Wednesday 12 March, 2008

എന്റെ പ്രിയ കൂട്ടുകാരിക്ക് ..

മെഡിക്കല്‍ കോളേജ് എന്നും വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ് ..കുഞ്ഞു നാളില്‍ മനസ്സിന്റെ അകത്തളങ്ങളില്‍ ഒരു ഡോക്ടറോട് തോന്നുന്ന താല്‍പര്യം ..കഷ്ടപ്പാടുകളില്‍ ,കഠിന വേദനകളില്‍ ,സ്റെറതസ്കോപ്പും ഡോക്ടറുടെ പുഞ്ചിരിയും ..മനസ്സില്‍ എന്നും ഒരു ആഗ്രഹമായി അവശേഷിക്കും .. അത് പോലെ തന്നെ ആയിരുന്നു എന്റെ കൂട്ടുകാരി നമിതയും ..

മംഗലാപുരത്തെ പ്രശസ്തമായ മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചാണ് എം.ബി.ബി.എസ്സിനു പഠിച്ചത് ..ഇന്നു വീണ്ടും അവളെ ഓര്‍ക്കുമ്പോള്‍ ,പ്രിയ കൂട്ടുകാരീ ,അകലെ കര്‍ണാടകയിലെ ഏതോ ഒരു ക്ലിനിക്കില്‍ നീ അവശരുടെ കണ്ണീരൊപ്പുന്നുണ്ടായിരിക്കാം ..

ആ പ്രശസ്ത മെഡിക്കല്‍ കോളേജില്‍ ജനറല്‍ സീറ്റിലായിരുന്നു നമിതക്ക് അഡ്മിഷന്‍ കിട്ടിയിരുന്നത് ..കേറ്ററിംഗ് തൊഴിലാളി ആയിരുന്ന പപ്പയുടെ തുച്ചമായ വരുമാനത്തില്‍ ജീവിതം മുന്നോട്ട് പോയിരുന്ന കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും അവളിലായിരുന്നു ..കര്‍ണാടകയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവളുടെ വീട് ..

അവിചാരിതമായിട്ടായിരുന്നു ഞാനവളെ പരിചയപ്പെട്ടത്‌ ..തികച്ചും യാദൃശ്ചികമായി ..നമ്മുടെ നാട്ടിലെ ക്യാംപസ്സുകളില്‍ നിന്ന തികച്ചും വിഭിന്നമാണ് മറുനാടുകളിലെ ക്യാംപസ് .. അത് കൊണ്ട് തന്നെ ആദ്യ നാളുകളില്‍ അത് ഉള്‍കൊള്ളാനോ മനസ്സിലാക്കാനോ പലര്‍ക്കും കഴിയാറില്ല ..അതില്‍ ഒരാളായിരുന്നു ഞാനും ..

ഹൃദ്യമായ പെരുമാറ്റമായിരുന്നു നമിതയുടേത് ..എല്ലാവരോടും അടുത്ത് ഇടപഴകി ..കന്നഡക്കാരനെന്നോ തമിഴനെന്നോ മലയാളിയെന്നോ വ്യത്യാസമില്ലാതെ അവളുടെ സുഹൃദ് വലയം വലുതായി കൊണ്ടിരുന്നു ..

ഫസ്റ്റ് ഇയര്‍ അനാറ്റമി ലാബുകളില്‍ മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കിയിരുന്നത് അവളായിരുന്നു ..മൃതശരീരങ്ങള്‍ കീറി മുറിക്കുമ്പോഴും ആന്തരാവയവങ്ങള്‍ വിശദീകരിക്കുമ്പോഴും അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ മിന്നലാട്ടം പോലും ഉണ്ടായിരുന്നില്ല ..

"നിനക്ക് എന്ത് പറ്റി ..താനെന്താ എപ്പോഴും മൂഡിയായിരിക്കുന്നെ .." തനിമയാര്‍ന്ന ഇഗ്ലീഷില്‍ അവള്‍ എന്നോട് സംസാരിച്ച് തുടങ്ങിയത് അങ്ങനെ ആയിരുന്നു .. പിന്നീട് ഞങ്ങള്‍ നല്ല സഹാപാഠികളായി ..

മൃത ശരീരങ്ങളുടെയും ആസിഡുകളുടെയും ലോകത്ത് നിന്ന യഥാര്‍ത്ഥ വാര്‍ഡുകളിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്ക് തുണ അവളായിരുന്നു ... "നിമ്മ ഹെസറു യേനു?" നീട്ടി വലിച്ച് അവള്‍ കന്നഡയില്‍ രോഗികളുമായി സംസാരിക്കുമ്പോള്‍ ,പുഞ്ചിരിച്ച് ,ആശ്വാസത്തോടെ അവര്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്ത് കൊണ്ടേയിരുന്നു ..

അവള്‍ എനിക്ക് ഗുരുവും കൂടിയായിരുന്നു ..കോളേജില്‍ രോഗികളോട്‌ മലയാളത്തില്‍ സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിരുന്നില്ല ..അവള്‍ കന്നഡയുടെ ബാല പാഠങ്ങള്‍ എനിക്ക് പഠിപ്പിച്ച് തരുമായിരുന്നു ....ഇന്ന്‍ കന്നഡയില്‍ നാല് വാക്ക് പറയാന്‍ എനിക്ക് കഴിയുന്നത് അവളുടെ സഹായം കൊണ്ട് മാത്രമാണ് ..

രണ്ടാം വര്‍ഷം കഴിയാറായപ്പോഴേക്കും അവളുടെ കണ്ണുകളില്‍ ദുഖത്തിന്റെ നിഴല്‍ യാത്ര ആരംഭിച്ചിട്ടുണ്ടായിരുന്നു ...പരീക്ഷയുടെ അവസാന നാളുകളില്‍ ആ ദുഃഖ വാര്‍ത്ത ഞങ്ങളെ തേടിയെത്തി ..
നമിതയുടെ പപ്പയെ ഹൃദയാഘാതം മൂലം ഹോസ്പിറ്റലില്‍ അഡ്മിട്ട് ചെയ്തിരിക്കുന്നു ..

അവളുടെ വീട്ടുകാര്‍ വേഗം ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി .കൂടുതല്‍ പരിശോധനക്കായി ഞങ്ങളുടെ മെഡിക്കല്‍ കോളേജിലേക്കാണ് അദ്ദേഹത്തെ കൊണ്ട് വന്നത് .. ആ പാവം മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ,ജീവിതത്തിന്റെ ഭാരം എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു ..

പപ്പയുടെ ഒപ്പമിരുന്ന്‍ അവള്‍ പരിചരിച്ച് കൊണ്ടിരുന്നു ..കൂടെ പരീക്ഷകളും .. ഒരു മാസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ആ മനുഷ്യന്‍ തിരിച്ച് പോയി ..സന്തോഷത്തിന്റെ നിറകണ്ണുകളോടെ ..

ദിവസങ്ങള്‍ പിന്നെയും കൊഴിഞ്ഞു കൊണ്ടേയിരുന്നു ..ദിവസങ്ങള്‍ മാസങ്ങളായും ...മാസങ്ങള്‍ വര്‍ഷങ്ങളായും ..

അവസാന വര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഞങ്ങളെ തേടി വീണ്ടും ആ ദുരന്ത വാര്‍ത്ത എത്തി ..നമിതയുടെ മാതാപിതാക്കള്‍ ഒരു റോഡപകടത്തില്‍ മരണമടഞ്ഞു ..

പക്ഷെ ഞങ്ങളെ അത്ഭുപ്പെടുതുന്നതായിരുന്നു അവളുടെ പെരുമാറ്റം ..ഒരു തുള്ളി കണ്ണ് നീര്‍ പോലും അവളുടെ കണ്ണില്‍ നിന്ന അടര്‍ന്ന്‍ വീണില്ല .. ജീവിതത്തില്‍ എത്രയോ മരണങ്ങള്‍ക്ക് സാക്ഷിയാവുന്ന ഒരു ഡോക്ടര്‍ ,പ്രിയപ്പെട്ടവരുടെ മരണങ്ങളില്‍ കാലിടറിപ്പോകാറുണ്ട് ..പക്ഷെ ..അവള്‍ എല്ലാം മുന്‍കൂട്ടി കണ്ടിരുന്നത് പോലെ .. അവള്‍ തികച്ചും അനാഥയായത് പോലെ ..

എങ്കിലും അവള്‍ പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ..എല്ലാ സങ്കടങ്ങളെയും അവള്‍ ഒറ്റക്ക് നേരിട്ടു ..ലോകത്ത് മറ്റൊരാളെയും കാത്തിരിക്കാനില്ലാതെ ... ഉന്നത മാര്‍ക്കോടെ അവള്‍ പഠനം പൂര്‍ത്തിയാക്കി ...പക്ഷെ അത് കാണാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് ആയില്ലല്ലോ ..

കോളേജിന്റെ ഇടനാഴിയില്‍ പിരിയാന്‍ നേരം ഒരു കൊച്ചു കുഞ്ഞെന്ന പോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .. പ്രിയപ്പെട്ട കൂട്ടുകാരി ...നീ എവിടെയാണെങ്കിലും നിനക്ക് നന്മകള്‍ മാത്രം ഭവിക്കട്ടെ ...

11 comments:

ഡോക്ടര്‍ said...

ക്യാംപസ്സിലെക്ക് ഒരി തിരിച്ചു നടത്തം .....അകാലത്തില്‍ പൊലിഞ്ഞു പോയ നമിതയുടെ മാതാപിതാക്കളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ .....

ശ്രീവല്ലഭന്‍. said...

വളരെ നല്ല ഓര്‍മ്മക്കുറിപ്പ്.

Sharu (Ansha Muneer) said...

വളരെ ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മ്മക്കുറിപ്പ്.. ആ കൂട്ടുകാരിയെ കണ്ടെത്താന്‍ ശ്രമിച്ചുകൂടെ??

ശ്രീ said...

നല്ലൊരു ഓര്‍മ്മക്കുറിപ്പു തന്നെ, ഡോക്ടര്‍!
ശ്രമിച്ചു നോക്കൂ.. ആ സുഹൃത്തിനെ എളുപ്പം കണ്ടെത്താം. എന്നിട്ട് ഞങ്ങളെക്കൂടി അറിയിയ്ക്കൂ.
:)

ഡോക്ടര്‍ said...

ശ്രീവല്ലഭന്‍, sharu.. ശ്രീ .....

നമുക്ക് ശ്രമിക്കാം.... ആ പഴയ കൂട്ടുകാരിയെ തേടി ഒരു യാത്ര ...തീര്‍ച്ചയായും കണ്ടു പിടിക്കാന്‍ കഴിയും എന്ന് തന്നെ ആണെന്റെ വിശ്വാസം ....നന്ദി ഒരുപാടൊരുപാട് .....

കുറ്റ്യാടിക്കാരന്‍|Suhair said...

ഈ മാസം ഇത് നാലാമത്തെ പോസ്റ്റ്. അല്ലേഡോ.
(തെറ്റിദ്ധരിക്കല്ലേ, ഡോക്റ്റര്‍ എന്നത് ഷോര്‍ട്ടാക്കിയതാ...)
എല്ലാം വളരെ നന്ന്. ഒന്നിനൊന്ന് മെച്ചം.

Suraj said...

നൊമ്പരപ്പെടുത്തുന്ന, എന്നാല്‍ അതേസമയം ആശ്ചര്യപ്പെടുത്തുന്ന കുറിപ്പ്. നൊസ്റ്റാള്‍ജിയ മണത്തു. സമാനമാ‍യ ചില അനുഭവങ്ങള്‍ ഓര്‍ക്കുകയും ചെയ്തു. :)

അഭയാര്‍ത്ഥി said...

ഞാനും എന്റെ ബാല്യകാല സഖിയെ ഓര്‍ത്തുപോയി. അവള്‍ എവിടെ ആയിരിക്കുമോ? നല്ല പോസ്റ്റ്.

Shaf said...

നല്ലൊരു ഓര്‍മ്മക്കുറിപ്പു തന്നെ, ഡോക്ടര്‍!

മുഹമ്മദ് ശിഹാബ് said...

വളരെ ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മ്മക്കുറിപ്പ്..
Try your best to find her.

ഡോക്ടര്‍ said...

നന്ദി എല്ലാവര്‍ക്കും .....അവളെ കണ്ടെത്താന്‍ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം .....