Monday, 10 March, 2008

ഹൃദയത്തില്‍ ഒരു മഞ്ചാടി..

ഡോക്ടറെ,ചുവന്ന മഞ്ചാടിക്കുരുവിന്റെ നിറമെന്താ.."

മീനാക്ഷി എണ്ണ മിന്നുവിന്റെ ഒരു കുസൃതി ചോദ്യം ..ഒരു എട്ടു വയസ്സുകാരി പെണ്‍കുട്ടിയുടെ നിഷ്കളങ്കത ..ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട് ..പക്ഷെ ഞാന്‍ കരുതി അവളുടെ മനസ്സിലെ ഉത്തരം അതല്ലായിരിക്കുമെന്ന് ..

ഞാന്‍ വെറുതെ പറഞ്ഞു.. "മഞ്ഞ .."

മുന്‍വരിപ്പല്ലുകല്‍ കൊഴിഞ്ഞു പോയ മോണ കാട്ടി അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ..

"ഈ ഡോക്ടര്‍ക്ക് ഒന്നും അറിയൂല ..ഡോക്ടറെ മഞ്ചാടിക്കുരുവിന്റെ നിറം ചുവപ്പാ .."

തെല്ലു ജാളൃതയോടെ നില്ക്കുമ്പോള്‍ തന്നെ വന്നു അവളുടെ അടുത്ത മറുപടി ..

"സാരല്യാട്ടോ ..ഇനി വേറൊരു ചോദ്യം ചോദിക്കട്ടെ .."

എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ് ..ഇനിയും ചമ്മിയാല്‍ ശരിയാവില്ല എന്ന് കരുതി പെട്ടെന്ന് തന്നെ ഞാന്‍ സ്റ്റ്തസ്കോപ്പ് എടുത്ത് അവളെ പരിശോധിക്കാന്‍ തുടങ്ങി ..

തലേന്നാണ് മിന്നുവിനെ കാര്‍ഡിയോളജി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത് ..ശരീരത്തിലവിടവിടയായി നീല നിറം ..ചെറുപ്പം തൊട്ടേയുള്ള അസുഖമാണ് ..ഹൃദയ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഒരു കുഞ്ഞു ദ്വാരം ..ദൈവം തന്റെ സൃഷ്ടിപ്പ് പൂര്‍ത്തികരിക്കാന്‍ മറന്നത് പോലെ ..

ആദ്യ പരിശോധിച്ച ഡോക്ടര്‍ തന്നെ എല്ലാം കണ്ടെത്തിയിരുന്നു ..അതിന്റെ ഫയലുകളെല്ലാം അവരുടെ കയ്യിലുണ്ട് ..

"എന്തെ ഇത്രയും കാലം പിന്നെ ഇതു വരെ ചികിത്സിച്ചില്ല .." അമ്മയെന്ന്‍ തോന്നിക്കുന്ന ആ സ്ത്രീയോടു ഞാന്‍ ചോദിച്ചു ..

അതിനെനിക്ക് കിട്ടിയ മറുപടി ഒരു വിതുമ്പലായരുന്നു ..കുറച്ചു നേരം ഞാനവരെ തന്നെ നോക്കിയിരുന്നു ..ഞാനെന്തു പറയാന്‍ ..ഒന്നും പറയാതെ ആ സ്ത്രീ വീണ്ടും കരഞ്ഞു കൊണ്ടേയിരുന്നു .. ആ സമയം ഞാന്‍ മിന്നുവിനെ പരിശോധിക്കാന്‍ തുടങ്ങി ..

എന്റെ ചോദ്യം കേട്ടിട്ട് ആയിരിക്കണം അവള്‍ പറഞ്ഞു .. "ഡോക്ടറെ എനിക്ക് അമ്മയില്ല ...അമ്മ മരിച്ചു പോയി ..ഇതെന്റെ അമ്മമ്മയാ .."

വിതുമ്പലിനു ശമനം കിട്ടിയിട്ട് ആയിരിക്കാം ആ സ്ത്രീ പറയാന്‍ തുടങ്ങി .. അത് കേട്ടു കഴിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ നടുങ്ങിപ്പോയി ..ദൈവം എന്തിന് മനുഷ്യരെ ഇത്രയധികം പരീക്ഷിക്കുന്നു ..ആ സ്ത്രീയുടെ മനസ്സിലെ സങ്കടങ്ങള്‍ ഓരോന്നോരോന്നായി പുറത്തേക്ക് വന്നു കൊണ്ടിരുന്നു ..

മിന്നുവിന്റെ അമ്മയുടെ പേരു രാധിക എന്നായിരുന്നു ..പഠിത്തത്തിലെല്ലാം മിടുക്കിയായ ഒരു പതിനഞ്ചു വയസ്സുകാരി ..അവള്‍ സുന്ദരിയായിരുന്നു ..ഒപ്പം ബുദ്ധിമതിയും ..

അച്ഛനമ്മമാര്‍ക്ക് അവളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ..ദാരിദ്രത്തിന്റെ നിഴല്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നുണ്ടായിരുന്നുവെങ്കിലും ,രാധികയെ അതൊന്നുമറിയിക്കാതെ അവര്‍ വളര്‍ത്തി ..

പഠിക്കാന്‍ മിടുക്കിയായ അവള്‍ സ്കൂളിലെ മുന്‍ നിര റാങ്കുകളില്‍ തന്നെ ഓരോ വര്‍ഷവും വന്നു കൊണ്ടിരുന്നു ..പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെറുതെ വീട്ടിലിരുന്നപ്പോള്‍ അയല്‍ക്കാരാണ് പറഞ്ഞത് രാധികയെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പറഞ്ഞയക്കാന്‍ ..രണ്ടു മാസത്തെ വേനലവധി വെറുതെ കളയണ്ടല്ലോ എന്ന് കരുതി അവളുടെ അച്ഛനും അമ്മയും അത് സമ്മതിച്ചു ..എന്നും മകള്‍ക്കൊപ്പം നിന്ന ആ അച്ഛനമ്മമാര്‍ക്ക് വേറെ എന്ത് ആലോചിക്കാന്‍ ..

അങ്ങനെ രണ്ടു മാസങ്ങള്‍ പതിയെ കടന്നു പോയി കൊണ്ടിരുന്നു ..പത്താം ക്ലാസ് പരീക്ഷാ ഫലം വരാനുള്ള സമയമായി ..അപ്പോഴാണ് രാധികയിലെ ചില മാറ്റങ്ങള്‍ അവളുടെ അമ്മ ശ്രദ്ധിക്കുന്നത് ..എപ്പോഴും ചിരിച്ചു കളിച്ചിരുന്ന അവള്‍ ആരോടും ഒന്നും മിണ്ടാതെ ഒറ്റക്കിരിക്കുന്നു ..എപ്പോഴും വല്ലാത്ത ക്ഷീണം പോലെ ..

റിസല്‍ട്ട് വരുന്നതിന്റെ ടെന്‍ഷനായിരിക്കുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത് ..പക്ഷെ ദിവസം ചെല്ലുംതോറും അവള്‍ ക്ഷീണിച്ച് കൊണ്ടേയിരുന്നു ..

അവര്‍ വേഗം തന്നെ അവളെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു ..എന്തോ അസാധാരണമെന്ന് തോന്നിയത് കൊണ്ടായിരിക്കാം ഡോക്ടര്‍ അവളോട് വിശദമായി സംസാരിച്ചു ..അച്ഛനേയും അമ്മയെയും കാണാതെ ..അപ്പോഴാണ് അവള്‍ ആ രഹസ്യം പറഞ്ഞത് ..

"ഡോക്ടര്‍ ,എന്റെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ടോയെന്ന്‍ ഒരു സംശയം .."

ഡോക്ടര്‍ പ്രഗ്നന്സി ടെസ്റ്റിനു കുറിച്ച് കൊടുത്തു ..അതും പോസിറ്റീവ് ആയിരുന്നു ..അതറിഞ്ഞ ആ മാതാപിതാക്കള്‍ ഒരക്ഷരം പോലും പറയാതെ മരവിച്ചു നിന്നു ..

"ഡോക്ടര്‍ ,ഞങ്ങള്‍ എന്താ അവളോട് പറയണ്ടേ ..അവള്‍ക്ക് എല്ലാം അറിയാമായിരുന്നു ..എന്നിട്ടും.."
ആ അമ്മ വീണ്ടും കരയാന്‍ തുടങ്ങി ..

മിന്നു അപ്പോഴേക്കും വാര്‍ഡിന്റെ അങ്ങേ അറ്റത്ത് എത്തിയിരുന്നു ..ഇതൊന്നും കേള്‍ക്കാന്‍ താല്പര്യമില്ലാത്തത് പോലെ ..അവര്‍ വീണ്ടും പറയാന്‍ തുടങ്ങി ..

അതിന് ശേഷം രാധികായ അന്വേഷിച്ച് ആരും വന്നില്ല ..ആ മാതാപിതാക്കള്‍ മകളോട് അതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചതുമില്ല ..കിളിക്കൊഞ്ചലുകള്‍ കൊണ്ട് നിറഞ്ഞിരുന്നു ആ വീട് ദുഃഖത്തിന്റെ സ്ഥായി കേന്ദ്രമായി ..എങ്കിലും വീട്ടുകാര്‍ പ്രതീക്ഷിച്ചു അവളെ തേടി ആരെങ്കിലും വരുമെന്ന്‍ ..

ആരും വന്നില്ല ..അവള്‍ വഞ്ചിക്കപ്പെടുകയായിരുന്നു ...നിഷ്കളങ്കമായ ആ ഹൃദയത്തില്‍ പ്രണയത്തിന്റെ വഞ്ചനയുടെ അഴുക്കുകള്‍ പുരളുകയായിരുന്നു ..

മാസങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു ...അതിനിടയില്‍ ആ വാര്‍ത്ത നാട്ടില്‍ പരന്നു ..ആരോടും ഒന്നും പറയാതെ ,ആ അച്ഛനമ്മമാര്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിട്ടു ..

പ്രസവ സമയം അടുക്കാറായി ..അവര്‍ അവളെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ..പക്ഷെ പ്രസവാനന്തരം രാധിക ഈ ലോകത്തോട്‌ വിട പറഞ്ഞു ..ചതിയും കളങ്കവുമില്ലാത്ത ദൈവത്തിന്റെ സ്വര്‍ഗത്തിലേക്ക് ..മിന്നുവിനെ അനാഥയാക്കി ...

"ഡോക്ടര്‍ ഇവളെ ചികിത്സിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ..പക്ഷെ അതിനുള്ള പണം ..ഓപ്പറേഷന്‍ വേണമെന്നാ എല്ലാ ഡോക്ടര്‍മാരും പറയുന്നത് ..."

ഞാനവളുടെ കേസ് ഹിസ്റ്ററി മറിച്ചു നോക്കി ..അതെ ,സര്‍ജറി അത്യാവശ്യമാണ് ..

"വഴിയുണ്ടാക്കാം ...നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം .." ഞാന്‍ അവരെ സമാധാനിപ്പിച്ചു ..

മെഡിക്കല്‍ കോളേജിലെ "സാന്ത്വനം" എന്ന സംഘടനയുമായി ഞാന്‍ ബന്ധപ്പെട്ടു ..അവരുടെ സഹായം തേടാന്‍ ..ആശരണര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും എന്നും ആശ്വാസമാണ്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ രൂപീകരിച്ച "സാന്ത്വനം" എന്ന സഹായ സംഘം ..മറ്റു സ്പോണ്സര്‍മാരെയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല ..

അങ്ങനെ മിന്നുവിന്റെ സര്‍ജറി കഴിഞ്ഞു ..പ്രശ്നങ്ങളൊന്നും കൂടാതെ മൂന്ന്‍ നാലു ദിവസം അങ്ങനെ കഴിഞ്ഞു പോയി ..ഞാന്‍ വീണ്ടും അവളെ കാണാന്‍ ചെന്നു ..

"ഇപ്പൊ പൂര്‍ണ ആരോഗ്യവതിയായി ..ഇനി സ്കൂളിലൊക്കെ പോകാം .." ഞാന്‍ അവളോട് പറഞ്ഞു ..
അവള്‍ മോണ കാട്ടി ചിരിക്കാന്‍ തുടങ്ങി ..മനസ്സിലെന്തോ ഒളിപ്പിച്ച് വെച്ച പോലെ ..

"ഡോക്ടറെ ,കുഴിയില്‍ വീണ ആനക്ക് എത്ര കൊമ്പുണ്ട് .."
അവള്‍ ക്വസ്റ്റൃനവര്‍ തുടങ്ങാനുക്ക പരിപാടിയാണ് ...ഇപ്രാവശ്യം ഏതായാലും തോല്‍ക്കാന്‍ പാടില്ല ..ഞാന്‍ ആലോചിച്ച് ഒരുത്തരം പറഞ്ഞു ..

കുഴിയില്‍ വീണ ആനയുടെ കൊമ്പ് ഒടിഞ്ഞു പോയി ..അപ്പൊ ആനക്ക് കൊമ്പുണ്ടാവില്ലല്ലോ .. ഞാന്‍ വിജയിചെന്ന മട്ടില്‍ എന്റെ മറുപടി പറഞ്ഞു ..

"ഈ ഡോക്ടര്‍ക്ക് ഇപ്പോഴും ഒന്നും അറിഞ്ഞൂടാ ..ഞാന്‍ പറഞ്ഞ ആന കുഴിയാനയാ ..കുഴിയാനക്ക് കൊമ്പുണ്ടാവോ .."

അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ..കൂടെ ചുറ്റും നിന്നവരും ..ഒരു കുസൃതി കേട്ട മാത്രയില്‍ ചെറു ചമ്മലോടെ ഞാനും ..

18 comments:

ഡോക്ടര്‍ said...

ഹൃദയ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഒരു കുഞ്ഞു ദ്വാരം ..ദൈവം തന്റെ സൃഷ്ടിപ്പ് പൂര്‍ത്തികരിക്കാന്‍ മറന്നത് പോലെ ..
ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ നല്ല കുറെ ഓര്‍മകള്‍ ...

സുബൈര്‍കുരുവമ്പലം said...

ഡോക്ടര്‍ ..... നല്ല വിവരണം ...നമ്മുടെനാട് എവിടെക്കാണ്- പോകുന്നത് ഇതുപോലെ എത്ര കഞുങള്‍ ........

വിനയന്‍ said...

ഡോക്ടര്‍ നന്നായിരിക്കുന്ന്നു

നമ്മുടേ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു.ആവോ ?

പൊറാടത്ത് said...

മറ്റൊരനുഭവം കൂടി പങ്കുവെച്ചതിന് നന്ദി..

(പിന്നെ.. ചെറിയ ചെറിയ അക്ഷരതെറ്റുകളുള്ളത് തിരുത്തുമല്ലോ.., തിരക്കുണ്ടാവും എന്നറിയാം.. എന്നാലും..)

ചിതല്‍ said...

ഇന്നലെ സുകുമാരേട്ടന്റെ ഒരു ലേഖനം വായിച്ചിരുന്നു,
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍
അതില്‍ പറഞ്ഞമാതിരിയായി വിനയന്‍ ചോദിച്ചത്
“നമ്മുടേ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു.ആവോ ?”
എന്തേ ആ പത്താം ക്ലാസുകാരിയുടെ മനസ്സിനെ നശിപ്പിച്ച ആണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത് എനിക്കും ചിന്തിക്കാന്‍ സാധിക്കാത്തത്...
നല്ല ലേഖനം
:)
സസ്നേഹം
ചിതല്‍

Sharu.... said...

ചെറിയ അനുഭവക്കുറിപ്പിലൂടെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു... നന്നായിരിക്കുന്നു

കാപ്പിലാന്‍ said...

നല്ല കുറിപ്പ്

വഴി പോക്കന്‍.. said...

:)

തോന്ന്യാസി said...

ഡോക്ടര്‍ ,

ഈ പോസ്റ്റ് നമ്മളെ ഒരുപാട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മീനാക്ഷി മുന്നില്‍ വന്ന് ച്ചിരിക്കുന്ന് പോലെ തോന്നുന്നു...

ഡോക്റ്ററിക്കാ, നന്നായി ഈ കുറിപ്പ്

ശെഫി said...

ഹൃദയസ്പര്‍ക്കാര്ക്കയ വിവരണം

ശ്രീ said...

നല്ല പോസ്റ്റ്, ഡോക്ടര്‍! ടച്ചിങ് ആയ വിവരണം

ശ്രീവല്ലഭന്‍ said...

ഡോക്ടര്‍,
വളരെ നല്ല, വേദനിപ്പിക്കുന്ന കുറിപ്പ്.

ഇസാദ്‌ said...

നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്.
ഇതുപോലത്തെ സംഭവങ്ങളൊക്കെ കഥകളിലും സിനിമയിലൊക്കെയേ കണ്ടിട്ടുള്ളൂ. ശരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടല്ലേ !!
വിനയന്‍ പറഞ്ഞപോലെ, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നോ ആവോ ..

നവരുചിയന്‍ said...

ഒരു കൊച്ചു പൂമ്പാറ്റ ...അല്ലെ .....

നല്ല കുറിപ്

ഡോക്ടര്‍ said...

സുബൈര്‍കുരുവമ്പലം , വിനയന്‍ , പൊറാടത്ത് , ചിതല്‍ , sharu
, കാപ്പിലാന്‍ ,... തോന്ന്യാസി , വഴി പോക്കന്‍.. പ്രിയ ,ശ്രീ , ശ്രീവല്ലഭന്‍ , ശെഫി .. ഇസാദ്‌ , നവരുചിയന്‍ നന്ദി ...നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിന് .....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ഹൃദയത്തിലെ മഞ്ചാടി ഹൃദയസ്പര്‍ശിയായി.

DrWiz said...

വളരെ നന്നായി ഡോക്ടറെ, ഉള്ളില്‍ തട്ടുന്ന വിവരണം....