Sunday, 24 February, 2008

ഗീതയുടെ കണ്ണുനീര്‍ ..

കണ്ണീരോട് കൂടിയാണ് ഗീത എന്ന ആ വീട്ടമ്മ എന്നെ കാണാനെത്തിയത് ..എന്റെ കണ്സള്‍ട്ടിങ് റൂമിലേക്ക് പ്രവേശിച്ചത് മുതല്‍ അവര്‍ കരഞ്ഞു കൊണ്ടേയിരുന്നു ..ഏകദേശം നാല്‍പത് വയസ്സിനടുത്ത പ്രായം ..ആഡ്യത്തം തുളുമ്പുന്ന മുഖം ..പക്ഷെ അവളുടുത്ത കോട്ടണ്‍ സാരിയില്‍ ദാരിദ്രത്തിന്റെ നിഴല്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ടായിരുന്നു ..

അടുത്തുള്ള ഒരു ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതാണ് ..ഇടത്തെ സ്തനത്തില്‍ അവിചാരിതമായി കണ്ട ഒരു മുഴ ..അത് മാത്രമേ അവര്‍ക്ക് പ്രശ്നമുണ്ടായിരുന്നുളളൂ ..രണ്ടു മാസങ്ങള്‍ക്ക് മുമ്പെ ശ്രദ്ധിച്ചിരിരുന്നെന്കിലും വേദനയോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തത് കാരണം ഗീത ഒരു ഡോക്ടറെയും കാണിച്ചിരുന്നില്ല ..സ്വന്തം വീട്ടുകാരോടു പോലും പറഞ്ഞതുമില്ല ..

പക്ഷെ ദിവസം കഴിയുംതോറും മുഴയുടെ വലിപ്പം കൂടുന്നുണ്ടോ എന്നൊരു സംശയം ..അവള്‍ അത് തന്റെ ഭര്‍ത്താവിനോട് പറഞ്ഞു ..ഇത്രയും കാലം ഒളിപ്പിച്ചു വെച്ചതിനു അയാള്‍ ശകാരിച്ചുവേന്കിലും പിറ്റേന്നു തന്നെ ഒരു ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചു ..മുഴ കണ്ടപ്പോള്‍ തന്നെ അര്‍ബുദമാണോ എന്ന് സംശയം തോന്നിയത് കൊണ്ടാവാം ആ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് ..ഞാന്‍ ഗീതയെ വിശദമായി പരിശോധിച്ചു ..ഇടത്തെ സ്തനത്തില്‍ ഏകദേശം എട്ടു സെ . മീ വലിപ്പം വരുന്ന ഒരു മുഴ ..പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു ..ഇത്ര വലുതായിട്ടും അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെക്കൊന്നും വ്യാപിച്ചിരുന്നില്ല ..സാധാരണ സ്തനാര്‍ബുദം പെട്ടെന്ന് തന്നെ കക്ഷത്തിലേക്കും അവിടെ നിന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാറാണ് പതിവ് ..

സ്തനാര്‍ബുദം പെട്ടെന്ന് തന്നെ ലിംഫ് ഗ്രന്ധി വഴി കക്ഷത്തിലെ ലിംഫ് നോഡുകളിലെക്കു വ്യാപിക്കും ..അവിടെ നിന്നു ശരീരത്തിന്റെ ഏത് ഭാഗത്തേക്കും പ്രത്യേകിച്ച് ശ്വാസകോശം, കരള്‍ എന്നിവയെ അര്‍ബുദത്തിന്റെ കോശങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങും ..അത് കൊണ്ട് തന്നെ രോഗം കൃത്യമായി കണ്ടെത്തി ചികിത്സിക്കുന്നതിലാണ് ഒരു ഡോക്ടറുടെ വിജയം ..

പരിശോധന പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ ഗീത തന്റെ ജീവിതത്തെ പറ്റി പറയാന്‍ തുടങ്ങിയിരുന്നു ..ഒരു ദരിദ്ര കുടുംബത്തിലെ മൂത്ത മകളായിരുന്നു ഗീത ..അത് കൊണ്ട് തന്നെ ചെറുപ്പം തൊട്ടേ ആ വീടിന്റെ ഭാരം അവളുടെ ചുമലിലുണ്ടായിരുന്നു ..അനിയന്മാരെയും അനിയത്തിമാരെയും ജീവിതത്തിന്റെ ഒരു കരക്ക്‌ അടുപിച്ചപ്പോഴേക്കും വിവാഹ പ്രായമെല്ലാം കഴിഞ്ഞിരുന്നു ..

വളരെ വൈകിയാണെന്കിലും ഗീതയുടെ ജീവിതത്തിലേക്കും ഒരു പുരുഷന്‍ കടന്നു വന്നു ..സോമന്‍ ..സോമന്റെ ആദ്യ ഭാര്യ പ്രസവാനന്തരം അമിത രക്ത സ്രാവം മൂലം മരണമടയുകയായിരുന്നു ...തന്റെ ചോരകുഞ്ഞിനെ നോക്കാന്‍ സോമനു വേറെ വിവാഹം കഴിക്കുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല ..

വളര പ്രതീക്ഷകളോട് കൂടിയാണ് ഗീത സോമന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ..സോമനും നല്ലവനായിരുന്നു ..അവരുടെ ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് കാന്‍സറിന്റെ നിഴല്‍ അവരുടെ ജീവിതത്തിലേക്ക് പതിയുന്നത് ..

സാര്‍ എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ ??? ചെറുപ്പം തൊട്ടേ ഞാനെന്നും
പ്രശ്നങ്ങള്‍ക്ക് നടുവിലായിരുന്നു ..


വാചകം പൂര്‍്ത്തിയാക്കാന്‍ കഴിഞ്ഞില്ല ഗീതക്ക് ..കണ്ണീര്‍ കവിള്‍്തടത്തിലൂടെ ഒഴുകുന്നുണ്ടായിരുന്നു ..അവളുടെ ഏങ്ങലടികള്‍ എന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ..
ഞാന്‍ ഗീതയെ ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെക്ക് റഫര്‍ ചെയ്തു ..എന്റെ മുന്നിലെ കസേരയില്‍ നിന്ന്‍ ആ സ്ത്രീ എണീക്കുമ്പോള്‍ തോരാതെ പെയ്യുന്ന കണ്ണൂനീര്‍ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു ..

വൈകീട്ട് റൌണ്ട്സ് കഴിഞ്ഞ ശേഷം ഞാന്‍ ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെക്ക് ചെന്നു ..ഗീതയുടെ കേസ് ഹിസ്ടരി വെറുതേ മറിച്ച് നോക്കി ..രോഗം സ്തനാര്‍ബുദമാണന്നു സ്ഥിരീകരികുന്ന റിപ്പോര്‍ട്ടും അതിലുണ്ടായിരുന്നു ..പക്ഷെ ക്ലിനിക്കല്‍ പരിശോധനയില്‍ തെളിയാത്തത് ലിംഫ് നോട് ബയോപ്സിയില്‍ കാണാനുണ്ടായിരുന്നു ...അര്‍ബുദം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു ...

ദൈവമേ പ്രശ്നങ്ങളൊന്നും ഉണ്ടാവരുതേ എന്ന് ഞാന്‍ ഗീതക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു ..
എല്ലാ ഡോക്ടര്‍മാരും തിരിച്ചറിയുന്നു ...ദൈവമാണ് മഹാ വൈദ്യന്‍ ..പ്രതീക്ഷകളില്ലാത്ത പല കേസുകളും സുഖപ്പെട്ടു സന്തോഷത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് പോകുന്നത് നോക്കി നില്കേണ്ടി വന്നിട്ടുണ്ട് ... നേര്‍ വിപരീതമായി ചെറിയ പനിയുമായി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് കൂപ്പു കുത്തുന്ന ദാരുണമായ കാഴ്ചയും കാണേണ്ടി വന്നിട്ടുണ്ട്...

അടിയന്തിരമായി ഗീതക്ക് സര്‍ജറി നിര്‍ദേശിച്ചു ..അപ്പോഴേക്കും അവളുടെ ഭര്‍ത്താവും അവിടെയെത്തിയിരുന്നു ...

സാര്‍ ഇവളെയെങ്കിലും എനിക്ക് തിരിച്ച് തരണം ..എനിക്ക് ഇനി വയ്യ ഡോക്ടര്‍ ..ഒരു മധ്യ വയസ്കന്റെ യാതൊരു പക്വതയും ആ സമയത്ത് അയാളില്‍ കാണാന്‍ കഴിഞ്ഞില്ല ..

രണ്ടു മൂന്നു ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി ..രോഗികളുടെ തിരക്ക് കാരണം ആ ദിവസങ്ങളിലൊന്നും എനിക്ക് ഓന്‍കോളജി ഡിപ്പാര്‍ട്ട്മെന്റിലെക്ക് പോകാന്‍ കഴിഞ്ഞില്ല ..
വീണ്ടും ഞാന്‍ വാര്‍ഡിലെത്തുമ്പോള്‍, ഗീത എന്നെ നോക്കി പുന്‍ചിരിക്കുന്നുണ്ടായിരുന്നു ..
സാര്‍ ....അവളെന്തോ എന്നോട് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു ..പിന്നീടെന്തോ , ഒന്നും വേണ്ടാ എന്ന തോന്നലില്‍ അവള്‍ തന്റെ വാക്കുകള്‍ തിരിച്ചെടുത്തു ..

അവളുടെ ഇടത്തെ സ്തനം പൂര്‍ണമായും എടുത്തു മാറ്റിയിരുന്നു ..അര്‍ബുദത്തിന്റെ കോശങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാന്‍ ..വില കൂടിയ മരുന്നുകള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല ..ഞാനും എനിക്ക് കഴിയുന്ന രീതിയില്‍ അവരെ സഹായിക്കുന്നുണ്ടായിരുന്നു ..അവരൊന്നും ആവശ്യപെട്ടില്ലെന്കില്‍ പോലും ...

ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ നേരം അവരെന്നെ കാണാന്‍ വന്നു ..സോമന്റെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം കാണാന്‍ കഴിയുന്നുണ്ടായിരുന്നു ..ആശുപത്രികള്‍ ഒരു പേടി സ്വപ്നമായ അയാള്‍ക്ക് ഇത്തിരിയെന്കിലും ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവല്ലോ ... എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ..ഗീതയുട കണ്ണീര്‍ കലരാത്ത ഭംഗിയുള്ള കണ്ണുകള്‍ ആദ്യമായി ഞാനന്ന് കണ്ടു ..ആ കണ്ണുകളില്‍ നന്ദിയുടെ നൂറു നൂറു വാക്കുകളുണ്ടായിരുന്നു ..ആ മുഖത്ത് ദൈവത്തിനോട് പറയാന്‍ ഒരായിരം കാര്യങ്ങളുണ്ടായിരുന്നു ..ആ നിമിഷം ദൈവം അവരെ അനുഗ്രഹിക്കുന്നുണ്ടായിരിക്കാം ....

18 comments:

ഡോക്ടര്‍ said...

ഗീതയുടെ കണ്ണുനീര്‍ ..
ജീവിതത്തിനും മരണത്തിനുമിടയില്‍ ജീവിതത്തിനു വേണ്ടി കൊതിച്ച ഒരു സ്ത്രീ ...നന്മകള്‍ മാത്രം ആഗ്രഹിച്ച അവരുടെ ജീവിതത്തില്‍ സംഭവിച്ചത് ...

വഴി പോക്കന്‍.. said...

അതെ ദൈവം അനുഗ്രഹിക്കട്ടെ അവരെ..:)

വേഡ് വെരിഫിക്കെഷന്‍ ഒന്നു മാറ്റുമൊ?

Sharu.... said...

അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.... ഈശ്വരന്റെ അനുഗ്രഹം എന്നും അവരുടെ കൂടെ ഉണ്ടായിരിക്കട്ടെ!!

ചിതല്‍ said...

ഞണ്ടാണ്‌ അര്‍ബുദ്ദം എന്നറിയാം...
ആദ്യമേ അറിയാന്‍ യാതൊരു ചാന്‍സും ഇല്ലേ... ഇല്ല എന്നും അറിയാം...
എന്നാലും...

ബഷീര്‍ വെള്ളറക്കാട്‌ said...

അര്‍ബുദം .. മാരകമായ അസുഖം തന്നെ.. പക്ഷെ എല്ലാ രോഗങ്ങള്‍ ക്കും അത്യന്തികമായ ശമനം തരാന്‍ ജഗന്നിയന്താവിനു കഴിവുണ്ടല്ലോ.. അവന്റെ കഴിവില്‍ വിശ്വസമര്‍പ്പിച്ച്‌ അവന്‍ കാണിച്ചുതന്ന മാര്‍ഗങ്ങളായ മരുന്നുകളിലൂടെ അതിലുപരി ആത്മാര്‍ത്ഥമായ സ്നേഹത്തിലൂടെ ഏത്‌ അര്‍ബുദത്തെയും നമുക്ക്‌ തോല്‍പിക്കാം.. രോഗിക്ക്‌ വേണ്ടത്‌ മരുന്നുകളെക്കാള്‍ കൂടുതല്‍ ആത്മമിത്രങ്ങളുടെ അകമഴിഞ്ഞ സ്നേഹമാണു.. ആ കരുത്തില്‍ മനസ്സു തളരാതെ ശരീരത്തെ ബാധിച്ച അര്‍ബുദത്തെ തോല്‍പിക്കന്‍ കഴിയുമെന്നാണു എന്റെ വിശ്വാസം..

വല്ലാത്ത ഒരു അവസ്ഥ തന്നെ.. ആര്‍ക്കും വരാതിരിക്കട്ടെ..

ഡോക്റ്ററുടെ നന്മ നിറഞ്ഞ മനസ്സ്‌ കാണുന്നു

ഡോക്ടര്‍ said...

നിങ്ങളുടെ പ്രാര്‍ത്ഥന ഗീതക്ക് താങ്ങാവട്ടെ ....ആ മഹാ വൈദ്യന്റെ കാരുണൃതിനായി നമുക്ക് പ്രതീക്ഷിക്കാം ....

സ്നേഹതീരം said...

മനസ്സിലെ ഈ നന്‍‌മ ഒരിക്കലും കൈവിട്ടുകളയല്ലേ...
എല്ലാ സന്തോഷങ്ങളും, ഐശ്വര്യങ്ങളും നേരുന്നു.

Hari said...

കൊള്ളാം നന്നായിട്ടുണ്ട്. അനുഭവങ്ങളുണ്ടാകുമ്പോഴേ എഴുതുന്നതിലും കഴമ്പുണ്ടാകൂ. ഒരു ഡോക്ടര്‍ക്ക്‌ എന്തായാലും അതിനു പഞ്ഞം ഉണ്ടാകില്ല. സമയം കണ്ടെത്തണം. This is first time I writing a comment to a Blog. Go ahead. എല്ലാ ഭാവുകങ്ങളും.

ശ്രീ said...

ഡോക്ടര്‍...
മറ്റൊരു നല്ല അനുഭവകഥ കൂടി. ആ നല്ല മനസ്സ് എന്നെന്നും നില നിര്‍ത്താനാകട്ടെ.
:)

അപ്പു said...

ശ്രീ പറഞ്ഞാണ് ഇവിടെയെത്തിയത്. അതെ ഡോക്ടര്‍, ദൈവം അവരെ കാത്തുകൊള്ളട്ടെ.

ഡോക്ടര്‍ said...

പലപ്പോഴും ഒരു ഡോക്ടര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല ...രോഗികള്‍ ആഗ്രഹികുന്നത് ഒരു തലോടലും ഇത്തിരി ആശ്വാസവുമാണ് ....പലപ്പോഴും ഈ ആവശ്യം തിരിച്ചറിയപ്പെടാതെ പോകുന്നു ..അത് തിരിച്ചരിയപ്പെടുമ്പോള്‍ ഒരു നല്ല ഡോക്ടര്‍ ഉണ്ടാവുന്നു ...കമന്റ്റ് ഇട്ട അഭിപ്രായം പറഞ്ഞ എല്ലാവരോടും നന്ദി ...വഴി പോക്ക്ന്‍ ,sharu, ചിതല്‍ ,ബഷീര്‍ ,സ്നേഹ തീരം ,hari,ശ്രീ എല്ലാവര്‍ക്കും നന്ദി ....

ഡോക്ടര്‍ said...

അപ്പു ...നന്ദി ....എന്നെ പോലെ ഒരാളെ പ്രോത്സാഹിപിക്കുന്ന ശ്രീ ,ഒരുപാട് നന്ദി ....

DrWiz said...

നന്മയുടെ ആ വിളക്ക് കെടാതെ സൂക്ഷിച്ചാലും...

ഏ.ആര്‍. നജീം said...

ദൈവം നേരിട്ട് ചെയ്യാത്ത പല കാര്യങ്ങള്‍ക്കും അവന് ഭൂമിയില്‍ പകരക്കാരെ വയ്ക്കും.. നമ്മെ വളര്‍ത്തി വലുതാക്കാന്‍ അമ്മ, അത് പോലെ ഒരു ഡോക്‌ടര്‍ അത് കൊണ്ട് ഈ സംഭവം ഒരു കടമയായി കരുതുക...

ദൈവം അതിനായി താങ്കളെ അനുഗ്രഹിക്കും ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കും..

നന്ദിയോടെ,

ഹരിത് said...

നന്മനിറഞ്ഞ ഈ മനസ്സിനു ശാന്തിയും സമാധാനവും ആശംസിക്കുന്നു

ഡോക്ടര്‍ said...

നജീം ,drwiz, ഹരിത് ...നിങ്ങളുടെ അഭിനന്ദനങ്ങല്കും പ്രോത്സാഹനങ്ങല്കും നന്ദി .....

നിത്യന്‍ said...

വൈദ്യന്റെയും വൈദികന്റെയും റോള്‍ ചിലപ്പോഴെങ്കിലും ഒന്നുതന്നെയാകാറുണ്ട്‌. ഇതുപോലെ പലപ്പോഴും.

ഡോക്ടര്‍ said...

നിത്യന്‍ ..നന്ദി....