Tuesday, 25 March, 2008

ജീവിതം സുന്ദരമാണ് ..

സമൂഹത്തിലെ യുവ തലമുറക്ക് ഒരു പ്രശ്നമുണ്ട് ..ജീവിതം മതിവരുവോളം ആഘോഷിക്കുമ്പോഴും ,വഴി മുടക്കിയായ ഒരു ചെറിയ തടസ്സത്തെ കാണുമ്പോള്‍ ജീവിതത്തില്‍ പകച്ചു പോകും..അപ്പോള്‍ ജീവിതത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും നഷ്ടപ്പെടുന്നത് പോലെ തോന്നും..ആ വെപ്രാളത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ അവരുടെ മുന്നിലുണ്ടാകുന്ന ഏക വഴി മിക്കപ്പോഴും മരണത്തിന്റെതായിരിക്കും..ഇതു ഒരു ചെറിയ ന്യൂനപക്ഷമേ ആകുന്നുളളൂവെങ്കിലും നാളെയുടെ തലമുറകളുടെ മനസ്സില്‍ നിന്ന്‍ ഈ ചിന്തയെ തുടച്ചു മാറ്റിയേ പറ്റൂ...

മനുഷ്യന്‍ ജീവനൊടുക്കുന്നത് ആ നിമിഷം തന്നെ കാണേണ്ടി വരിക എന്നത് ഏറ്റവും ദുഃഖകരമാണ്..മുറിയടച്ച് ഫാനില്‍ തൂങ്ങി മരിക്കുന്ന ഒരാളെ പുറത്ത് നിന്ന്‍ ജനല്‍ വഴി നോക്കി നില്കേണ്ടി വരുന്ന നിസ്സഹായവസ്ഥ ..

അത് പോലൊരു ആത്മഹത്യാശ്രമം സംഭവ സ്ഥലത്ത് വെച്ച് തന്നെ കാണേണ്ടി വന്നിട്ടുണ്ട് എനിക്കും.. നിസ്സഹായനായി... ഒന്നും ചെയ്യാനാകാതെ.. അവനോട് മരണത്തിലേക്ക് നടന്നടുക്കരുതേയെന്ന് പറയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു..പക്ഷെ നിമിഷങ്ങള്‍ക്കുളളില്‍ ജീവിതത്തിന്റെ അവസാന ശ്വാസം അസ്തമിക്കുന്നത് ഞാന്‍ നോക്കി നിന്നു...

ഏതോ ഒരു മുന്‍ മുഖ്യമന്ത്രി അന്തരിച്ചത് കാരണം കോളേജിനന്ന് അവധിയായിരുന്നു..പ്രതീക്ഷിക്കാതെ ലഭിക്കുന്ന ഇടവേളകള്‍ , അതാരുടെയെങ്കിലും മരണം മൂലാമാണെങ്കില്‍ പോലും , മിക്കപ്പോഴും സന്തോഷത്തിനു ഹേതുവാകാറുണ്ട്..പ്രത്യേകിച്ചും വിദ്യാഭ്യാസകാലത്ത്..

ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ഞാനന്ന്‍ സമീപത്തുള്ള ഡെന്‍റല്‍ കോളേജിലേക്ക് ചെന്നത്..അവധിയുടെ ആലസ്യത്തിലായത് കൊണ്ടാവാം ,എപ്പോഴും തിരക്കുണ്ടാകുന്ന ആ കോളേജില്‍ അന്ന്‍ അധികം രോഗികളൊന്നും ഉണ്ടായിരുന്നില്ല.. അത് കൊണ്ട് തന്നെ എന്റെ കൂട്ടുകാരന് വേഗം തന്നെ കോളേജിന് പുറത്തെത്താന്‍ കഴിഞ്ഞു ..

കോളേജിന് വെളിയില്‍ ,അവിടുത്തെ കോഫി പാര്‍ലറില്‍ ഇരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.. എട്ടൊമ്പത് നിലയുള്ള ആ കൂറ്റന്‍ കെട്ടിടത്തിനു മുകളില്‍ ഒരു യുവാവ്.. ആ കോളേജിലെ വിദ്യാര്‍ത്ഥി ആയിരിക്കാം, താഴോട്ട് നോക്കി എന്തോ നിരീക്ഷിക്കുന്നു.. ആ നില്പില്‍ എന്തോ പന്തികേട് തോന്നി എനിക്ക് ..

ഞാനപ്പോള്‍ തന്നെ സുഹൃത്തിനോട് പറഞ്ഞെങ്കിലും "ഓ , അത് അവന്‍ വെറുതെ നില്‍ക്കുകയായിരിക്കും" എന്ന മറുപടിയില്‍ അവന്‍ അത് കാര്യമാക്കിയില്ല ..താഴെ സിമന്റ് തേച്ച് മിനുക്കിയ നിലമാണ്‌.. എങ്കിലും,എന്റെ മനസ്സില്‍ അപ്പോഴും ആ പയ്യനായിരുന്നു ..

ഞാന്‍ വീണ്ടും നോക്കുമ്പോള്‍ അവനെയവിടെ കാണാനില്ലായിരുന്നു..കൂട്ടുകാരന്റെ അഭിപ്രായം ശരിയായിരിക്കാമെന്ന് എനിക്ക് തോന്നി..

അഞ്ചു മിനിട്ട് കഴിഞ്ഞു കാണും ,ഒരു അലര്‍ച്ച കേട്ടാണ്‌ മുകളിലേക്ക് നോക്കിയത്.. ഞങ്ങളെ നടുക്കിക്കൊണ്ട്, ആ പയ്യന്‍ താഴേക്ക് എടുത്തു ചാടിയിരിക്കുന്നു... ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു പോയി.. താഴെ, സിമന്റിട്ട തറയില്‍ അവന്‍ വന്നിടിക്കുമ്പോള്‍, അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി.. ആ രോദനമായ കാഴ്ച കാണാന്‍ മനസ്സു പോലും തയ്യാറല്ലാത്തത് പോലെ..

ഞങ്ങള്‍ പെട്ടെന്ന് തന്നെ അവന്റരികിലെത്തി.. പക്ഷെ അപ്പോഴേക്കും ചോരയില്‍ കുതിര്‍ന്ന ആ ശരീരത്തില്‍ നിന്ന്‍ ജീവന്റെ തുടിപ്പുകള്‍ മറഞ്ഞിരുന്നു.. എങ്കിലും ഞങ്ങളവനെ അടുത്ത ഹോസ്പിറ്റലില്‍ എത്തിച്ചു.. പക്ഷെ ആ ഡോക്ടര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.. ജീവനില്ലാത്ത ശരീരത്തില്‍ ആ ഡോക്ടര്‍ എന്ത് ചെയ്യാന്‍ ...

ഞങ്ങള്‍ രണ്ടു പേരും കൂടി അവനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു... ആ ഡെന്‍റല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു അവന്‍.. പേരു ഭാസ്കര്‍ .. മഹാരാഷ്ട്രയിലെ ഏതോ ഒരു ചെറു പട്ടണത്തില്‍ നിന്ന്‍ അവിടെ പഠിക്കാനെത്തിയതാണ്.. അടുത്തുള്ള മറ്റൊരു കോളേജില്‍ അവന്റെ സഹോദരിയുമുണ്ടായിരുന്നു ..

മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയൊന്നുമല്ലായിരുന്നുവെങ്കിലും, അവന്‍ പഠിത്തത്തില്‍ ശ്രദ്ധിച്ചിരുന്നു... അന്ന് ഒരു പരീക്ഷാ കാലമായിരുന്നു ..പരീക്ഷകള്‍ എഴുതണമെങ്കില്‍ മിനിമം എഴുപത്തഞ്ച് ശതമാനമെങ്കിലും അറ്റന്ഡന്‍സ് വേണം ..ഭാസ്കറിനു അതിലും കുറവായിരുന്നു..കൂടാതെ വിദ്യാര്‍ത്ഥികളെ പട്ടാള ചിട്ട പോലെ വളര്‍ത്തുന്ന ആ കോളേജിലെ ചുറ്റുപാടുകളും ...

"ശരിക്കും എനിക്കും മടുത്തു തുടങ്ങിട്ടുണ്ട് ഇവിടെ..ഒരു ഡോക്ടറായിട്ട് പോലും ഞങ്ങള്‍ അവരുടെ കണ്ണില്‍ അടിമകളെ പോലെയാണ് .." എന്റെ കൂട്ടുകാരന്‍ പറഞ്ഞു...

ആ നിരാശയിലായിരിക്കാം ഭാസ്കറും ആ കടുംകൈക്ക് മുതിര്‍ന്നത്.. പക്ഷെ അപ്പോഴെന്റെ മനസ്സില്‍ നിറഞ്ഞത് മറ്റൊന്നായിരുന്നു ..മരിക്കാനെത്ര മാര്‍ഗങ്ങളുണ്ട്.. എന്നിട്ടും അവന്‍ തിരഞ്ഞെടുത്തത് ഈ ക്രൂരമായ മാര്‍ഗമായിപ്പോയല്ലോ..

ആ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‍ താഴേക്ക് വീണപ്പോള്‍ അവന് എത്രമാത്രം വേദനിച്ചു കാണും..ഒരു പക്ഷെ അവന്റെ പ്രതിഷേധമായിരിക്കാം , അത് പോലൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്..ആത്മഹത്യ പാപമാണെന്നറിഞ്ഞിട്ടും, വേദനയില്ലാതെ മരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തോന്നി എനിക്ക് അവനോട് ..

കാഷ്വാലിറ്റികളില്‍ എത്തുന്ന ബഹുഭൂരിപക്ഷം കേസുകളിലും കണ്ടു വരുന്ന ഒരു പൊതു പ്രവണതയുണ്ട്.. എന്തിന്റെ പേരിലാണെങ്കിലും മരിക്കാന്‍ തീരുമാനിക്കുന്നവര്‍, ഒരു നിമിഷത്തെ അപക്വമായ ചിന്തകളാണ് മുന്നില്‍ വെക്കുന്നത്.. പരീക്ഷകളില്‍ പരാജപ്പെടുമ്പോള്‍...മാതാപിതാക്കള്‍ ശകാരിക്കുമ്പോള്‍... പ്രണയ നൈരാശ്യത്തിന് ...

പലപ്പോഴും ശ്രദ്ധിക്കാന്‍ ആരുമില്ലാത്തവരിലാണ് മരണത്തെ പുല്കാനുള്ള വെമ്പല്‍ കൂടുതലായി കണ്ടുവരുന്നത്.. തന്റെ മനസ്സിലെ സങ്കടങ്ങളോ വിഷമങ്ങളോ ആരോടും തുറന്ന്‍ പറയാത്തവര്‍ ..വിശാലമായ ഈ ലോകത്ത് അവര്‍ ഒറ്റപ്പെട്ട് ജീവിക്കുന്നു..ചെറിയ പരാജയങ്ങളില്‍ കാലിടറിപ്പോകുന്നു...ഭാസ്കറിനെ പോലെ...

ഇന്ന്‍ വിദ്യാഭ്യാസം സാര്‍വത്രികമായെങ്കിലും, അതിന്റെ പുറകിലുള്ള മാനേജുമന്റുകള്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പിഴിയുന്ന ഒരു ദുരവസ്ഥ നമുക്ക് കാണേണ്ടി വരുന്നു.. അറിഞ്ഞോ അറിയാതെയോ അധ്യാപകര്‍ കൊലപാതകികളാവുന്നു.. പ്രത്യേകിച്ചും പ്രൊഫഷനല്‍ കോളേജുകളില്‍.. ഇന്റെണല്‍ അസസ്മെന്റ് മാര്‍ക്കിന്റെയും വൈവാ വോസികളുടെയും പേരില്‍.. അടുത്ത പരീക്ഷക്ക് നിനക്ക് പാസ്സാകണമെങ്കില്‍ ഈ പരീക്ഷക്ക് നിന്നെ ഞാന്‍ തോല്പിക്കുമെന്ന്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി പറയുന്ന പ്രൊഫസര്‍മാര്‍ ..

ഭാസ്കറിന്റെ ജീവിതത്തില്‍ സംഭവിച്ചതും അതൊക്കെ തന്നെ ആയിരിക്കാം ..പണം കൊണ്ട് നിയമത്തെ കയ്യിലെടുക്കാന്‍ കഴിയുന്ന കോളേജു മാനേജുമന്റുകള്‍ക്ക് അവരെ ഭ്രാന്താന്മാരായോ മാനസിക വൈകല്യമുള്ളവരായോ ചിത്രീകരിക്കാന്‍ കഴിഞ്ഞേക്കും...പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ മുന്നില്‍ ഓച്ചാനിച്ച് നില്ക്കുന്ന കാഴ്ചകളും കാണേണ്ടി വന്നിട്ടുണ്ട്..

യുവതലമുറയോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ..നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങി വരിക..സങ്കടങ്ങള്‍ വരുമ്പോള്‍ കരയാന്‍ ശ്രമിക്കൂ.. സന്തോഷത്തില്‍ മതിമറന്ന് ആഘോഷിക്കൂ... വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്..ഒളിപ്പിച്ചു വെക്കനുളളതല്ല ..

ഈ ലോകം വിശാലമാണ്..പരീക്ഷകളിലെ ഒരു പരാജയമോ, നിങ്ങളുടെ ഹൃദയം കവര്‍ന്ന സുന്ദരി മറ്റൊരാളുടെ കൂടെ പ്രണയത്തിലാണെന്ന് അറിയുമ്പോഴോ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല.. അതിനെല്ലാം വേണ്ടി ഒരു ജീവനാണ് കളയുന്നതെങ്കില്‍ ,നിങ്ങള്‍ പമ്പര വിഢികളാണ്...

മരണത്തിലേക്ക് നടന്നടുക്കുന്നവര്‍ തനിച്ചാക്കി പോകുന്നത് ഒരുപാട് സങ്കടങ്ങളാണ്... ഇത്രയും കാലം വളര്‍ത്തിയ മാതാപിതാക്കളുടെ കണ്ണുനീര്‍.. സ്വന്തം സഹോദരിയുടെ ഏങ്ങലടികള്‍.. ഒന്നും നിങ്ങള്‍ക്ക് തിരിച്ച് കൊടുക്കാന്‍ കഴിയില്ല ...ദൈവം നല്കിയ ജീവനെ തിരിച്ചെടുക്കാന്‍ നിങ്ങള്‍ക്കവകാശമില്ല.. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല ..നിങ്ങള്‍ ധീരനാണെങ്കില്‍ ജീവിച്ച് കാണിക്കൂ.....

12 comments:

ഡോക്ടര്‍ said...

..മരിക്കാനെത്ര മാര്‍ഗങ്ങളുണ്ട്.. എന്നിട്ടും അവന്‍ തിരഞ്ഞെടുത്തത് ഈ ക്രൂരമായ മാര്‍ഗമായിപ്പോയല്ലോ.. ആ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‍ താഴേക്ക് വീണപ്പോള്‍ അവന് എത്രമാത്രം വേദനിച്ചു കാണും..ഒരു പക്ഷെ അവന്റെ പ്രതിഷേധമായിരിക്കാം , അത് പോലൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്..ആത്മഹത്യ പാപമാണെന്നറിഞ്ഞിട്ടും, വേദനയില്ലാതെ മരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തോന്നി എനിക്ക് അവനോട് ..

Sharu.... said...

വളരെ നല്ല പോസ്റ്റ്...ഇന്നതിനെ പ്രസക്തി ഏറെ ആണ്... :)

ശ്രീ said...

പോസ്റ്റ് നന്നായി, ഡോക്ടര്‍... ഈ സന്ദേശവും.
“സങ്കടങ്ങള്‍ വരുമ്പോള്‍ കരയാന്‍ ശ്രമിക്കൂ.. സന്തോഷത്തില്‍ മതിമറന്ന് ആഘോഷിക്കൂ... വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്..ഒളിപ്പിച്ചു വെക്കനുളളതല്ല”

ചിതല്‍ said...

ഞങ്ങള്‍ കോളേജ് മാഗസിനിലേക്ക് ഒരു സര്‍വേ നടത്തിയിരുന്നു. ആത്മഹത്യയെ കുറിച്ച്. അതില്‍ നിന്ന് മനസ്സിലായത് 25% കുട്ടികളും ഒരു വട്ടം ശ്രമിച്ചു എന്നതാണ്.അതില്‍ 22% ഒരുനിമിഷത്തെ മാനസിക സംഘര്‍ഷമായിരുന്നു. ബാക്കിയുള്ളവര്‍ ശരിക്കും ആഗ്രഹിച്ചു എന്ന് പറഞ്ഞു. ഇതിന്ന് ശേഷം 1 കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു.
എത്ര ഇരുട്ട് വിചാരിച്ചാലും ഒരു മെഴുക് തിരിയുടെ വെളിച്ചം കെടുത്താനാവില്ല എന്ന് അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍..
നല്ല പോസ്റ്റ്..

ബീരാന്‍ കുട്ടി said...

യുവതലമുറയോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ..നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങി വരിക..സങ്കടങ്ങള്‍ വരുമ്പോള്‍ കരയാന്‍ ശ്രമിക്കൂ.. സന്തോഷത്തില്‍ മതിമറന്ന് ആഘോഷിക്കൂ... വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്..ഒളിപ്പിച്ചു വെക്കനുളളതല്ല ..ഈ ലോകം വിശാലമാണ്..പരീക്ഷകളിലെ ഒരു പരാജയമോ, നിങ്ങളുടെ ഹൃദയം കവര്‍ന്ന സുന്ദരി മറ്റൊരാളുടെ കൂടെ പ്രണയത്തിലാണെന്ന് അറിയുമ്പോഴോ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല.. അതിനെല്ലാം വേണ്ടി ഒരു ജീവനാണ് കളയുന്നതെങ്കില്‍ ,നിങ്ങള്‍ പമ്പര വിഢികളാണ്...

konchals said...

നല്ല ഒരു സന്ദേശം സമൂഹത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍...

ഹരിത് said...

ലേഖനം വളരെ പ്രസക്തിയുള്ളതാണു. ഒരു നിമിഷത്തിലെ വിവേകശൂന്യത. അതിനെ അതിജീവിച്ചവരോട് ചോദിച്ചാല്‍ അറിയാം. ജീവിതത്തില്‍ ഒന്നു രണ്ട് തവണയെങ്കിലും ആത്മഹത്യചെയ്താലോ എന്ന തോന്നല്‍ ഇന്നു നാം കാണുന്ന പല സക്സസ്ഫുള്‍ ജീവിതം നയിക്കുന്ന ആള്‍ക്കാര്‍ക്കും ഉണ്ടായിട്ടുണ്ടാവും.

മുഹമ്മദ് ശിഹാബ് said...

നല്ല ഒരു സന്ദേശം സമൂഹത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍...

appreciated.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആത്മഹത്യയില്‍ നിന്ന് തിരിച്ചു വന്നവരുടെ കഥകളൊന്നുമില്ലേ?

kilukkampetty said...

ആദ്യമായിട്ടാണ് ഇവിടെ. നല്ല. ഒരു പോസ്റ്റ്.“നാളെയുടെ തലമുറകളുടെ മനസ്സില്‍ നിന്ന്‍ ഈ ചിന്തയെ തുടച്ചു മാറ്റിയേ പറ്റൂ
എല്ലാ പോസ്റ്റുകളും വായിച്ചിട്ട് വീണ്ടും വരാം ഇതിലെ.

സഗീറിന്റെ ബ്ലോഗുകള്‍ said...

"സമൂഹത്തിലെ യുവ തലമുറക്ക് ഒരു പ്രശ്നമുണ്ട് ..ജീവിതം മതിവരുവോളം ആഘോഷിക്കുമ്പോഴും ,വഴി മുടക്കിയായ ഒരു ചെറിയ തടസ്സത്തെ കാണുമ്പോള്‍ ജീവിതത്തില്‍ പകച്ചു പോകും..അപ്പോള്‍ ജീവിതത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും നഷ്ടപ്പെടുന്നത് പോലെ തോന്നും..ആ വെപ്രാളത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ അവരുടെ മുന്നിലുണ്ടാകുന്ന ഏക വഴി മിക്കപ്പോഴും മരണത്തിന്റെതായിരിക്കും"
വളരെ ശരിയാണിത്‌

തറവാടി said...

യുവ തലമുറയുടെ (പുതു) മാത്രം പ്രശ്നമാണോ ഇത്?
പോസിറ്റീവ് പോസ്റ്റ്.