാനവും മേടിച്ചു കൊടുത്തു.. ഇനി ഇന്റർവെൽ ആണ്. ഈ തുണി കൊണ്ട് ആകെയുള്ള ഒരു ഗുണം തോന്നിയത് അപ്പോഴാണ്. ഇരുന്ന് മൂത്രമൊഴിക്കാൻ ആഹാ എന്താ സുഖം.. പാന്റിന്റെ ആ ഇടങ്ങേറ് അങ്ങട് മാറി കിട്ടും.. "അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ട് മടക്കി കൂത്താനും അറിയാനും എനിക്ക് " എന്ന് കാണിക്കാൻ ഒരു ദിവ്യ പ്രേമം ഇല്ലാത്ത കാലം. കോലു പോലെ കറുത്തിരിക്കണ നമ്മളെ നോക്കാൻ ഉഗാണ്ടന്ന് വല്ല പെണ്ണും വരേണ്ടി വരും എന്ന് ചിന്തിക്ക്ണ സമയം.. ബൈ ദുബൈ, വിഷയം മാറി പോയി.. അങ്ങനെ ഒരു വിധം വൈകുന്നേരം ആയി. അതോടെ മനസ്സിൽ ആധിയായി.. ഇനി ലൈൻ ബസിൽ തന്നെ തിരിച്ച് പോണം. ഇങ്ങട് പോന്നതിനേക്കാൾ വല്യ ബുദ്ധിമുട്ടാണ് തിരിച്ചു പോക്ക്.. ബസിൽ കേറൽ കളരി അഭ്യാസമാണ്. ഇടിച്ചു കുത്തി കേറണം. ഇടക്ക് വെച്ച് ചെക്കർ കൈ വെച്ച് സ്റ്റോപ്പ് മെമ്മോ ഇടും. പിന്നെ അതിനിടയിലൂടെ വേണം വലിഞ്ഞ് കേറാൻ..അവസാനം ഈ തുണിയും കൂട്ടി പിടിച്ച് വലിഞ്ഞു കേറി.. കേറിയതും ചെക്കർ ഡോർ വലിച്ചടച്ചു. എന്റെ കുരുത്തക്കേടിന് തുണി ഇതിനിടയിലും. മുന്നോട്ട് തള്ളി കേറ്റാൻ നിൽക്കണ കണ്ടക്റ്റർ ചേട്ടന് അറിയുമോ ഈ ത്രിശങ്കു അവസ്ഥ. അവസാനം സർവ ശക്തിയെടുത്ത് ഒരു വലി.. അറ്റം ഇത്തിരി പോയെങ്കിലും മാനം പോകാതെ രക്ഷപ്പെട്ടു.. ഇന്ന് വീണ്ടും ഒരു കേരള പിറവി ദിനം. മോന് സ്‌കൂളിൽ ട്രഡീഷണൽ ഡേ.. ഒട്ടിച്ചു വെക്കാൻ പറ്റുന്ന തരം തുണികൾ വിപണിയിൽ സജീവം. എങ്കിലും അത് ഉടുത്തിട്ടും അവനൊരു സുഖം പോരാ, കാലൊക്കെ വിടർത്തി വെച്ചാ ഉള്ളിലുള്ളതൊക്കെ കാണും എന്ന ശങ്ക.. എന്നിലെ ആ പഴയ എന്നെ കണ്ടപ്പോൾ കുറിച്ച പഴങ്കഥകൾ.. വാൽകഷ്‌ണം : ഭംഗിയായി മുണ്ടുടുക്കാൻ അറിയില്ലെങ്കിലും ഒരു വിധം ഒപ്പിക്കാനൊക്കെ ഇപ്പൊ പഠിച്ചുട്ടോ. കോളേജ് ഹോസ്റ്റൽ കാലത്ത് രാത്രി മലയാളികൾ എല്ലാം ലുങ്കി ഉടുക്കണം എന്ന് രാജകൽപന ഇട്ട അയ്യപ്പേട്ടനൊക്കെ ഇപ്പൊ നമോവാകം..😍😍😀😀