Tuesday 26 February, 2008

ഖിലാഫത്തിന്റെ സ്മരണയില്‍ ...

മൂസാക്കാക്ക് ഏകദേശം എണ്‍പത് വയസ്സിനടുത്ത പ്രായമുണ്ടായിരുന്നു ..അദ്ദേഹത്തിന് തന്റെ യഥാര്‍ത്ഥ വയസ്സൊന്നും അറിയില്ലായിരുന്നു ..പണ്ട് ഖിലാഫത്തിന്റെ സമയത്ത്‌ അദ്ദേഹത്തെയും ഒക്കത്തേറ്റി ഉമ്മ ഒളിച്ചു താമസിച്ച കഥ എന്നോട് പറഞ്ഞിരുന്നു ..അതില്‍ നിന്നായിരിക്കാം മൂസാക്കയുടെ വയസ്സ് അറ്റന്‍ഡര്‍ കുറിപ്പടിയില്‍ എഴുതിയത് ..

മൂസാക്കാക്ക് കാര്യമായ അസുഖങ്ങളൊന്നും അത് വരെ ഉണ്ടായിരുന്നില്ല ..വായയിലെ മിക്ക പല്ലുകളും അധികം കേടു കൂടാതെ ശേഷിച്ചിരുന്നു ..ചുണ്ടിലും പല്ലിലും ബീഡിയുടെ കറകള്‍ അടിഞ്ഞു കൂടിയിരുന്നുവേന്കിലും ..

ഒരു വൈകുന്നേരമാണ് അദ്ദേഹം എന്റെ ഓ.പി യില്‍ വന്നത്........കണ്ട പാടെ തന്നെ , പണ്ടെന്നോ പരിചയമുള്ളത് പോലെ സംസാരിക്കാന്‍ തുടങ്ങി ..യാതൊരു അപരിചിതത്തവും തോന്നിയിരുന്നില്ല ..

ന്റെ മാനേ ..കൊരചീസായി ഇച്ച് ഭയന്കര സീനോം കേതപ്പും ..സാസോം കിട്നില്ല ..ഇജോന്ന്‍ നോക്കിയെന്നെ ..

തനി മലപ്പുറം ശൈലിയില്‍ അദ്ദേഹമെന്നോട് സംസാരിക്കാന്‍ തുടങ്ങി ..ആദ്യം ഞാന്‍ കരുതി ,അസുഖം പ്രായത്തിന്റെ അവശതയായിരിക്കുമെന്നു ..പക്ഷെ കൂടുതല്‍ പരോശോധിച്ചപ്പോള്‍ എനിക്കൊരു സംശയം ..ഹൃദയ താളങ്ങള്‍ ക്രമം തെറ്റുന്നുവോ ..സ്റെതസ്കൊപിലൂടെ താള ക്രമത്തിന്റെ ആദ്യ സൂചനകള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു ..നാഡി മിടിപ്പില്‍ രക്താതിസമ്മര്‍ദത്തിനെറ സൂചനകളുണ്ടായിരുന്നു ..ഹൃദയ രക്ത ധമനികളില്‍ ഏതെങ്കിലും ഒന്നില്‍ രക്തം കട്ട പിടിച്ചതാവാം ..അത് രക്തത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നില്കുന്നുവോ ???

കൂടുതല്‍ വിശദമായ പരിശോധനക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തെ അഡ്മിട്ട് ചെയ്തു ..വൈകുന്നേരം വാര്‍ഡിലെ റൌണ്ട്സിനു ചെല്ലുമ്പോള്‍ എന്റെ കയ്യില്‍ വിശദമായ ലാബ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു ..ആ റിപ്പോര്‍ട്ട് എന്റെ സംശയങ്ങളെ അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ..രക്ത ധമനിയില്‍ തടസ്സം ..ആ സമയം അയാളുടെ കൂടെ അദ്ദേഹത്തിന്റെ മകന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ ..ഹൃദയം പതിയെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാത്തിരിക്കുകയാണ് ..

ഈ മനുഷ്യനോട് ഞാനതെങ്ങനെ പറയും ..ജീവിതത്തിന്റെ സായം സന്ധൃയില്‍ ,എല്ലാ ഭാരങ്ങളും ചുമലില്‍ നിന്ന്‍ ഇറക്കി വെക്കേണ്ട ഈ സമയത്ത് , ഈ ഭാരവും കൂടി ..എനിക്കെന്തോ വല്ലായ്മ തോന്നി ..ചിലപ്പോ ഞാനത് പറയുന്ന ഷോക്കില്‍ തന്നെ ജീവിതം തീര്‍ന്നെക്കാം ..

ഞാന്‍ അദ്ദേഹത്തിന്റെ ബെഡിന്നരികില്‍ ഇരുന്നു ..അപ്പോഴും ആ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..ജീവിതത്തിലെ വിജയ പരാജയങ്ങള്‍ അറിഞ്ഞ ആ മനസ്സ് ..സ്നേഹത്തിന്റെ പ്രതീകങ്ങളായി മക്കളെയും പേരമക്കളെയും അവരുടെ മക്കളെയും താലോലിച്ച കൈകള്‍ ..

ലാകട്ടരെ ങ്ങക്ക് ഖിലാഫത് അറിയ്യോ ???

മൂസാക്ക ജീവിതത്തിന്റെ കെട്ടഴിക്കാന്‍ തുടങ്ങുകയായിരുന്നു ..വാര്‍ഡിലെ അവസാന പേഷൃന്‍റ് ആയത് കൊണ്ടും ,വലിയ തിരക്കൊന്നുമില്ലാതത് കൊണ്ടും ഞാന്‍ ആ ജീവിതത്തിന് വേണ്ടി കാതോര്‍ത്തു ..അദ്ദേഹം പറയാന്‍ തുടങ്ങി ..ഖിലാഫത് സമരത്തെ കുറിച്ച് ..സ്വാതന്ത്രത്തിനു വേണ്ടി പട പൊരുതിയതിനെ കുറിച്ച് ..

ഖിലാഫത്ത് സമരം നടക്കുമ്പോള്‍ മൂസാക്ക ഒരു കൈകുഞ്ഞായിരുന്നു ..അദ്ദേഹത്തിന്റെ പിതാവ് ഒരു നാട്ടു പ്രമാണിയും ബ്രിട്ടീഷ് വിരോധിയുമായിരുന്നു ..അന്ന് ,പിതാവിനെ ബ്രിട്ടീഷുകാര്‍ പിടിച്ച് കൊണ്ട് പോയി ജയിലിലടച്ചപ്പോള്‍ ,മൂസാക്കാന്റെ ഉമ്മാക്ക് വേറെ വഴിയുണ്ടായിരുന്നില്ല ..വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ ബ്രിട്ടീഷ് പട്ടാളം അനുവദിച്ചില്ല ..കുന്നും മലകളും മറയാക്കി അവര്‍ തന്റെയും തന്റെ കുഞ്ഞിന്റെയും ജീവിതം രക്ഷപ്പെടുത്തി ..

കൌമരത്തിലേക്ക് കടന്നപ്പോള്‍ തന്നെ ഉമ്മയും തന്നെ വിട്ടുപോയെന്നു പറയുമ്പോള്‍ ആ കണ്ണുകളില്‍ നിന്നു ഒരു തുള്ളി കണ്ണ് നീര്‍ അടര്‍ന്നു വീണു ..എങ്കിലും ജീവിതത്തോട് തോല്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല ..തന്റെ പിതാവിന്റെ ജീവനെടുത്ത ബ്രിട്ടീഷ് പട്ടളത്തോട് അടക്കാനാവാത്ത പ്രതികാരം ജ്വലിച്ചു കൊണ്ടിരുന്നു ..

ജന്മിയുടെ കൃഷിയിടങ്ങളില്‍ ചോര നീരാക്കി പണിയെടുത്ത് ജീവിതം മുന്നോട്ട് പോകുമ്പോഴാണ് സ്വാതന്ത്ര സമരത്തിന്റെ തീ ചൂളയിലേക്ക് നടന്നടുത്തത് ..മഹാത്മാ ഗാന്ധിയെ തന്റെ കണ്ണുകള്‍ കൊണ്ട് കണ്ടത് വിവരിക്കുമ്പോള്‍ എനിക്കും ഒരുല്കിടിലമുണ്ടായി ..രാജ്യത്തിന് വേണ്ടി സമരം ചെയ്ത ധീര യോദ്ധാക്കളുടെ ജീവിതം ആ മനുഷ്യന്‍ പറയുമ്പോള്‍ ,തന്റെ അസുഖത്തിന്റെ യാതൊരു ലക്ഷണവും ഞാനയാളില്‍ കണ്ടില്ല ..എങ്കിലും, ഒരുപാട് സംസാരിച്ചത് കൊണ്ടാവാം ,അയാള്‍ ചുമക്കാന്‍ തുടങ്ങിയിരുന്നു ..എന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു മുന്നില്‍ ,കഥകള്‍ പിന്നീട് പറയാമെന്നു അയാള്‍ സമ്മതിച്ചു ..

വാര്‍ഡ് വിട്ട പോകാന്‍ നേരം ഞാന്‍ അദ്ദേഹത്തിന്റെ മകനെ റൂമിലേക്ക് വിളിപ്പിച്ചു ..യഥാര്‍ത്ഥ അവസ്ഥയും ചികിത്സാ രീതികളെ കുറിച്ചും ഞാനയാളെ പറഞ്ഞ് മനസ്സിലാക്കി ..പക്ഷെ ഈ വാര്‍ധക്യത്തിന്റെ അവശതയില്‍ ചികിത്സയുടെ പുരോഗതിയെ കുറിച്ച് എനിക്ക് ആശന്കയുണ്ടായിരുന്നു ..ഒന്നും പറയാതെ അയാള്‍ എന്റെ മുന്നില്‍ നിന്നു എണീറ്റു പുറത്തേക്ക് പോയി ..കാരണം എനിക്ക് ഊഹിക്കാനാകുമായിരുന്നു ..സാമ്പത്തിക ഞെരുക്കം കാരണം പല രോഗികളുടെ ബന്ധുക്കളും ഇങ്ങനെ ഇറങ്ങി പോകുന്നത് ഞാന്‍ നോക്കി നില്കേണ്ടി വന്നിട്ടുണ്ട് ..അല്ലെങ്കിലും മെഡിക്കല്‍ കോളേജിലെ ഭൂരിഭാഗം രോഗികളും പാവപ്പെട്ടവരാണല്ലോ ..

പിറ്റേന്നു ഞാന്‍ റൌണ്ട്സിനു ചെല്ലുമ്പോള്‍ മൂസാക്ക ബെഡില്‍ ഇരിക്കുകയായിരുന്നു ..രോഗം കുറച്ച് ഭേദപ്പെട്ടത് പോലെ ..

മാനേ ..ന്റെര്ത് ബല്യ പൈസോന്നും ഇട്ക്കാനില്ല ..ബല്യ കൊനക്കൊടൊക്കെ ആണേല്‍ മ്മക്ക് പിന്നെത്തെം കാട്ടാം ..പ്പം മ്മല്‍ പെരെക്കോട്ടേ ...

ഡിസ്ചാര്‍ജ് ചെയ്യാന്‍ വേണ്ടി അയാള്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു ..ആ മകന്‍ എല്ലാം അയാളോട് തുറന്ന പറഞ്ഞിട്ടുണ്ടാവുമെന്നു ഞാന്‍ ഊഹുച്ചു ..അല്ലെങ്കിലും ഒന്നും മറച്ചു വെക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് എനിക്കും തോന്നി ..ഞാന്‍ ഡിസ്ചാര്‍ജ് ഷീറ്റ് എഴുതി കൊടുത്തു ..

മൂന്നു നാല്‌ ദിവസങ്ങള്‍ കഴിഞ്ഞു കാണും ..ഏകദേശം രാത്രി രണ്ടു മണിക്ക് ,ഫോണിന്റെ ശബ്ദം കേട്ടാണ്‌ ഞാനുനര്‍ന്നത് ..

സാര്‍ .,ഹോസ്പിറ്റലീന്നാ ..എത്രെയും പെട്ടെന്ന് ഇവിടെ വരെ ഒന്നു വരണം ..ഒരു രോഗിയെ കൊണ്ടു വന്നിട്ടുണ്ട് ..സാറിനെ തന്നെ കാണണമെന്നു പറയുന്നു ..ഒരു മൂസ ..

ഹോസ്പിറ്റലില്‍ നിന്ന ഡ്യൂട്ടി നഴ്സിന്റെ വിളിയാണ് ..

എന്റെ മനസ്സില്‍ പെട്ടെന്ന് തന്നെ ആ മുഖം തെളിഞ്ഞു ..ഞാന്‍ വേഗം തന്നെ ഹോസ്പിററലിലെത്തി ...പക്ഷെ അപ്പോഴേക്കും ആ ജീവന്റെ അവസാന ശ്വാസവും കഴിഞ്ഞിരിന്നു ..

എന്നെ അവസാനമായി കാണാന്‍ ആഗ്രഹിച്ച ആ മനുഷ്യന്റെ അടഞ്ഞ കണ്ണുകള്‍ ..പറഞ്ഞു തീരാതെ പോയ പഴയ കാലത്തിന്റെ ഓര്‍മകള്‍ ..ഗാന്ധിയുടെയും നെഹ്രുവിന്റെയും ധീരോജ്ജലമായ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ ..പറയാതെ ,തീര്‍ത്ത് പറയാതെ മൂസാക്ക ജീവിതത്തോട് വിട പറഞ്ഞു ..എന്റെ കയ്യില്‍ നിന്നു എന്തോ ഊര്‍ന്നിറങ്ങിയത് പോലെ ..

14 comments:

ഡോക്ടര്‍ said...

കഴിഞ്ഞു പോയ ഒരു നല്ല കാലഘട്ടത്തിന്റെ ഓര്‍മയുമായി മൂസാക്ക ..സ്വാതന്ത്രത്തിനു വേണ്ടി ദാഹിച്ച ഒരു തലമുറയുടെ വികാര വിക്ഷോഭങ്ങള്‍ ..മരണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പെ എന്നെ തേടിയെത്തിയ ആ നല്ല മനുഷ്യന്റെ ഓര്‍മകളിലൂടെ ..

Rasheed Chalil said...

ഒരു വര്‍ഷം മുമ്പ് തിരുവന്തപുരം ആര്‍ സി സിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. സ്വന്തം ആരോഗ്യത്തിന്റെ മൂല്യം ബോധ്യപ്പെടുത്തുന്ന സ്ഥലം. പിന്നെ വേരറ്റ മനുഷ്യന്റെ മോഹങ്ങളും സ്വപ്നങ്ങളും പറ്റിപ്പിടിച്ച ചുമരുകളും.

ഓര്‍മ്മകളില്‍ ഒരിക്കലും മറക്കാനാവത്ത മുഖങ്ങള്‍... മൂസ്സാക്കയെ പോലെ തന്നെ പറര്‍ഞ്ഞ് തീരത്ത വിശേഷങ്ങളുമായി എനിക്കും ഒരു കൂട്ടുക്കാരെനെ കിട്ടിയിരുന്നു അവിടെ വെച്ച്... ഞാന്‍ യാത്രപറയുമ്പോള്‍ അടക്കിപിടിച്ച് തേങ്ങിയ ആ ഇരുപത്തി അഞ്ചുകാരനെ ഒരിക്കലും മറക്കാന്‍ കഴിയില്ല.

താങ്കളുടെ പോസ്റ്റ് ഒരു പാട് ഓര്‍മ്മകളിലേക്ക് വീണ്ടും കൊണ്ട് പോയി.

ഡോക്ടര്‍ said...

ഇത്തിരി വെട്ടം പറഞ്ഞത് പോലെ ,മനുഷ്യന്‍ തന്റെ ജീവന്റെ മൂല്യം മനസ്സിലാക്കുന്നത് ആതുരാലയംങളില്‍ നിന്നാണ് ..എല്ലാറ്റിനും മുകളില്‍ തന്റെ ജീവനാനെന്ന്‍ മനസ്സിലാവുന്ന നിമിഷം ..അഹന്തയുടെയും അഹങ്കാരത്തിന്റെയും മുഖമില്ലാതെ ...ജീവിതം മനുഷ്യന്‍ എന്നും ഇഷ്ടപ്പെടുന്നു ...

drshaart said...

ദൊക്റ്റ്രെ.....
ഇജ്ജ് ഒരു പുലി തന്നെയാനെല്ലൊ...
എതാ സ്റ്റൊരി....

ഇസാദ്‌ said...

നന്നായി ഡോക്ടറ്. നല്ല വിവരണം.
ഡോക്റ്ററ്മ്മാര്‍ക്കിടയില്‍ ഇങ്ങനെ എഴുതാന്‍ കഴിവുള്ളവരെ ഇതാദ്യമായിട്ടാണ്‌ കാണുന്നത്.

അനുഭവങ്ങളൊക്കെ ഇവിടെ കുറിച്ചാട്ടെ. എല്ലാ ആശംസകളും.

ഡോക്ടര്‍ said...

ശരത്, ഇസാദ് നന്ദി ......

Anonymous said...
This comment has been removed by a blog administrator.
Anonymous said...

നല്ല ചിന്തകള്‍..ഒരു വൈദ്യന്റെ ജീവ്വിതത്തിലെ നല്ല വിവരനം....

ഡോക്ടര്‍ said...

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി ...അഭിപ്രായം പറഞ്ഞ എന്റെ പ്രിയ സുഹൃത്തുക്കളെ നന്ദി ...ഒരുപാട് ......

ഡോക്ടര്‍ said...

പറയാതെ പോയ anony....നിനക്ക് നന്ദി ...ഇനിയും ഈ വഴിയൊക്കെ വരണേ ...

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നെഞ്ചില്‍ ഒരു കനല്‍ തീര്‍ത്തുകൊണ്ട്‌ അവസാനിച്ച ഈ ഡോക്ടര്‍ കഥയില്‍ പാര്‍ശ്വവല്‍ക്കരണത്തിന്റെ ചരിത്രമെഴുത്തുകാര്‍ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞ ഒരു സമുദയത്തിന്റെ പ്രതിനിധിയുടെ നെടുവീര്‍പ്പുകളുണ്ട്‌. ഇങ്ങിനെയും ചില ജീവിതങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഓര്‍മ്മ പെടുത്തിയതിന്‌ നന്ദി.

രാഗേഷ് said...

താങ്കള്‍ ഒറിജിനല്‍ ഡോക്റ്ററോ അതോ വ്യാജനോ

ഡോക്ടര്‍ said...

എന്താ രാഗേഷേ ..ഒരു സംശയം ...ഇനി ഇവിടെയും മെഡിക്കല്‍ കൌണ്‍സിലിന്റെ സര്‍ടിഫിക്കററ് ഹാജാരാക്കണോ ????അഞ്ചര കൊല്ലം പഠിച്ചിട്ട തന്നെ നമ്മള്‍ ഈ വഴിക്ക് ഇറങ്ങിയത് ...

ഡോക്ടര്‍ said...

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ ....
താന്കള്‍ പറഞ്ഞ പോലെ , സമൂഹം മറന്നു പോകുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ് മൂസാക്ക ...
നന്ദി ...