Wednesday, 19 March, 2008

ജീവിതത്തിനൊപ്പം..

ഓ.പിയില്‍ ഇരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എന്നെ കാണാന്‍ വന്നത് ..രണ്ടു പേരുടേയും മുഖത്ത് പ്രസന്നമായ പുഞ്ചിരിയുണ്ടായിരുന്നു ..ഏതായാലും രോഗികളല്ലെന്ന് വ്യക്തം .

"ഡോക്ടര്‍ ഞങ്ങളെ ഓര്‍മ്മയുണ്ടോ ?അതോ മറന്നോ ?" കണ്ടിട്ട് നല്ല മുഖ പരിചയം ..പക്ഷെ എത്രയായിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല ..ഓര്‍മയുണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ആരെന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വരും ..എന്തിനാ വെറുതെ ഒരു ഊരാകുടുക്കിലേക്ക് തല വെച്ച് കൊടുക്കുന്നത് ..ഞാന്‍ പറഞ്ഞു ..."നിങ്ങള്‍ പരിചയപ്പെടുത്തിയാല്‍ ഒര്‍മിക്കാമായിരുന്നു .."

"ഡോക്ടര്‍ ,ഞാന്‍ വിനോദ് ..കഴിഞ്ഞ വര്‍ഷം ഓണത്തിന്റെ അന്ന്‍ ബൈക്ക് ആക്സിഡന്റായി ഡോക്ടര്‍ ചികിത്സിച്ച .." എന്റെ ഓര്‍മകള്‍ ഒരു വര്‍ഷത്തിനു പുറകിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി ..

കഴിഞ്ഞ ഓണം നാളില്‍ , അന്ന് ഞാന്‍ കാഷ്വാലിറ്റി ഡിപ്പാര്‍ട്ടുമെന്റിലായിരുന്നു .. അത് കൊണ്ട് തന്നെ ഓണമായിട്ട് പോലും ലീവോന്നുമെടുക്കാന്‍ പറ്റിയില്ല ..രോഗങ്ങള്‍ക്ക് ഓണവും ക്രിസ്മസും ബക്രീദുമൊന്നുമില്ലല്ലോ ..

ഈ നല്ല ദിവസം തന്നെ ഇനി ആരാണാവോ രോഗിയായി കടന്നു വരുന്നതെന്ന്‍ ആലോചിച്ചിരിക്കുമ്പോഴാണ് പുറത്ത് ആംബുലന്‍സിന്റെ ശബ്ദം കേട്ടത് ..ആംബുലന്‍സില്‍ നിന്ന സ്ട്രക്ചറിലേക്ക് എടുത്തു കിടത്തിയത്‌ ചോരയില്‍ കുതിര്‍ന്ന ഒരു യുവാവിനെ ആയിരുന്നു ..ഏകദേശം ഇരുപത്തിമൂന്ന് വയസ്സിനടുത്ത് പ്രായം വരുന്ന സുമുഖനായ യുവാവ് ..ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടമാണ് ..കൂടെ വെപ്രാളത്തോടെ കാറിന്റെ ഡ്രൈവറുമുണ്ടായിരുന്നു ..

"ഞാനല്ല ..അവനാ എന്റെ നേരെ വന്നത് ..അവനാ .." അയാള്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ..ഭയം കൊണ്ടായിരിക്കാം അയാളും വിറക്കുകയായിരുന്നു ...

പെട്ടെണ് തന്നെ രക്തം നില്‍ക്കാനുള്ള സുശ്രൂഷകള്‍ ചെയ്തു ..തലക്കും മുഖത്തുമൊന്നും കാര്യമായ പരിക്കൊന്നുമില്ലായിരുന്നു ..ബൈക്ക് മറിഞ്ഞപ്പോള്‍ കാല്‍ അതിനടിയില്‍ പെട്ടത് കൊണ്ടായിരിക്കാം ,കാലിലെ എല്ലിനു ക്ഷതം പറ്റിയോന്നു സംശയം ..വേഗം തന്നെ എക്സ് -റേ എടുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തി ..അപ്പോഴും ആ കാര്‍ ഡ്രൈവര്‍ നിസ്സഹായനായി ഓടിനടക്കുന്നുണ്ടായിരുന്നു ...

എക്സ് -റേക്ക് വേണ്ടി ഒരുക്കുമ്പോഴാണ് അയാളുടെ പോക്കറ്റില്‍ നിന്ന ഒരു പേഴ്സ് നിലത്തേക്ക് വീണത് ..ഞാന്‍ അതെടുത്ത് എന്റെ ടേബിളില്‍ വെച്ചു ..അവനെ എക്സ് -റേക്ക് പറഞ്ഞു വിട്ട് ഞാന്‍ ആ പേഴ്സ് തിരയാന്‍ തുടങ്ങി ..വിലാസമോ ബന്ധുക്കളുടെ വല്ല ഫോണ്‍ നമ്പറോ ഉണ്ടെങ്കില്‍ അവരെ വിവരമറിയിക്കാമായിരുന്നു ..

ആ പേഴ്സില്‍ കുറച്ചു രൂപയും ഒരു ഫോട്ടോയും മാത്രമെ ഉണ്ടായിരുന്നുള്ളൂ ..ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെ മുഖം ..പാസ്പോര്‍ട്ട് സൈസ് ഫോട്ടോയാണ് ..ചിലപ്പോള്‍ സഹോദരിയായിരിക്കാം ..അല്ലെങ്കില്‍ ഭാര്യയായിരിക്കാം ..അതുമല്ലെങ്കില്‍ കാമുകിയായിരിക്കാം ...ഞാന്‍ ആ ഫോട്ടോ പേഴ്സില്‍ നിന്ന്‍ പുറത്തെടുത്തു ..അതിന്റെ പുറകില്‍ ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നു ... ഞാന്‍ വേഗം തന്നെ ആ നമ്പറിലേക്ക് ഡയല്‍ ചെയ്തു ..

ഒരു പതിഞ്ഞ സ്വരം ..ചുറ്റും ബഹളമുള്ളത് പോലെ ..ഒരു പക്ഷെ കോളേജിലോ സ്കൂളിലോ ആയിരിക്കാം ..ഞാന്‍ ആ പെണ്‍കുട്ടിയോട് കാര്യം പറഞ്ഞു ..അങ്ങേ അറ്റത്ത് നിന്ന്‍ ഒരു കരച്ചിലിന്റെ മുഴക്കം ഞാന്‍ കേട്ടു .. "ഡോക്ടര്‍ ,ഞാന്‍ ഇപ്പൊ തന്നെ വരാം .." അവള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു ..അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് അവളാരെന്നോ ,അവള്‍ ഈ യുവാവിന്റെ ബന്ധുവാണോ ,ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ ..

പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും ..ഏകദേശം ഇരുപത് വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി കണ്ണീരോടെ എന്റെ ചേംബറിലെക്ക് കയറി വന്നു .. "ഡോക്ടര്‍ ,എവിടെ വിനോദ് ..എന്താ പറ്റിയത് അവന് .. "

ഞാന്‍ അപ്പോള്‍ ഏക്സറേ റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ..ബ്ലീഡിങ്ങെല്ലാം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു ... "നിങ്ങള്‍ ആരാ വിനോദിന്റെ .." ഞാന്‍ അവളോട് ചോദിച്ചു ..

പെട്ടെണ് ,അപരിചിതമായ ഒരു ചോദ്യം കേട്ട പോലെ ,അവള്‍ എന്ത് പറയണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ..അപ്പോഴേക്കും എനിക്ക് മനസ്സിലായി ഏതായാലും സഹോദരിയും ഭാര്യയുമൊന്നുമല്ല ..പ്രണയിനിയാണ് ..

അപ്പോഴാണ് അറ്റന്‍ഡര്‍ എക്സ്-റേ റിപ്പോര്‍ട്ടുമായി വന്നത് ..ഞാന്‍ അത് തുറന്ന്‍ നോക്കി ..അതെ,എന്റെ അനുമാനം ശരിയായിരുന്നു..ഇടത്തെ കാലിലെ രണ്ടു എല്ലുകളിലും ചെറിയ ഒരു പോട്ടലുണ്ട് ..വേഗം തന്നെ ഞാനവനെ ഓര്‍ത്തോ പീഡിക്സ് ഡിപ്പാര്‍ട്ടുമെന്റിലെക്ക് റഫര്‍ ചെയ്തു ..ആ പെണ്‍കുട്ടി അടക്കിപിടിച്ച തേങ്ങലോട് കൂടി എന്റെ മുന്നില്‍ നിന്ന്‍ പുറത്തേക്ക് പോയി ..വിനോദിനെ അനുഗമിച്ച് ..

കുറച്ച് സമയത്തിന് ശേഷം ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന്‍ ഒരു അറിയിപ്പുണ്ടായി ..അടിയന്തരമായി ഓ പോസിറ്റിവ് രക്തം വേണം ..ബ്ലഡ്‌ ബാങ്കില്‍ രക്തം സ്റ്റോക്കില്ല ..എന്റെ രക്തം ഓ പോസിറ്റീവ് ആണ് ..ഞാന്‍ വേഗം തന്നെ ബ്ലഡ് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു ..രക്തദാനം നടത്തി ..ഞാന്‍ തിരിച്ച് വരുമ്പോള്‍ തീയേറ്ററിന്റെ പുറത്തെ ബെഞ്ചില്‍ അവള്‍ തളര്‍ന്നിരിക്കുന്നുണ്ടായിരുന്നു ..

വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ പോകാന്‍ നേരം ,ഞാന്‍ പോസ്റ്റ് ഓപ്പറേറ്റീവ്‌ വാര്‍ഡിലേക്ക് ചെന്നു ..വാര്‍ഡിനു പുറത്ത് എന്നെ വരവേറ്റത് ,ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു മധ്യവയസ്കനെയും ഒന്നും മിണ്ടാതെ നില്‍കുന്ന ആ പെണ്‍കുട്ടിയേയുമാണ് ..അയാള്‍ അവളെ ശകാരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി ..എന്നെ കണ്ടത് കൊണ്ടായിരിക്കാം അയാള്‍ സംസാരം നിറുത്തി പുറത്തേക്ക് പോയി ..

ഞാന്‍ അകത്ത് ചെല്ലുമ്പോള്‍ വിനോദ് മയക്കത്തിലായിരുന്നു ..ഞാന്‍ തിരിച്ച് വരുമ്പോള്‍ അവള്‍ മാത്രം പുറത്ത് കാത്തുനില്കുന്നുണ്ടായിരുന്നു ..ഞാനവളോട് സംസാരിച്ചു ..കൂടുതല്‍ അടുത്തപ്പോള്‍ ,ഒരു തേങ്ങലിന്റെ അകമ്പടിയോടെ അവള്‍ പറയാന്‍ തുടങ്ങി ..

അവളും വിനോദും ഒരേ കോളേജിലാണ് പഠിക്കുന്നത് ..അവന്‍ പി.ജിക്കും അവള്‍ ഡിഗ്രിക്കും ..അവര്‍ തമ്മിലുള്ള അടുപ്പം പക്ഷെ അവന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ..ഒരുന്നത തറവാട്ടിലെ നാട്ടു പ്രമാണിയായ അവന്റെ അച്ചന് തന്റെ സ്റ്റാറ്റസിനൊത്ത ബന്ധമായി തോന്നിയില്ല അത് ..പക്ഷെ പ്രണയത്തിനു പണമില്ലല്ലോ ..അവര്‍ പരസ്പരം ഗാഢമായി സ്നേഹിച്ചിരുന്നു ..അത് വെറുമൊരു ക്യാമ്പസ് പ്രണയമായിരുന്നില്ല ..പരസ്പരം രണ്ടു മനസ്സുകള്‍ തമ്മില്‍ അടുത്തതായിരുന്നു ..കുറച്ച് മുമ്പെ ഞാന്‍ കണ്ടത് വിനോദിന്റെ അച്ചനെയായിരുന്നു..അവളെ അവിടെ കണ്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യം അടക്കാനായില്ല..അതിന്റെ പ്രതിഫലനമാണ് ഞാന്‍ കേട്ടത് ..

നേരം ഇരുട്ടുന്നുണ്ടായിരുന്നു..നല്ല ക്ഷീണവും..അവളെ സമാധാനിപ്പിച്ച് ഞാന്‍ എന്റെ റൂമിലേക്ക് നടന്നു..

പിന്നീടുള്ള ദിവസങ്ങളിലൊന്നും തിരക്ക് കാരണം അവരെ പോയി കാണാന്‍ കഴിഞ്ഞില്ല..മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് അവരെ വീണ്ടും കാണുന്നത് ..രണ്ടു പേരുടേയും മുഖത്ത് സന്തോഷത്തിന്റെ അടയാളമുണ്ടായിരുന്നു..

"സര്‍,അവസാനം അച്ഛന്‍ സമ്മതിച്ചു ഞങ്ങളുടെ കല്യാണത്തിനു..അടുത്ത മാസം പതിനേഴാം തിയ്യതി..ഡോക്ടര്‍ എന്തായാലും വരണം .." അവര്‍ രണ്ടുപേരും കൂടി പറഞ്ഞൊപ്പിച്ചു..

"നോക്കാം..കഴിവിന്റെ പരമാവധി ശ്രമിക്കാം.. "എന്ന് പറഞ്ഞു ഞാനവരെ യാത്രയാക്കി..

പലപ്പോഴും നല്ല ബന്ധങ്ങള്‍ക്ക് മാതാപിതാക്കള്‍ തടസ്സം സൃഷ്ടിക്കുന്നു..ജീവിക്കേണ്ടത് മക്കളാണ്..അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു ജീവിതമില്ലെങ്കില്‍ ,പിന്നെ ആര്‍ക്ക് വേണ്ടിയാണ് അവര്‍ ശിഷ്ട കാലം ജീവിക്കുന്നത്..പ്രണയ വിവാഹങ്ങളെല്ലാം ഒരു പരാജയമാണെന്ന മിഥ്യാ ബോധം പല രക്ഷിതാക്കളുടെയും മനസ്സില്‍ വേരൂന്നിയിട്ടുണ്ട് ..പ്രത്യകിച്ച് പഴയ തലമുറയിലെ രക്ഷിതാക്കള്‍ക്ക്..സ്നേഹം വേര്‍പ്പെടുത്താനുളളതല്ല..എന്നും ഒരുമിപ്പിക്കാനുളളതാണ്..

11 comments:

ഡോക്ടര്‍ said...

പ്രണയ വിവാഹങ്ങളെല്ലാം ഒരു പരാജയമാണെന്ന മിഥ്യാ ബോധം പല രക്ഷിതാക്കളുടെയും മനസ്സില്‍ വേരൂന്നിയിട്ടുണ്ട് ..പ്രത്യകിച്ച് പഴയ തലമുറയിലെ രക്ഷിതാക്കള്‍ക്ക്..സ്നേഹം വേര്‍പ്പെടുത്താനുളളതല്ല..എന്നും ഒരുമിപ്പിക്കാനുളളതാണ്..

ശ്രീ said...

മറ്റൊരു നല്ല ഓര്‍മ്മക്കുറിപ്പു കൂടി, ഡോക്ടര്‍...
വിനോദും ആ പെണ്‍കുട്ടിയും സുഖമായി ജീവിയ്ക്കട്ടെ!
:)

ശാലിനി said...

ഡോക്ടറേ, മാതാപിതാക്കള്‍ക്ക് മക്കളുടെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും ശരിയായി തോന്നണമെന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റിലും പ്രണയവിവാഹങ്ങള്‍ കൂടുതലും പരാജയപ്പെട്ടാണ് കാണുന്നത്. അതാവാം കാരണം. മാനസിക പക്വതവന്നവര്‍ പ്രണയിക്കുമ്പോള്‍ കണ്ണ് തീര്ത്തും അന്ധമാവാറില്ല എന്നു തോന്നുന്നു. അങ്ങനെയുള്ളവര്‍ വളരെ കുറവല്ലേ. മാതാപിതാക്കളെ തീര്ത്തും കുറ്റം പറയാന്‍ പറ്റില്ല.

പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്.

ഡോക്ടര്‍ said...

ശാലിനി ....ഞാന്‍ കുറ്റം പറഞ്ഞതല്ല..മക്കളുടെ ഇഷ്ടങ്ങള്‍ നോക്കുന്ന ഒരുപാട് അച്ഛനമ്മമാരുന്ദ്..പക്ഷെ,യഥാര്‍ത്ഥ ഇഷ്ടങ്ങള്‍ മനസ്സിലാകാതെ പ്രണയത്തെ വെറുക്കുന്ന ഒരു ന്യൂനപക്ഷങ്ങള്‍ ഇവിടെ ഉണ്ട്...എല്ലാ നന്മകളും എല്ലാറ്റിലും ഉണ്ടാവില്ലല്ലോ..നല്ല മാതാപിതാക്കള്‍ നമ്മുടെ അഭിമാനമാണ് ....അച്ഛനമ്മമാരെ ഒരിക്കലും നാം തള്ളികളയുകയും ചെയ്യരുത്...

കാവലാന്‍ said...

കൊള്ളാം...
പ്രണയം എന്നത് വെറുക്കപ്പെടേണ്ടതോ,ഭയപ്പെടേണ്ടതോ ആയ ഒന്നല്ല എന്നെങ്കിലും മനസ്സിലാക്കപ്പെട്ടിരുന്നെങ്കില്‍.

Sharu.... said...

പ്രണയത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതുകൊണ്ടു തന്നെ നല്ല നാണയങ്ങളും അക്കൂട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാരണമേതുമില്ലാതെ പ്രണയത്തെ വെറുക്കുന്ന ചിലരുണ്ട്. എല്ലാം കൊണ്ടും യോജിക്കുന്ന ബന്ധമായാല്‍ കൂടി പ്രണയമാണ് എന്ന കാരണം പറഞ്ഞു മാത്രം അതു ശറ്റിയാകില്ലെന്നു കരുതുന്ന മാതാപിതാക്കള്‍ ഇന്നും ഉണ്ട്.
അതുപോലെ ‘പ്രണയം’ എന്ന പേരിലുള്ളതെല്ലാം നല്ലതാണ് എന്നും പറയുക വയ്യ. മുതലെടുപ്പിന്റെ തന്ത്രം പ്രണയത്തിനെയും ബാധിച്ചിട്ടേറെ കാലമായി. അതിനിടയില്‍ പലപ്പൊഴും യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നു...
എന്തായാലും ഈ പോസ്റ്റ് നന്നായി... വിനോദിനും ആ പെണ്‍കുട്ടിക്കും നല്ലത് മാത്രം വരട്ടെ. അവരുടെ തീരുമാനം എന്നെന്നും ‘ശരി’യായി തന്നെ നിലനില്‍ക്കട്ടെ...

ശ്രീവല്ലഭന്‍ said...

മറ്റൊരു നല്ല ഓര്‍മ്മക്കുറിപ്പുകൂടി :-)

Prajeshsen said...

ormappeduthalinu nanni
dr
i am a journalist
now in madhyamam varadhyam
calicut
blog nannayittunde
asayamkal valuthanu

keep it up

കുറ്റ്യാടിക്കാരന്‍ said...

നല്ലപോസ്റ്റ് ഡോക്ടറേ...

സുബൈര്‍കുരുവമ്പലം said...

വിനോദിനും ആ പെണ്‍കുട്ടിക്കും നല്ലത് മാത്രം വരട്ടെ.
ആശംസിക്കുന്നു ...

ഡോക്ടര്‍ said...

ശ്രീ, ശാലിനി, കാവലാന്‍, ശ്രീ വല്ലഭന്‍, കുറ്റ്യാടിക്കാരന്‍, സുബൈര്‍കുരുവമ്പലം , sharu, prajeeshan....

നന്ദി ...