Saturday 8 March, 2008

സ്നേഹത്തണലില്‍...

ആഴ്ചയുടെ അവസാന ദിനം എപ്പോഴും ആശ്വാസത്തിന്റെതാണ് ..ഒരു ഒഴിവ് ദിനം കൂടി ..കര്‍മ രംഗത്തുള്ള ഏതൊരാള്‍ക്കും അത് ഒരു സന്തോഷത്തിന്റെ ദിനം കൂടിയാണ് ..വീട്ടുകാരോട് ഒന്നിച്ച് ..മക്കളോട് ഒന്നിച്ച് ..ഒരു ചെറിയ പിക്നിക്കും പിന്നെ അടുക്കളയിലെ പുതിയ പരീക്ഷണവും ..അങ്ങനയെങ്ങനെ ..പക്ഷെ അതിനൊരു അപവാദമാണ് പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍..പ്രത്യേകിച്ച് ആതുരാലയങ്ങളില്‍ കഷ്ടപ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍തഥികള്‍..അന്നായിരിക്കും ടെസ്റ്റ് പേപ്പറുകളുടെയും ക്ലിനിക്കല്‍ എക്സാമുകളുടെയും ദിനം ..

അന്നും പതിവ് പോലൊരു ഞായറാഴ്ച ആയിരുന്നു ..ഞാന്‍ എം.ബി.ബി.എസ് നു പഠിക്കുന്ന സമയം ..മംഗലാപുരത്തെ പ്രശസ്തമായ ഒരു കോളേജിലായിരുന്നു പഠനം ..ടെസ്റ്റ് പേപ്പറുകള്‍ കഴിഞ്ഞ് ,ഹോസ്റ്റല്‍ റൂമിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ ..അപ്പോഴാണ് വാര്‍ഡന്‍ റൂമിലേക്ക് കയറി വരുന്നത് ..ഒരു പ്രശ്നക്കാരനായ ,എപ്പോഴും ബുദ്ധിമുട്ടിക്കുന്ന അയാളെ കാണുന്നതേ ദേഷ്യമായിരുന്നു ..ഇനി ഇപ്പൊ എന്താണാവോ പുതിയ പ്രശ്നം ..ഞാന്‍ വെറുതെ അയാളെ നോക്കി ..

മുഹമ്മദ് ,നിനക്ക് വീട്ടിന്നു ഫോണ്‍ കോളുണ്ടായിരുന്നു ..ഒരു ആറേഴു തവണയെങ്കിലും വിളിച്ചിട്ടുണ്ടായിരുന്നു ..

കന്നട കലര്‍ന്ന മലയാളത്തില്‍ വാര്‍ഡന്‍ അത് പറയുമ്പോള്‍ മനസ്സിലൊരു മിന്നല്‍ ..ദൈവമേ ..ഇതെന്തു പറ്റി ..ആഴ്ചയിലൊരിക്കലേ വിളിക്കാറുളളൂ വീട്ടീന്ന് ..മിനിയാന്ന് വിളിച്ചതുമാണല്ലോ ..

ഞാന്‍ ടെലഫോണ്‍ ബൂത്തിലേക്ക് ഓടി .. അന്ന് വീട്ടുകാര്‍ മൊബൈലൊന്നും വാങ്ങി തന്നിട്ടില്ലായിരുന്നു ..വീട്ടിലേക്ക് ഡയല്‍ ചെയ്തപ്പോള്‍ ആരും ഫോണെടുക്കുന്നില്ല ..ഇനി ഏക പോംവഴി ഉപ്പാന്റെ മൊബൈലിലേക്ക് വിളിക്കലാണ് ..ഞാന്‍ ആ നമ്പറിലേക്ക് ഡയല്‍ ചെയ്തു ..

പെട്ടെന്ന് തന്നെ ആരോ ഫോണെടുത്തു ..പക്ഷെ പതിവിനു വിപരീതമായി ഉമ്മയാണ് ഫോണെടുത്തത് ..ആ സംസാരത്തില്‍ ഒരു തേങ്ങലിന്റെ ധ്വനി ഉണ്ടായിരുന്നു ..വിക്കിവിക്കിയാണെകിലും ഉമ്മ കാര്യം പറഞ്ഞു ..

ഉപ്പാനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാന്നു ..ഒരു നെഞ്ച് വേദന ..കൂടുതലൊന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല ..ഹാര്‍ട്ട് അറ്റാക്ക് ആണെന്നോ മറ്റോ സംശയം ..ഞാന്‍ പെട്ടെന്ന് തന്നെ അവിടെ എത്തണം ..

ഞാന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വണ്ടി കയറി ..ട്രെയിനില്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഉപ്പയുടെ മുഖമായിരുന്നു ..

എന്റെ കുഞ്ഞുന്നാളിലേ ഉപ്പ ഗള്‍ഫിലായിരുന്നു ..കത്തുന്ന ചൂടില്‍ ,ബേക്കറിയിലെ തീക്കനലുകള്‍ക്ക് മുന്നില്‍ വെന്തുരുകിയത് ആ മനുഷ്യന്‍ ജീവിതത്തിന്റെ ഉന്നതിയിലേക്കാണ് ..നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി ,വീട്ടിലെ കന്നു കാലികള്‍ക്കൊപ്പം പാടത്തേക്ക് ഇറങ്ങിയ എന്റെ ഉപ്പ ..

ഒരിക്കല്‍ ഉപ്പ എന്നോട് പറഞ്ഞു ..

മോനേ ,ന്റെ ബാപ്പ മൂരിയാക്ക് കൊട്ക്കണ മുതിര കണ്ടിട്ട് ഞാന്‍ കൊതിചിട്ട്ണ്ട് ..അതെങ്കിലും കിട്ടിനെങ്കിന്ന്‍ ആശിച്ചിട്ട്ണ്ട ..

ആ ദാരിദ്രത്തില്‍ നിന്ന കര കയരാനാണ് ഉപ്പ ഗള്‍ഫിലെത്തിയത് .. തൊളളായിരത്തി എഴുപതുകളുടെ അവസാനം ..അറേബ്യന്‍ നാട്ടില്‍ ..മക്കയില പരിശുദ്ധമായ ഹറം പള്ളിയില്‍ ,സംസം വെള്ളവും ഖുബൂസും മാത്രം കഴിച്ച് വളര്‍ന്ന ആ മനുഷ്യന്‍ ..ചുമലുകളില്‍ നൂറും നൂറ്റമ്പതും കിലോ ഭാരം താങ്ങി ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ യുവത്വം സമര്‍പ്പിച്ച എന്റെ പ്രിയപ്പെട്ട ഉപ്പ ..

ദൈവം കാരുണാമയനാണ് ..ഇന്നു ഈ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ എനിക്ക് എല്ലാം ഉണ്ട് ..നല്ല ഒരു ജോലി ..അതും ഒരു ഡോക്ടറായി ..ദാരിദ്രത്തിന്റെ വിഷമതകള്‍ അറിയേണ്ടതില്ല ..കുഞ്ഞുന്നാളിലെന്നോ ദാരിദ്രത്തിന്റെ ചെറിയ കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും ജീവിത വഴിയില്‍ ഒരു തടസ്സം സൃഷ്ടിച്ചിരുന്നില്ല ..ജീവിതത്തില്‍ ഒരിക്കല്‍ മാത്രമെ ഉപ്പാന്റെ ശിക്ഷ കിട്ടിയിട്ടുള്ളൂ.. .അതും ഒരു കഷ്ണം പത്തിരിയുടെ പേരില്‍ ..ഞാനന്ന്‍ ചെറുപ്പമായിരുന്നു ..ഒരു എട്ട് - പത്ത് വയസ്സ് ..എന്തോ കാര്യത്തിനു ,കയ്യിലിരുന്ന പത്തിരിക്കഷ്ണം വലിച്ചെറിഞ്ഞത് ഉപ്പാക്ക് ഇഷ്ടപ്പെട്ടില്ല ..ആദ്യമായും അവസാനമായും എനിക്ക് കിട്ടിയ ശിക്ഷ ..പക്ഷെ അത് ജീവിതത്തിലെ ഒരു പാഠമായിരുന്നു ..ഒരിക്കലും ഒരു തുണ്ട് ഭക്ഷണം പോലും വെറുതെ കളയരുതെന്ന് എന്നെ പഠിപ്പിച്ച ആ വലിയ മനുഷ്യന്‍ ..ഒരു നുള്ള ഭക്ഷണം കൊണ്ട് പോലും ഒരിക്കലും കളിക്കരുതെന്ന്‍ എന്നെ പഠിപ്പിച്ച ആ മഹാ ഗുരു ..

അറേബ്യന്‍ നാടുകളിലെ മണലാരണൃത്തില്‍ ,സ്വന്തം കുടുംബത്തിനു വേണ്ടി എല്ലു മുറിയെ ജോലിയെടുത്ത എന്റെ പ്രിയപ്പെട്ട ഉപ്പ ..ആരെയും വഞ്ചിക്കാതെ ,ഒരു അറബിയുടെ കീശയില്‍ നിന്നും പണം തട്ടിയെടുക്കാതെ ,ആത്മാര്‍ത്ഥതയില്‍ , ദൈവത്തിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ആ മനുഷ്യനെ ദൈവത്തിനു കാണാതിരിക്കാന്‍ കഴിയില്ലല്ലോ ..

അങ്ങനെ ഞങ്ങളുടെ ജീവിതവും പച്ച പിടിച്ചു ..ഇന്ന്‍ ആരെങ്കിലും തമാശക്ക് വേണ്ടിയെങ്കിലും ഗള്‍ഫുകാരന്റെ കുടുംബത്തെ കളിയാക്കുമ്പോള്‍ മനസ്സിലൊരു വിങ്ങലാണ് ..എന്ത് കൊണ്ടോ മനസ്സില്‍ വലാത്ത ദേഷ്യം വരും ..അവരറിയുന്നില്ലല്ലോ അവരുടെ ജീവിത സങ്കടങ്ങള്‍ ..ഇന്ന്‍ ഇതു എഴുതുമ്പോഴും എന്റെ കണ്ണ് നിറയുന്നു ..കുടുംബത്തിനു വേണ്ടി യൌവ്വനം ഹോമിക്കുന്ന ആ ഇയ്യാംപാറ്റകളെ കുറിച്ച് ആലോചിച്ച് ..

ജീവിതത്തിന്റെ ഗതി ഇനി സ്വയം നിര്‍ണയിക്കാന്‍ കഴിയുമെന്ന്‍ തോന്നിയപ്പോള്‍ ഉപ്പ പ്രവാസ ജീവിതം അവസാനിപ്പിച്ചു ..ആവശ്യങ്ങള്‍ നിറവേറിയെന്ന് തോന്നുമ്പോള്‍ ,ജീവിതം ആസ്വദിക്കാന്‍ തുടങ്ങണമെന്ന് പഠിപ്പിച്ചത് ആ വലിയ മനുഷ്യനാണ് ..യുവത്വത്തിന്റെ ലഹരിയില്‍ ജീവിതം ആഘോഷിക്കുമ്പോള്‍ ,നിന്നെ കാത്തിരിക്കാന്‍ വീട്ടില്‍ മാതാപിതാക്കളുണ്ടെന്നു പഠിപ്പിച്ചത് ..വിദ്യാഭ്യാസത്തിനു വേണ്ടി എതറ്റം വരെ പോകാനും എനിക്ക് കൂട്ട നിന്ന വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എന്റെ പ്രിയപ്പെട്ട പിതാവ് ..

സമയം പോയതറിഞ്ഞില്ല ..ബസ്സുകള്‍ മാറിക്കയറി ഞാന്‍ ഹോസ്പിറ്റലിലെത്തി ..ഉപ്പ ഐ.സി.യുവിലാണ് ..ഞാന്‍ ഡോക്ടറെ ചെന്ന്‍ കണ്ടു ..

ഇപ്പൊ കുഴപ്പമൊന്നുമില്ല മുഹമ്മദ് ..മെഡിക്കല്‍ സ്റ്റുഡന്ടാണല്ലേ ..ഉപ്പ പറഞ്ഞിരുന്നു ..ഒരു മൈനര്‍ അറ്റാക്ക് ..പക്ഷെ ഇതു രണ്ടാം തവണയാണ് ..സൂക്ഷിക്കണം ..ഞാന്‍ പറയാതെ തന്നെ അറിയാല്ലോ ..ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ..

എനിക്കറിയാം ..ഹൃദയത്തിന്റെ പേശികളിലേക്കുള്ള ധമനികള്‍ അടഞ്ഞു വരുന്നു ..ഇപ്പോള്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാം ..പക്ഷെ ഇനി ഒരു അറ്റാക്ക് വന്നാല്‍ ..

ഞാന്‍ ഐ.സി.യുവിലെക്ക് ചെന്നു ..അപ്പോഴും ഉപ്പാന്റെ മുഖത്ത് ആ പുഞ്ചിരിയുണ്ടാരിരുന്നു ..കുറ്റിരോമങ്ങള്‍ കാരണം ഒരുപാട് പ്രായമേറിയത് പോലെ ..ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു ,,ഒരച്ചനു മകനോട്‌ തോന്നുന്ന സ്നേഹം ..എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതും അത് തന്നയല്ലേ ..അസുഖത്തിന്റെ തടവറകളില്‍ ഒരു കൈതാങ്ങായി മക്കളുണ്ടാവണം ..അതെന്നും നമ്മുടെ കടമയാണ് ..

ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..ഇന്നു അതുപോലെ വേറൊരു രോഗിയെ കണ്ടപ്പോള്‍ ,ആ പഴയ ഓര്‍മകള്‍ എന്നെ തേടിയെത്തി ..ഇന്നും ഞാനെന്റെ ഉപ്പാനെ കണ്ടു ..രോഗങ്ങളൊന്നും തളര്‍ത്താത്ത മനസ്സ് ..ആഹാര ക്രമീകരണത്തെ പറ്റി പറഞ്ഞാല്‍

നീയൊരു വല്യ ഡോക്ടറ് ..മരിക്കുമ്പോ ഏതായാലും മരിക്കും ഇതു വരെ അങ്ങട് പോട്ടെ ..

എന്ന് എന്നോട് വാദിക്കുന്ന എന്റെ ഉപ്പ ..രോഗങ്ങളെ തോല്‍പ്പിക്കാന്‍ ഇതു പോലുള്ള മനസ്സുകള്‍ക്കെ കഴിയൂ ..ദൈവം ദീര്‍ഘായുസ് നല്‍കട്ടെ ..

ഒരു ഡോക്ടര്‍ ഒരുപാട് രോഗികളെ കാണുന്നു ..പലരെയും മരണത്തിന്റെ മാലാഖ വിളിച്ച് കൊണ്ട് പോകുന്നു ..കൈകളില്‍ നിന്ന്‍ വഴുതി മാറി ..അവസാന ശ്വാസം കാണാന്‍ വിധിക്കപ്പെട്ടവരാണ് ഡോക്ടര്‍മാര്‍ ..പക്ഷെ സ്വന്തം മാതാപിതാക്കള്‍ രോഗികളായി മുന്നിലെത്തുമ്പോള്‍ പലപ്പോഴും പതറിപ്പോകുന്നു ..കാരണം നാം അവര്‍ക്ക് ഡോക്ടറും അവര്‍ നമുക്ക് രോഗികളുമല്ലല്ലോ ..അപ്പനും അമ്മയുമല്ലേ ..മകളും മകനുമല്ലേ ..ജീവിതത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളികള്‍ ..

ആ സ്നേഹത്തണലില്‍ ഇന്നും ഒരു പിഞ്ചുകുഞ്ഞായി ഞാന്‍ ..സ്നേഹം ചൊരിയുന്ന ആ തണല്‍ എന്നും നിലനില്കട്ടെ ...

9 comments:

ഡോക്ടര്‍ said...

ഇന്നു ഈ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ എനിക്ക് എല്ലാം ഉണ്ട് ..നല്ല ഒരു ജോലി ..അതും ഒരു ഡോക്ടറായി ..
കഴിഞ്ഞു പോയ ഒരു കാലത്തിലേക്ക് ഒരു തിരിച്ച് പോക്ക് ...ഒരിക്കലും വന്ന വഴികള്‍ മറക്കാന്‍ പാടില്ലല്ലോ ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അച്ഛനോടുള്ള സ്നേഹം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു...

മുന്നോട്ടുള്ള യാത്രയിലും പിന്നിട്ട വഴികള്‍ മറക്കാതിരിക്കുമ്പോള്‍ അതൊരു നല്ല മനസ്സിന്റെ പ്രതിഫലനമാണ്.

ഭാവുകങ്ങള്‍ ഡോക്റ്റര്‍ ജി

പൊറാടത്ത് said...

നല്ല പോസ്റ്റ്.. ആശംസകള്‍..

കുറ്റ്യാടിക്കാരന്‍|Suhair said...

ഒരു സ്മൈലി ഇടണമെന്നുണ്ടായിരുന്നു. പക്ഷേ ഇത് വായിച്ച്കഴിഞ്ഞപ്പോഴേക്കും ആ സ്മൈലി എവിടെയോ പോയി അസ്തമിച്ചു.

നല്ല പോസ്റ്റ് എന്ന് ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ...

കുറ്റ്യാടിക്കാരന്‍|Suhair said...

ഒരു സ്മൈലി ഇടണമെന്നുണ്ടായിരുന്നു. പക്ഷേ ഇത് വായിച്ച്കഴിഞ്ഞപ്പോഴേക്കും ആ സ്മൈലി എവിടെയോ പോയി അസ്തമിച്ചു.

നല്ല പോസ്റ്റ് എന്ന് ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ...

ഡോക്ടര്‍ said...

പ്രിയ ഉണ്ണികൃഷ്ണന്‍ ,പൊറാടത്ത്,കുറ്റ്യാടിക്കാരന്‍ , കാപ്പിലാന്‍ ..... നന്ദി ...

ശ്രീ said...

മനസ്സില്‍ തട്ടി, ഡോക്ടര്‍...
ഉപ്പയ്ക്ക് ദീര്‍ഘായുസ്സ് ആശംസിയ്ക്കുന്നു
:)

ഇസാദ്‌ said...

മനസ്സില്‍ തട്ടി. ചില വരികള്‍ വായിച്ചപ്പൊ കണ്ണ് നിറഞ്ഞോ ? !!

സ്നേഹം ചൊരിയുന്ന ആ തണല്‍ എന്നും നിലനില്കട്ടെ എന്നാശംസിക്കുന്നു.

ഡോക്ടര്‍ said...

ശ്രീ ... ഇസാദ്‌ ... ...ജീവിതത്തിന്റെ ഈ കൊച്ചു യാത്രയില്‍ എനിക്ക് എപ്പോഴും താങ്ങായിരുന്നത് ആ വലിയ മനുഷ്യനാണ് ...നന്ദി നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹത്തിന് ...ആത്മാര്‍ഥമായി ...വെറുതെ എന്തേലും കുറിച്ചിടാന്‍ വേണ്ടിയാണ് ബ്ലോഗില്‍ എത്തിയത് ...എന്റെ എല്ലാ പോസ്റ്റുകള്‍ക്കും പിന്തുണ നല്കുന്ന ശ്രീ ഒരുപാട് നന്ദി ...