Monday, 17 March, 2008

പ്രാണസഖി..

ഒരു മനുഷ്യന്‍ എപ്പോഴാണ് ജീവിതം ആരംഭിക്കുന്നത് ..സ്നേഹത്തിന്റെയും പ്രണയത്തിന്റെയും തീക്ഷണ കാലമായ യൌവ്വനത്തിലോ ..അതോ ഇല്ലായ്മകളില്‍ സ്വന്തം മക്കള്‍ പോലും തെരുവോരങ്ങളിലേക്ക് ഇറക്കി വിടുന്ന വാര്‍ധക്യത്തിലോ ..സ്നേഹം തീക്ഷ്ണമാകുന്നത് ,ബന്ധങ്ങള്‍ അനിവാര്യമാകുന്നത് പ്രായത്തിന്റെ അങ്ങേ അറ്റത്താണ് ..ആയുസ്സൊടുങ്ങാനുള്ള അവസാന നിമിഷങ്ങളില്‍ തന്റെ പ്രിയപ്പെട്ടവന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ മരണത്തിലേക്ക് നടന്നകലുന്നത് കാണേണ്ടി വരുന്നവര്‍ ..ജീവിതം ഒന്നുമില്ലായ്മയില്‍ നിന്ന്‍ തുടങ്ങി ഒന്നും നേടാതെ അവസാനിക്കുന്നു ..

ജോസഫേട്ടന്‍ എന്നെ കാണാനെത്തിയത് ശാരീരിക അസ്വസ്ഥതയേക്കാള്‍ മാനസിക അസ്വസ്ഥത കൊണ്ടായിരുന്നു ..ഏകദേശം എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന മലയോര കര്‍ഷകന്‍ ..വര്‍ഷങ്ങള്‍ക്ക് മുമ്പ് ,കൃഷി ചെയ്യാനുള്ള മണ്ണ് തേടി മലബാറിലേക്ക് പറിച്ചു നടപ്പെട്ടതാണ് ജോസഫേട്ടന്റെ കുടുംബം ..

ജോസഫേട്ടന് ശരീരം മൊത്തം വേദനയായിരുന്നു ..കൂടെ അതികഠിനമായ ക്ഷീണവും ..വിശദമായി പരിശോധിച്ചെങ്കിലും കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല ..മണ്ണില്‍ പൊന്നു വിളയിച്ചപ്പോള്‍ ശരീരത്തിനൊരു ബലക്ഷയം ..അത്ര മാത്രമെ എനിക്ക് തോന്നിയുള്ളു‌ ..

"വയ്യ ഡോക്ടര്‍ ..നടക്കാന്‍ പോലും വയ്യ .." അയാളപ്പോഴും തന്റെ രോഗാവസ്ഥ പറഞ്ഞു കൊണ്ടേയിരുന്നു ..

കൂടുതല്‍ സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി അസുഖം ശരീരത്തിനല്ല , മനസ്സിനാണെന്ന് ..
ജോസഫേട്ടന്റെ ഭാര്യ അന്നാമ്മ ചേടത്തിയെ വേറൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ..വിദഗ്ദ്ധമായ ഒരു ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടി ..അങ്ങ് ദൂരെ ,പേരു കേട്ട ഒരു ഹോസ്പിറ്റലിലാണ് സര്‍ജറി ..ഇത്രേം ദൂരമുള്ളത് കൊണ്ട് മക്കള്‍ ജോസഫേട്ടനെ കൂടെ കൊണ്ട് പോയില്ല ..ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള ശേഷി ആ ശരീരത്തിനില്ലായെന്നു മക്കള്‍ മനസ്സിലാക്കിയിരിക്കാം ...

"ഡോക്ടര്‍ ,അവളില്ലാതെ പറ്റ്ണില്ല ..ആദ്യമായിട്ടാ ഞാനെന്റെ വീട്ടില്‍ ഒറ്റക്കാവുന്നെ .."
തന്റെ പ്രിയപ്പെട്ടവള്‍ അരികിലില്ലാത്തത് കാരണം ആ മനുഷ്യന്‍ നിസ്സഹായവസ്ഥയിലാണ് ..ജീവിതത്തിന്റെ പിടിവള്ളി നഷ്ടപ്പെടുന്നത് പോലെ ..ഇത്രയും കാലം മുന്നോട്ട് പോയ ജീവിതത്തിന്റെ ഊര്‍ജം ക്ഷയിച്ച് പോകുന്നത് പോലെ ..

"ഡോക്ടര്‍ ..അവളില്ലാതെ എനിക്ക് ... " ആ മനുഷ്യന്‍ വീണ്ടും കരയാന്‍ തുടങ്ങുകയായിരുന്നു ..

പൊന്ന്‍ വിളയിക്കാനുള്ള മണ്ണ് അന്വേഷിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ മലയോരത്ത് എത്തുമ്പോള്‍ അയാള്‍ക്ക് കൂട്ട് ഭാര്യ മാത്രമായിരുന്നു ...നാടും വീടും വിട്ട് മണ്ണില്‍ പണിയെടുത്ത ഓരോ നിമിഷവും സ്വന്തം ഭാര്യയെ കെട്ടിപിടിച്ച് മനസ്സമാധാനമായി അന്തിയുറങ്ങാനുള്ള ഒരു കൂരയായിരുന്നു അയാളുടെ മനസ്സില്‍ ..

ആ മനുഷ്യനും നല്ലവനായിരുന്നു ..എന്തോ ,ഞാന്‍ കണ്ട മിക്ക രോഗികളും നന്മയുടെ മൂര്‍ത്തീ ഭാവങ്ങളായിരുന്നു ..ഒരുപക്ഷെ ,ഒരു ഡോക്ടറുടെ മുന്നിലെത്തുമ്പോഴേക്കും ,ശരീരം അതിന്റെ പഴയ ശക്തി നഷ്ടപ്പെടുത്തുന്നത് കൊണ്ടായിരിക്കാം ..കൈകാലുകള്‍ തളരുന്നിടത്ത് ,മനസ്സും വിശ്രമിക്കാന്‍ തുടങ്ങും ..ലോകം വിറപ്പിച്ച വില്ലാളിയാണെങ്കിലും ,ആരോഗ്യം നഷ്ടപ്പെട്ടാല്‍ കട്ടിലിലേക്ക് അമര്‍ന്നല്ലേ പറ്റൂ ..

ദൈവം ജോസഫേട്ടന്റെ പക്ഷത്തായിരുന്നു ..കഷ്ടപ്പാടുകള്‍ക്ക് അറുതി വരാന്‍ തുടങ്ങി ..അതിനിടയില്‍ അവര്‍ക്ക് രണ്ടു പെണ്മക്കളും ജനിച്ചു ..ദൈവം നല്‍കുന്നത് ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം ..

മിച്ചം പിടിച്ച സമ്പാദ്യം കൊണ്ട് ഒരു ചെറിയ സ്ഥലം വാങ്ങി ..ഓല കൊണ്ട് മറച്ചതാണെങ്കിലും ,വാടക വീട്ടില്‍ നിന്നുള്ള മോചനം അവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം പോലെയായിരുന്നു ..പതിയെ പതിയെ സ്നേഹത്തില്‍ അധിഷ്ഠിതമായ ആ കുടുംബത്തില്‍ ഐശ്വര്യ ദേവത കനിയാന്‍ തുടങ്ങി..

അധ്വാനിക്കുന്ന ജനവിഭാഗത്തിനു ഒരിക്കലും സങ്കടപ്പെടേണ്ടി വരുന്നില്ല ..കൃഷി മുഖ്യ സ്രോതസ്സായി ജീവിച്ച ആരും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുമില്ല ..മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി കൃഷി ലോണെടുക്കുന്നവരും അശാസ്ത്രീയമായ കൃഷി രീതികളുമാണ് നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിന്റെ മുഖ്യ കാരണം ...

ജോസഫേട്ടന്‍ അത്തരക്കാരനായിരുന്നില്ല ..കൃഷിയില്‍ ജനിച്ച് ,കൃഷിയില്‍ വളര്‍ന്ന് കൃഷിയില്‍ ജീവിച്ച ഒരു സാധു മനുഷ്യന്‍ ..ക്രിസ്തീയ നിയമങ്ങളില്‍ അധിഷ്ഠിതമായ ജീവിതം ..

വീട്ടിലേക്ക് ചെന്നാലും അവിടെ ആരുമുണ്ടാകില്ലെന്നത് കൊണ്ട് തന്നെ ഞാനയാളെ അഡ്മിറ്റ് ചെയ്തു ..വെറുതെയിരിക്കുന്ന മനസ്സിലല്ലേ ചെകുത്താന്റെ പണിപ്പുര ഉയരുകയുള്ളൂ ..ഹോസ്പിറ്റലിന്റെ അന്തരീക്ഷത്തില്‍ ,വാര്‍ഡിലെ മറ്റു രോഗികളുടെ ദൈന്യാവസ്ഥ കാണേണ്ടി വരുമ്പോള്‍ ,മിക്കവരും തിരിച്ചറിയാറുണ്ട് തങ്ങളുടെ അസുഖമൊന്നും ഒരു അസുഖമല്ലായെന്നു ...

പിറ്റേന്നു ഞാന്‍ റൌണ്ട്സിനു ചെല്ലുമ്പോഴും അയാളില്‍ യാതൊരു മാറ്റവുമില്ലായിരുന്നു ..കൂടുതല്‍ ക്ഷീണിതനായത് പോലെ..ഞാന്‍ എന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങും മുമ്പെ ,അയാള്‍ പറയുന്നുണ്ടായിരുന്നു ...

"ഡോക്ടര്‍ ,അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ ? എനിക്ക് ഇനീം വയ്യ ഡോക്ടര്‍ .."
കൂടുതലെന്തെങ്കിലും സംസാരിച്ചിട്ട് കാര്യമില്ലായെന്ന്‍ എനിക്ക് ബോധ്യമായി ..ഞാനയാളില്‍ നിന്ന്‍ അയാളുടെ മക്കളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി ...ഞാന്‍ വിളിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരിയാണ് ഫോണെടുത്തത് ..അത് അയാളുടെ മകളായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു ..അപ്പന്റെ എല്ലാ അവസ്ഥയും ഞാനവരെ പറഞ്ഞു മനസ്സിലാക്കി ..

"സാര്‍ ,സര്‍ജറി കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ ..ഒരു രണ്ടു ദിവസം കൂടി കഴിയാതെ എങ്ങനാ ഞാന്‍ ഡിസ്ചാര്‍ജിനു ചോദിക്കുക .."

ഞാനവരില്‍ നിന്ന്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഫോണ്‍ നമ്പര്‍ വാങ്ങി ..എല്ലാ വിവരവും ഞാന്‍ ആ സീനിയര്‍ ഡോക്ട്രോട് സംസാരിച്ചു ..സര്‍ജറിക്ക് ശേഷമുള്ള ചികിത്സയെ പറ്റിയും അദ്ദേഹം വിവരിച്ചു ..ആ ചികിത്സ ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വെച്ച് നടത്താമെന്ന ഉറപ്പില്‍ അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മതിച്ചു ..

അത്യാധുനിക സൌകര്യമുള്ള ഒരു ആംബുലന്‍സില്‍ അന്നമ്മ ചേടത്തിയെ എന്റെ അടുത്തേക്ക് കൊണ്ടു വന്നു ..ചികിത്സയുടെ വിശദ രൂപം എഴുതിയ ഫയല്‍ ആ ഡോക്ടര്‍ കൊടുത്തയച്ചിട്ടുണ്ടായിരുന്നു ...

ഞാന്‍ അവരെ ജോസഫേട്ടന്റെ റൂമില്‍ തന്നെ അഡ്മിറ്റ് ചെയ്തു ..വൈകീട്ട് ഞാന്‍ റൌണ്ട്സിനു ചെല്ലുമ്പോള്‍ ആ മനുഷ്യന്‍ ബെഡില്‍ എണീറ്റിരിക്കുകയായിരുന്നു ..രാവിലെ ഒന്നെണീക്കാന്‍ പോലും കഴിയാതിരുന്ന അതെ ശരീരം,യാതൊരു മരുന്നുമില്ലാതെ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ച് വരുന്നു ... അയാളൊന്നും പറഞ്ഞില്ല ..വെറുതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു ..അടുത്ത ബെഡില്‍ അന്നമ്മ ചേടത്തിയും എന്നോട് ചിരിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു ....

"അല്ലേലും ഈ മനുഷ്യന്‍ ഇങ്ങനാ ഡോക്ടറെ ..ഞാനൊന്ന് മാറി നില്‍ക്കാന്‍ പോലും പറ്റില്ല ..."

ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ ...റൌണ്ട്സ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോള്‍,ഞാന്‍ വെറുതെ ആലോചിച്ചു ...ജീവിതം ആരംഭിക്കുന്നത് എപ്പോഴാണ് ..അല്ലെങ്കില്‍ തന്നെ ജീവിതത്തിനു തുടക്കവും ഒടുക്കവുമുണ്ടോ ...എല്ലാം നമ്മുടെ ചില കണക്കുകൂട്ടലുകള്‍ മാത്രമല്ലേ ...

11 comments:

ഡോക്ടര്‍ said...

സ്നേഹം തീക്ഷ്ണമാകുന്നത് ,ബന്ധങ്ങള്‍ അനിവാര്യമാകുന്നത് പ്രായത്തിന്റെ അങ്ങേ അറ്റത്താണ് ..ആയുസ്സൊടുങ്ങാനുള്ള അവസാന നിമിഷങ്ങളില്‍ തന്റെ പ്രിയപ്പെട്ടവന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ മരണത്തിലേക്ക് നടന്നകലുന്നത് കാണേണ്ടി വരുന്നവര്‍ ..ജീവിതം ഒന്നുമില്ലായ്മയില്‍ നിന്ന്‍ തുടങ്ങി ഒന്നും നേടാതെ അവസാനിക്കുന്നു......

konchals said...

ജീവിതം ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി ഒന്നും നേടാതെ അവസാനിക്കുന്നു...
മനസ്സിനെ തൊട്ടുണര്‍ത്തുന്ന പ്രമേയവും അവതരണവും..

ശ്രീ said...

നല്ലൊരു കുറിപ്പ് തന്നെ, ഡൊക്ടര്‍.
:)

Areekkodan | അരീക്കോടന്‍ said...

മനസ്സില്‍ തട്ടുന്ന കുറിപ്പ്‌...

mayavi said...

അധ്വാനിക്കുന്ന ജനവിഭാഗത്തിനു ഒരിക്കലും സങ്കടപ്പെടേണ്ടി വരുന്നില്ല ..കൃഷി മുഖ്യ സ്രോതസ്സായി ജീവിച്ച ആരും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുമില്ല ..മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി കൃഷി ലോണെടുക്കുന്നവരും അശാസ്ത്രീയമായ കൃഷി രീതികളുമാണ് നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിന്റെ മുഖ്യ കാരണം I AGREE WITH IT.
best wishes to josephji too.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തക്ക്യൊ നേടണമെന്നുള്ള പ്രമേയവും മുന്നിര്‍ത്തി നാം ജീവിക്കുന്നു അവസാനം കൂടെപ്പിറപ്പ് നഷ്ടങ്ങളാകുന്നു
കൊഞ്ചത്സ് പറഞ്ഞപോലെ
ജീവിതം ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി ഒന്നും നേടാതെ അവസാനിക്കുന്നു...
അതാണ് മനുഷ്യന്റെ പച്ചയായ ജീവിതം..
ചിന്തകളെ വില്‍ക്കുകയും വാങ്ങുന്നവരുടേയും കാലം

വാല്‍മീകി said...

എന്തോ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. നമ്മുടെ പ്രിയപ്പെട്ടവര്‍, ന്നമ്മെ ഈ ലോകത്ത് പിടിച്ചുനിര്‍ത്തുന്ന ബന്ധങ്ങള്‍... അതില്ലാതെ എന്ത് ജീവിതം അല്ലേ?

വളരെ ഹൃദ്യമായ കുറിപ്പ്.

സുബൈര്‍കുരുവമ്പലം said...

കൃഷി മുഖ്യ സ്രോതസ്സായി ജീവിച്ച ആരും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുമില്ല ..മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി കൃഷി ലോണെടുക്കുന്നവരും അശാസ്ത്രീയമായ കൃഷി രീതികളുമാണ് നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിന്റെ മുഖ്യ കാരണം ...


ഡോക്ട് റുടെ ഈ കുറിപ്പ് എല്ലാവരും ഒന്നു വായിഛിരുന്നങ്കില്‍ ...........

Sharu.... said...

ഒരുപാടു കാര്യങ്ങള്‍ ചുരുക്കത്തില്‍ പറയുന്ന ഹൃദ്യമായ ഒരു കുറിപ്പ്...നന്നായി

തോന്ന്യാസി said...

ഡോക്ടര്‍ മനോഹരമായിരിക്കുന്നു...

ആ സ്നേഹത്തിനുമുന്നില്‍ തല കുനിഞ്ഞു പോ‍കുന്ന പോലെ.......

ഡോക്ടര്‍ said...

konchals, ശ്രീ ,അരീക്കോടന്‍ മാഷ്‌ ,mayavi ,സജി , വാല്‍മീകി, സുബൈര്‍ ,sharu,തോന്ന്യാസി .....
നന്ദി ...നാം ജീവിതത്തില്‍ കാണുന്ന പലതും വിസ്മയങ്ങലാണ് ...ആ വിസ്മയങ്ങള്‍ ഞാന്‍ കുറിച്ചിടുന്നുവെന്നു മാത്രം ...എല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി ...